|

മുസ്‌ലിം പള്ളിയുടെ മിനാരത്തില്‍ ഹനുമാന്‍ക്കൊടി കെട്ടി അക്രമികള്‍; ദല്‍ഹിയിലെ അശോക് നഗറിലെ പള്ളിയിലേക്കെത്തിയത് ജയ് ശ്രീറാം വിളിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ അശോക് വിഹാറിലെ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം. ‘ജയ് ശ്രീറാം, ‘ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത്’ എന്ന് മുദ്രാവാക്യം വിളിച്ചെത്തിയ ഒരു കൂട്ടം അക്രമികള്‍ പള്ളിക്ക് തീയിടുകയും മിനാരത്തില്‍ കയറി കോളാമ്പി മൈക്ക് താഴത്തേക്കിട്ട് ഹനുമാന്‍ കൊടി കെട്ടുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മസ്ജിദ് പരിസരത്തുള്ള ഒരു ഫൂട്‌വെയര്‍ ഷോപ്പടക്കം, കടകളെല്ലാം കൊള്ളയടിക്കപ്പെട്ടു. കൊള്ളയടിക്കാനെത്തിയവര്‍ പരിസരവാസികളല്ലെന്നും പ്രദേശത്ത് താമസിക്കുന്നവരിലധികവും ഹിന്ദു കുടുംബങ്ങളില്‍പ്പെട്ടവരാണെന്നും കുറച്ച് മുസ്‌ലിം വീടുകളെയുള്ളുവെന്നും പ്രദേശവാസികള്‍ ദ വയറിനോട് പറഞ്ഞു.

പൊലീസുകാരെ അക്രമം നടക്കുമ്പോള്‍ സ്ഥലത്ത് കണ്ടില്ലെന്നും പൊലീസ് നേരത്തെ തന്നെ മുസ്ലിം സമുദായത്തിലുള്ള മനുഷ്യരെ സ്ഥലം മാറ്റിയിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

പൗരത്വ നിയമ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ മരണം ഒമ്പതായി. നാല് പേരാണ് ഇന്ന് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. ജെ.കെ 24 ന്യൂസ് റിപ്പോര്‍ട്ടര്‍ക്കാണ് വെടിയേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

നേരത്തെ എന്‍.ഡി ടി.വി റിപ്പോര്‍ട്ടര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. എന്‍.ഡി.ടി.വി എക്സിക്യൂട്ടീവ് എഡിറ്ററായ നിധി റസ്ദാനാണ് തന്റെ സഹപ്രവര്‍ത്തകര്‍ അക്രമത്തിനിരയായ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കാനാരംഭിച്ച ജനക്കൂട്ടം പിന്നീട് ഇരുവരും ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടയച്ചതെന്നും ട്വീറ്റില്‍ പറയുന്നു.


ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ