| Friday, 30th March 2018, 3:56 pm

'എനിക്ക് തെറ്റ് പറ്റി; പക്ഷെ കര്‍ണ്ണാടകയിലെ വോട്ടര്‍മാര്‍ക്ക് തെറ്റ് പറ്റില്ല': യെദ്യൂരപ്പയ്ക്ക് നേരേയുള്ള 'അഴിമതിക്കാരന്‍' പ്രയോഗത്തിന് മറുപടിയുമായി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്.യെദ്യൂരപ്പയെ അഴിമതിക്കാരന്‍ എന്നു വിളിച്ച് വിവാദമായ പ്രസംഗത്തിന് മറുപടിയുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ദിവസം കര്‍ണ്ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കവയെയാണ് പൊതുവേദിയില്‍ വച്ച് ബി.എസ്.യെദ്യൂരപ്പയെ അഴിമതിക്കാരന്‍ എന്നു വിളിച്ച് വെട്ടിലായത്.

എന്നാല്‍ തന്റെ നാവ് പിഴച്ചതില്‍ ഖേദം പ്രകടപ്പിച്ച് രംഗത്തെത്തിയിരിക്കയാണ് അമിത് ഷാ ഇപ്പോള്‍.


ALSO READ: ‘കപില്‍ സിബല്‍ കള്ളപ്പണം വെളുപ്പിച്ചു’; ഗുരുതര ആരോപണവുമായി സ്മൃതി ഇറാനി


“എനിക്ക് തെറ്റുപറ്റി. ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ഈ തെറ്റുകളൊന്നും ബാധിക്കില്ല. ഇവിടുത്തെ ജനങ്ങള്‍ എന്റെ നാവില്‍ നിന്നും വന്ന തെറ്റ് മറക്കും. അവര്‍ അത് ആവര്‍ത്തിക്കില്ലെന്നും” അമിത് ഷാ പറഞ്ഞു.

മെയ് 12 നാണ് കര്‍ണ്ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ 15 ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ച് അമിത് ഷായ്ക്ക് പറ്റിയ അബദ്ധം പ്രതിപക്ഷ കക്ഷികളടക്കം ഏറ്റെടുത്ത് പരിഹസിച്ചത്. അഴിമതിവീരന്‍മാരായ മന്ത്രിമാരെ തെരഞ്ഞെടുക്കാന്‍ മത്സരം നടത്തിയാല്‍ അതില്‍ ഒന്നാം സ്ഥാനം യെദ്യൂരപ്പയ്ക്കായിരിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാകുമെന്നാണ് പറയാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും നാവില്‍ നിന്നും അറിയാതെ യെദ്യൂരപ്പയുടെ പേര് വരികയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.


MUST READ: ‘അമിത് ഷാ ആദ്യം അദ്ദേഹം അഹിന്ദു ആണോ അല്ലയോ എന്നതില്‍ വ്യക്തത വരുത്തട്ടെ’, സിദ്ധരാമയ്യ


എന്നാല്‍ ഇതിനെതിരെ നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നുവന്നത്. നിങ്ങള്‍ക്ക് സത്യം മാത്രമേ പറയാന്‍ കഴിയുവെന്ന് ഞങ്ങള്‍ക്കറിയാം, അതില്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞാണ് കോണ്‍ഗ്രസ്സ് നേതാവു കൂടിയായ ദിവ്യ സ്പന്ദന അമിത് ഷായെ പരിഹസിച്ചത്.

We use cookies to give you the best possible experience. Learn more