| Tuesday, 29th October 2019, 12:15 pm

'എന്റെ മകനാണോ അല്ലയോ എന്നുറപ്പിക്കാന്‍ മൃതദേഹം കാണാന്‍ അനുവദിക്കണം'; മാവോയിസ്റ്റ് വേട്ടയില്‍ കൊല്ലപ്പെട്ടതു മകനാണെന്ന ഭീതിയില്‍ പൊലീസിന് ഒരമ്മയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: അഗളിമലയിലുണ്ടായ മാവോയിസ്റ്റ് വേട്ടയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തന്റെ മകനാണെന്ന സംശയത്തില്‍ പാലക്കാട് എസ്.പിക്ക് കത്തയച്ച് തമിഴ്‌നാട് സ്വദേശിയായ സ്ത്രീ. പുതുക്കോട്ട കല്ലൂര്‍ സ്വദേശിയായ എം. മീനയാണ് എസ്.പിക്കു കത്തയച്ചിരിക്കുന്നത്.

തിങ്കളാഴ്ച നടന്ന മാവോയിസ്റ്റ് വേട്ടയില്‍ കൊല്ലപ്പെട്ട മൂന്നുപേരില്‍ ഒരാളുടെ പേര് കാര്‍ത്തിയെന്നാണ് പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടത്.

ഇത് തന്റെ മകനായ കണ്ണന്‍ എന്ന കാര്‍ത്തിക് ആണോ എന്നു ഭയപ്പെടുന്നുണ്ടെന്നും സംശയനിവാരണത്തിനായി മൃതദേഹം കാണാന്‍ അനുവദിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ: ‘28.10.2019-ന് കേരളത്തിലെ പാലക്കാടിന് അടുത്ത് ഏറ്റുമുട്ടല്‍ നടന്നതായാണ് പത്രങ്ങളില്‍ നിന്നും ചാനലുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്.

അതിലൊരാള്‍ തമിഴ്‌നാട് സ്വദേശിയായ എന്റെ മകന്‍ കണ്ണന്‍ എന്ന കാര്‍ത്തിക്കാണെന്നു ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ട് എന്റെ മകനാണോ അല്ലയോ എന്നുറപ്പിക്കാന്‍ മൃതദേഹം കാണാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.’

അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ട്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് മരണപ്പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് അവര്‍ തിരിച്ചാക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കും പരിക്കില്ല.

മഞ്ചക്കണ്ടി ആദിവാസി ഊരിനുസമീപം ഭവാനിദളത്തിലെ മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെതുടര്‍ന്നാണ് അസി. കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ ഇവിടെ തെരച്ചില്‍ നടത്തിയത്.

We use cookies to give you the best possible experience. Learn more