Kerala News
രാജനെ ചരിത്രത്തില്‍ നിന്ന് വെട്ടിക്കളയാനുള്ള നീക്കം; 'രാഗം' ഫെസ്റ്റിവല്‍ വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 22, 03:12 am
Wednesday, 22nd January 2025, 8:42 am

കോഴിക്കോട്: അടിയന്തരാവസ്ഥ കാലത്ത് ഭരണകൂട ഭീകരതയാല്‍ കൊല്ലപ്പെട്ട രാജന്റെ ഓര്‍മ്മക്കായി നടത്തിവരുന്ന ‘രാഗം’ ഫെസ്റ്റിവല്‍ വിവാദത്തില്‍. രാഗം 25ന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഫെസ്റ്റിവല്‍ നടപടികള്‍ വിവാദത്തിലായത്.

കോഴിക്കോട് മുക്കം നാഷ്ണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി (NITC) അധികൃതരാണ് വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. നിര്‍ദേശത്തെ തുടര്‍ന്ന് സംഘാടകര്‍ ഈ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ 25 വര്‍ഷമായി രാജന്റെയും അച്ഛന്‍ ഈച്ചരവാര്യരുടെയും സ്മരണയില്‍ നടത്തിപ്പോരുന്ന വാര്‍ഷികപരിപാടിയാണ് രാഗം.

പ്രസ്തുത പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ വീഡിയോ നീക്കം ചെയ്യാനുള്ള ഉത്തരവിനെതിരെ രൂക്ഷമായ വിമര്‍ശനവും നിലവില്‍ ഉയരുന്നുണ്ട്.

 

രാഗത്തെ വെറുമൊരു ആഘോഷപരിപാടിയിലേക്ക് ചുരുക്കാനും വിദ്യാര്‍ത്ഥികളെ അരാഷ്ട്രീയവത്ക്കരിക്കാനുമുള്ള നീക്കത്തിന്റെ ഗൗരവം തിരിച്ചറിയാതെ പ്രവര്‍ത്തിക്കുകയാണ് രാഗം-25 ന്റെ ഇപ്പോഴുള്ള സംഘടകരെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്റ് അസോസിയേഷന്‍ (ഡി.എസ്.എ) പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം രാജന്റെ ഓര്‍മകളോട് കൂടി രാഗം ഫെസ്റ്റിവല്‍ നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നാലെ രാജനെ വിസ്മരിച്ചുകൊണ്ട് ഫെസ്റ്റിവല്‍ നടത്തില്ലെന്ന് സംഘാടകര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഓർമിപ്പിച്ചാണ് രാഗം-25ന്റെ സംഘാടകരെ ഡി.എസ്.എ വിമര്‍ശിച്ചത്.

അടിയന്തരാവസ്ഥകാലത്ത് കോഴിക്കോട് റീജണല്‍ എഞ്ചിനിയറിങ് കോളേജില്‍ നിന്നും പിടിച്ചുകൊണ്ടുപോകുകയും പിന്നീട് കക്കയം പൊലീസ് ക്യാമ്പില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്ത വിദ്യാര്‍ത്ഥിയാണ് രാജന്‍. മുഖ്യമന്ത്രി കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ താഴെയിറക്കിയ കേസ് കൂടിയായിരുന്നു രാജന്റെ കൊലപാതകം.

ഗായകനും എന്‍.ഐ.ടി കോളേജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായിരുന്ന രാജന്റെ പേരിലാണ് രാഗം ഫെസ്റ്റിവല്‍ നടന്നുവന്നിരുന്നത്.

Content Highlight: A move to erase Rajan from history; ‘Ragam’ festival in controversy