എന്റെ ഉമ്മയ്ക്ക്… എല്ലാ ഉമ്മമാര്‍ക്കും
എന്റെ ഓര്‍മ്മയില്‍ എന്റെ രണ്ടാനച്ഛന്‍ എന്തെങ്കിലും പണിയെടുക്കുന്നത് കണ്ടിട്ടുള്ളത് ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ്. അന്നെല്ലാം പണി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോള്‍ അയാളുടെ കയ്യില്‍ ഓരോ പൊതികളുണ്ടാകുമായിരുന്നു. കപ്പ ചിപ്‌സും ലേയ്‌സും മിക്‌സ്ചറും ഐസ്‌ക്രീമും തേങ്ങാ ബാനുമെല്ലാമായിരിക്കും ഓരോ ദിവസവും. ഇയാള്‍ വരുന്ന സമയവും നോക്കി വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്ന ഉമ്മയുടെ മുഖമാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. ആ പൊതി ആരും കാണാതെ അഴിച്ചു നോക്കി അത് അടുക്കളയിലെ ഏതെങ്കിലുമൊരു കലത്തില്‍ ഒളിപ്പിച്ച ശേഷം തട്ടം വലിച്ചിട്ട് പുറത്തേക്കോടുന്ന ഉമ്മയുടെ ആ ഓട്ടം ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്.
അയാള്‍ എന്ത് കൊണ്ടുവന്നാലും 3 എണ്ണം മാത്രമേ ആ പൊതികളില്‍ ഉണ്ടാകുമായിരുന്നുള്ളൂ. അയാളുടേതായി ജനിച്ച എന്റെ രണ്ടനിയത്തിമാര്‍ക്കും അനിയനുമുള്ള 3 പൊതികള്‍. അയാള്‍ കൊണ്ടുവരുന്ന പൊതി അഴിച്ചു നോക്കി അതിലെന്താണൊ ഉള്ളത് അത് പോലൊരെണ്ണം എനിക്ക് കൂടെ വാങ്ങാനായാണ് ഉമ്മ അന്നെല്ലാം കിതച്ചോടിയിരുന്നത്. ഉമ്മ വാതില്‍ക്കല്‍ ഇല്ലെങ്കില്‍ ആ പൊതി അയാള്‍ തന്നെ പൊളിച്ച് അവര്‍ക്ക് മൂന്നു പേര്‍ക്കും എന്റെ മുന്നില്‍ വെച്ച് തന്നെ കൊടുക്കുമെന്ന് പേടിയുള്ളതിനാല്‍ ഉമ്മ കരുതലോടെ എന്നും ആ നില്‍പ്പ് തുടരുമായിരുന്നു. അന്ന് ഉമ്മ അനുഭവിച്ച വേദനയുടെ ആഴം അക്കാലത്തു തന്നെ എനിക്ക് നന്നായി മനസ്സിലായിരുന്നു.
ഇന്നോളം ഉമ്മ അനുഭവിക്കുന്ന വേദനകള്‍ ഒരുപക്ഷെ എന്നെ ഓര്‍ത്തു മാത്രമുള്ളതായിരിക്കും. അയാളെന്നോട് വിവേചനവും വെറുപ്പും കാണിക്കുമ്പോഴെല്ലാം ഉമ്മയുടെ നെഞ്ചിലെ പിടച്ചിലോര്‍ത്ത് പല വിഷമങ്ങളും ഞാന്‍ മുഖത്തു കാണിക്കാറേയില്ലായിരുന്നു.. വര്‍ഷത്തില്‍ ചെറിയ പെരുന്നാളിന് മാത്രം പുതിയ വസ്ത്രമെടുക്കാറുള്ളു ഞങ്ങള്‍. ഞാന്‍ പ്ലസ് ടുവിനു പഠിക്കുന്നത് വരെ ആ ഡ്രെസ്സുകളെല്ലാം പെരുന്നാളിന്റെ അന്ന് മാത്രമേ ഇടാന്‍ യോഗമുണ്ടായിട്ടുള്ളു എനിക്ക്. പള്ളിയില്‍ പോയി തിരിച്ചു വന്ന് ഡ്രസ്സ് അഴിച്ചു വെച്ചാല്‍ പിന്നെ അത് കാണാനുണ്ടാകില്ല. പിറ്റേ ദിവസം കത്തികൊണ്ട് വെട്ടിക്കീറിയ നിലയിലോ കത്തിച്ച നിലയിലോ അടുക്കളക്ക് പുറകു വശത്തായി അവ കിടക്കുന്നതാണ് കാണാറുള്ളത്. പെരുന്നാളിന് മാത്രം കിട്ടുന്ന പുതു വസ്ത്രങ്ങളും ചെരിപ്പുകളും നിരന്തരമായി നശിപ്പിക്കപ്പെട്ടു കൊണ്ടിരുന്നത് എന്നെ അന്നെല്ലാം ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
എന്നാല്‍ എന്റെ ഉമ്മയോ, അയാളോട് പ്രതികരിക്കാനുള്ള ശേഷിയില്ലാതെ എന്നെയും കെട്ടിപിടിച്ച് ആര്‍ത്തലറി വിളിക്കും.വീട്ടു ജോലിക്ക് പോവുമ്പോള്‍ അവിടുത്തെ കുട്ടികളിടുന്ന പഴയ ചുരിദാറോ മിഡിയോ കൊണ്ട് വന്നു ഇത് നിനക്ക് നല്ല ഭംഗിയുണ്ട, നല്ല മൊഞ്ചുണ്ട് എന്ന് പറഞ്ഞെന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കും. ഉമ്മയുടെ സന്തോഷത്തിനായി എന്നേക്കാള്‍ വലുപ്പമുള്ള ആ ഉടുപ്പുകളുമിട്ട് ഞാന്‍ കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും നടക്കും.
കല്യാണ വീടുകളില്‍ സദ്യ വിളമ്പുന്ന ജോലിക്ക് പോയി ഞാനുണ്ടാക്കുന്ന 150 രൂപ അയാള്‍ മോഷ്ടിക്കുകയാണെന്നറിഞ്ഞിട്ടും ഓരോ വീടും കയറിയിറങ്ങി പാത്രം കഴുകിയും തുണിയലക്കിയും ഉണ്ടാക്കുന്ന പൈസയില്‍ നിന്നും ഇതാ അതിവിടെ കിടക്കുകയായിരുന്നു, അവിടെ കിടക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ച് 150 രൂപ എന്നെ എത്രയോ തവണ ഏല്‍പിപ്പിക്കുന്ന ഉമ്മയുടെ ചേര്‍ത്ത് പിടിക്കല്‍ ഞാനിപ്പോഴും അനുഭവിക്കുന്നുണ്ടുമ്മാ…
എന്നോടുള്ള പക മാറാതെ ഞാന്‍ കഴിക്കുന്ന ഭക്ഷണത്തിലേക്ക് വെള്ളം കോരി ഒഴിക്കുന്ന അയാളെ ഭയന്ന് എനിക്കുള്ള ഭക്ഷണം ആരും കാണാതെ ഉമ്മറത്തെ ഇരുട്ടത്തേക്കു കൊണ്ട് വരുന്ന എന്റെ ഉമ്മയുടെ നിസ്സഹായതയും ദൗര്‍ബല്യവും നിങ്ങള്‍ക്കൂഹിക്കാവുന്നതിലും അപ്പുറമാണ്.
ഞാനെന്തെങ്കിലും തിരിച്ചു പറയുമ്പോഴുള്ള കരണക്കുറ്റി നോക്കിയുള്ള അയാളുടെ അടിയില്‍ ഞാന്‍ ബോധംകെട്ടു വീഴുമ്പോഴെല്ലാം ഉമ്മയും ബോധം കെട്ടു വീഴാറുണ്ട്. ന്റെ ഉമ്മാ…. എന്നെ അടിക്കുന്നത് തടയാനോ എന്നോടുള്ള ഉപദ്രവങ്ങള്‍ ചോദ്യം ചെയ്യാനോ ശ്രമിച്ചാല്‍ ഉമ്മക്ക് കിട്ടാറുള്ള അടികള്‍ കണ്ട് പേടിച്ചു വിറച്ച് കട്ടിലിനടിയിലോ അലമാറക്കുള്ളിലോ കയറിയിരിക്കാറേ ഉള്ളൂ അന്ന് ഞാന്‍. ഒരിക്കല്‍ ഉമ്മയെ അയാള്‍ ചുറ്റിക കൊണ്ട് കാലിനടിക്കുന്നത് കണ്ട് കട്ടിലിനടിയില്‍ കിടന്നു മൂത്രം പോലും ഒഴിച്ചിട്ടുണ്ട് ഞാന്‍. നടക്കാനാവാതെ ഉമ്മ ദിവസങ്ങളോളം ഇരുന്നു നിരങ്ങുന്നത് കണ്ട് ഞങ്ങള്‍ മക്കള്‍ എത്രമാത്രം ദൈവത്തെ ശപിച്ചിട്ടുണ്ടെന്നോ.
അന്നുമുതലാണുമ്മാ ഞാന്‍ ദൈവത്തെ വെറുത്തു തുടങ്ങിയത്. ആ ദിവസങ്ങള്‍ ഇന്നുമെന്റെ ഉറക്കത്തിലെ പേടിപ്പിക്കുന്ന സ്വപ്നങ്ങളാണുമ്മാ. അന്നത്തെ നമ്മുടെ നിസ്സഹായതകളോര്‍ത്തു ഞാനൊരു രാത്രിയില്‍ വീട് വിട്ടു പോലീസ് സ്റ്റേഷനില്‍ പോയിരുന്നത് ഉമ്മയ്ക്കോര്‍മ്മയുണ്ടോ, അന്ന് മൂത്തുമ്മായുടെ കൂടെ ഉമ്മ വരാഞ്ഞത് നന്നായി എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. അന്നത്തെ എന്റെ ഉമ്മയെ ഞാന്‍ കാണാതിരുന്നത് തന്നെയായിരുന്നു നല്ലത്.
അതിനേക്കാളേറെ പ്ലസ് ടു മോഡല്‍ പരീക്ഷക്ക് കൃത്യം എട്ടു ദിവസം മുന്‍പ് അയാളെന്റെ എല്ലാം പാഠ പുസ്തകങ്ങളും കത്തിച്ചു കളഞ്ഞത് ഉമ്മയ്‌ക്കോര്‍മ്മയില്ലേ. ജീവിതത്തില്‍ എനിക്ക് അയാളോട് ഏറ്റവും കൂടുതല്‍ പക തോന്നിയ ദിവസമായിരുന്നു ഉമ്മ അത്. മറ്റെല്ലാം പൊറുത്തു കൊടുത്താലും അത് മാത്രം എനിക്ക് പൊറുക്കാന്‍ പറ്റുന്നില്ലല്ലോ ഉമ്മാ. അന്നും പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് എന്നത്തേയും പോലെ അയാള്‍ വീട് വിട്ടു പോയിരുന്നില്ലേ. അങ്ങനെ ഓരോ തവണയും അയാളിറങ്ങി പോകുകയോ ആത്മഹത്യാ ഭീഷണി മുഴക്കുകയോ ചെയ്യുമ്പോള്‍ ഉമ്മ അയാളോട് ഒന്നും പറയാനാവാതെ നെഞ്ചത്തടിച്ചു കരയുന്നത് ഞാനെത്രയോ കണ്ടതാണ്.
അന്നുണ്ടായ എന്റെ സംശയം തീര്‍ത്തു തന്നത് പ്ലസ് ടുവിലെ എന്റെ സുവ്രഡ് മാഷായിരുന്നു. മൂന്നു മക്കളുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് ഒരു പുരുഷന്റെ physical presence എങ്കിലും ആവശ്യമുള്ള ഒരു സമൂഹമാണ് റംസീന ഇത്, അതുകൊണ്ട് നീ ആ വീട് വിട്ടു മറ്റെങ്ങോട്ടെങ്ങിലും പോ…. തൃശ്ശൂര്‍ക്ക് ഡിഗ്രി പഠനത്തിനായി ഞാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഉമ്മയെന്നെ അത്രെയേറെ സന്തോഷത്തോടെയല്ലേ യാത്രയാക്കിയത്. ഈ നരകത്തില്‍ നിന്ന് നീ ഒന്ന് രക്ഷപ്പെടൂ എന്ന് പറഞ്ഞു അന്നെന്നെ കെട്ടിപിടിച്ചപോലുള്ള ആ ചൂട് എന്നെ ഇപ്പോഴും പൊള്ളിക്കാറുണ്ട് ഉമ്മ.
ഉമ്മാ, ഉമ്മയുടെ അന്നത്തെ നിസ്സഹായതകളോര്‍ക്കുമ്പോള്‍ ഇപ്പോഴുള്ള എനിക്ക് വല്ലാത്ത ദേഷ്യവും അമര്‍ഷവും തോന്നുന്നുണ്ട്. ഇന്നത്തെ ബുദ്ധിയോ ബോധമോ ബന്ധങ്ങളോ അന്നുണ്ടായിരുന്നെങ്കില്‍ നമുക്കയാളെ എന്നെ ഉപേക്ഷിക്കാമായിരുന്നു, ഇപ്പോഴും ഉമ്മ അയാളോട് സംസാരിക്കാരോ അയാളുടെ കൂടെ ഒരു മുറിയില്‍ കിടക്കാറോ ഇല്ലെന്നെനിക്കറിയാം. അന്ന് ചെയ്യാതിരുന്ന പലതിനെയും കുറിച്ചോര്‍ത്തു എല്ലാ നിസ്‌കാരങ്ങള്‍ക്കു ശേഷവും ഉമ്മ കരയാറുണ്ടെന്നും എനിക്കറിയാം. എന്തായാലും നമ്മുടെയൊക്കെ ജീവിതം ഇങ്ങനെയൊക്കെ ആയി പോയി ഉമ്മ. ഇനി വിഷമിച്ചിട്ടെന്തു കാര്യം.
ഇങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ടായിരിക്കാം ലോകത്തിലെ ഏറ്റവും കരുത്തുറ്റ രണ്ടു സ്ത്രീകളായി നമ്മള്‍ മാറിയത്. കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കാനുള്ള കാരണങ്ങള്‍ നമുക്കിടയിലുണ്ടായത്. ഒരു കൂട്ടുകാരിയെ പോലെ എല്ലാം തുറന്നു പറയാനുള്ള എല്ലാ ഇടങ്ങളും നമ്മുക്കിടയില്‍ നില നിര്‍ത്തുന്നത്. വേദനകള്‍ കൊണ്ട് കൂട്ടിയിണക്കപ്പെട്ട രണ്ടു സ്ത്രീകളാണുമ്മാ നമ്മള്‍. ഇനിയുള്ള ജീവിതം സന്തോഷത്തിന്റേതായിരിക്കും. നമുക്ക് നഷ്ട്ടപ്പെട്ട നല്ല നിമിഷങ്ങള്‍ നമുക്കിനിയും തിരിച്ചു പിടിക്കണം ഉമ്മാ.
എന്റെ ഉമ്മമാരെ, എന്റെ ഉമ്മയെ പോലെ നിങ്ങളോരുത്തരെയും നിസ്സഹായരാക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥയിലാണ് ഓരോ അമ്മമാരും ഇന്നും ജീവിക്കുന്നത്. മകളോട് സ്വന്തം അച്ഛനോ രണ്ടാനച്ഛനോ കുടുംബാംഗങ്ങളോ കാണിക്കുന്ന എല്ലാ തരത്തിലുമുള്ള പീഡനങ്ങളും പുറത്തു പറയാന്‍ അനുവദിക്കാത്ത ഒരു കുടുംബ- സാമൂഹ്യ ചുറ്റുപാടില്‍ തന്നെയാണ് നാമിപ്പോളുമുള്ളത്. ഞങ്ങളെ സംബന്ധിച്ചു അന്ന് ഞങ്ങള്‍ക്ക് ഒരു വിധത്തിലുമുള്ള പിന്തുണയുണ്ടായിരുന്നില്ല.
കുടുംബാംഗങ്ങളോ പള്ളി കമ്മിറ്റിയോ അയല്‍വാസികളൊ സുഹൃത്തുക്കളോ നാട്ടുകാരോ ഒന്നും ഇടപെടാന്‍ വരുമായിരുന്നില്ല. സാഹചര്യങ്ങള്‍ ഇന്ന് കുറച്ചു കൂടി ഭേദപ്പെട്ടിട്ടുണ്ട്, സമൂഹത്തിന്റെ മനസ്ഥിതി മാറിയിട്ടില്ലെങ്കില്‍ പോലും ഒരു സ്ത്രീക്ക് ഒറ്റക്കും മക്കളോടൊപ്പവും വളരെ മെച്ചപ്പെട്ട രീതിയില്‍ തന്നെ ജീവിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം നമുക്കുണ്ടാക്കാന്‍ പറ്റും. നിങ്ങളുടെ കൂടെയുള്ള ഭര്‍ത്താവിനോ പങ്കാളിക്കോ നിങ്ങളെ മനസ്സിലാക്കാനോ പിന്തുണക്കാനോ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് വെറുതെയൊരു പുരുഷന്‍. കുടംബ വ്യവസ്ഥക്ക് പുറത്തും നിങ്ങള്‍ക്ക് പ്രണയവും സൗഹൃദവും കൈ മാറാനുള്ള പുരുഷന്മാരെ കണ്ടെത്താന്‍ പറ്റുമെന്നേ. എന്റെ ഉമ്മയ്ക്ക് അങ്ങനെയൊരു കാമുകനുണ്ടായിരുന്നുവെങ്കിലെന്നു ഞാനെത്രയോ ആഗ്രഹിച്ചിട്ടുണ്ട്. ഉമ്മയൊന്ന് സന്തോഷത്തെ ചിരിച്ചു കളിച്ചിരിക്കുന്നത് കാണാന്‍ കൊതിച്ചിട്ടുണ്ട്. കുടുംബം ആയി പോയി എന്നത് കൊണ്ട് മാത്രം മക്കളെയോര്‍ത്തോ മറ്റു കെട്ടുപാടുകളെയോര്‍ത്തോ ഒന്ന് ചിരിക്കാന്‍ പോലുമാവാതെ കഴിയുന്ന ന്റെ അമ്മമാരേ…
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക