ന്യൂദല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മേലുള്ള അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനമായ ലോക്പാലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍. മാസം 50 ലക്ഷം രൂപ വാടകകൊടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആഢംബര ഹോട്ടലായ അശോകയിലെ രണ്ടാം നിലയില്‍ 12 മുറികളിലാണ് ലോക്പാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 2019 മാര്‍ച്ച് 22 മുതല്‍ ഒക്ടോബര്‍ 31വരെ ഹോട്ടലിന് വാടകയിനത്തില്‍ മൂന്ന് കോടി 85 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി ഓഫിസിനുകീഴിലുള്ള പേഴ്സണല്‍ ആന്റ് ട്രയിനിങ് വകുപ്പാണ് വാടക നിശ്ചയിച്ചത്. പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്കെതിരായ അഴിമതി പരാതികള്‍ അന്വേഷിക്കാന്‍ അധികാരമുള്ളതാണ് ലോക്പാല്‍ സംവിധാനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹിയിലെ അശോക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ശുഭം ഖട്ടാരി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലോക്പാല്‍ സെക്രട്ടറിയേറ്റ് നല്‍കിയ മറുപടിയിലാണ് വാടക സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്.
ഒക്ടോബര്‍ 31വരെ ലോക്പാല്‍ ഒരു കേസിലും അന്വേഷണം നടത്തിയിട്ടില്ലെന്നും ശുഭം ഖട്ടാരിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. ഒക്ടോബര്‍ 31വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ 1160 അഴിമതി പരാതികള്‍ ലോക്പാലിന് ലഭിച്ചു. 1000 പരാതികള്‍ ലോക്പാല്‍ ബൈഞ്ച് കേട്ടു. എന്നാല്‍ ഒരു കേസില്‍ പോലും പൂര്‍ണ്ണ അന്വേഷണമോ പ്രാഥമിക അന്വേഷണമോ നടത്തിയിട്ടില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുന്‍ സുപ്രിംകോടതി ജഡ്ജി പി.സി ഘോഷിനെ രാജ്യത്തെ ആദ്യ ലോക്പാലായി മാര്‍ച്ചിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. നാല് ജുഡീഷ്യല്‍ അംഗങ്ങളും നാല് നോണ്‍ ജുഡീഷ്യല്‍ അംഗങ്ങളുമാണ് ലോക്പാലിലുള്ളത്.