തിരുനെല്ലി: മാനന്തവാടി താലൂക്കിലെ തിരുനെല്ലി വില്ലേജില്‍ വയല്‍ നികത്തി കൃത്രിമ തടാകം നിര്‍മിക്കാനുള്ള നടപടിയില്‍ പ്രതിഷേധവുമായി സംയുക്ത സമിതി. വയല്‍ നികത്തി നടത്തിയ നിര്‍മാണ പ്രവര്‍ത്തനത്തിലാണ് കൊടിനാട്ടിക്കൊണ്ട് കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍, ആദിവാസി ക്ഷേമസമിതി, ഡി.വൈ.എഫ്.ഐ എന്നിവര്‍ സംയുക്തമായി പ്രതിഷേധിച്ചത്.
തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നെട്ടറ കോളനി റോഡിനോട് ചേര്‍ന്ന വയല്‍ ഭൂമിയിലാണ് അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടന്നത്.
വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ കാറ്റില്‍പ്പറത്തിയാണ് തിരുനെല്ലി ആസ്ഥാനമായുള്ള മയൂഖം ആഗ്രോ ഫാമിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. കൃത്രിമ തടാകം നിര്‍മിച്ച് നടുവിലെ ദ്വീപിലായി കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയാണ് ഇവിടെ നടക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നന്നേക്കുമായി തടയണമെന്ന് ആവശ്യപ്പെട്ട സമരസമിതി, റിസോര്‍ട്ട് മാഫിയ നിര്‍മാണ പ്രവര്‍ത്തനം നടത്തിയ ഏഴേക്കറോളം ഭൂമി പഴയസ്ഥിതിയില്‍ പുനസ്ഥാപിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭൂമിയുടെ ഒരു അതിര് കാടായതിനാല്‍ അതീവ പരിസ്ഥിതി ലോല പ്രദേശമായ ഇവിടുത്തെ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുനെല്ലി വില്ലേജ് കഴിഞ്ഞ ദിവസം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
മുന്‍പ്രളയത്തില്‍ മണ്ണിടിച്ചിലുണ്ടായ നെട്ടറ കോളനിയോട് ചേര്‍ന്നാണ് വലിയ രീതിയില്‍ മണ്ണെടുത്തത്. പഞ്ചായത്തിന്റെ യാതൊരു അനുമതിയും ഇല്ലാതെയാണ് വയല്‍ നികത്തിയത്. തൊട്ടുചേര്‍ന്നുള്ള റോഡ് നിര്‍മാണത്തെ മറയാക്കികൊണ്ട് ഏറെ ആസൂത്രിതമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
സി.പി.ഐ.എം ലോക്കല്‍ കമ്മറ്റിയംഗം പി.എന്‍.ഹരീന്ദ്രന്‍, കര്‍ഷക സംഘത്തിനായി പി.ജെ.അഗസ്റ്റിന്‍, ആദിവാസി ക്ഷേമ സമിതിയുടെ കെ.സി. ലീല, കര്‍ഷക തൊഴിലാളി യൂണിയന് വേണ്ടി പി.എന്‍. സുധാകരന്‍, ഡി.വൈ.എഫ്.ഐക്ക് വേണ്ടി അനീഷ് കെ.വി, അക്ഷയ് അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തിയ ഭൂമിയില്‍ കൊടി നാട്ടിയത്.
content highlight: A move to build a resort by constructing a lake in the field; The Joint Strike Committee held a flag-waving protest