ഖത്തറിലെ ലോകകപ്പ് ഫുട്ബോൾ മാമാങ്കം ആവേശകരമായി പൂർത്തിയാക്കുമ്പോൾ ഫ്രഞ്ച് പടയെ തോൽപിച്ച് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന.
അർജന്റീനയുടെ വിജയത്തിൽ നിർണായകമായത് ഗോൾകീപ്പർ എമിലിയാനോ മാർട്ടീനസിന്റെ മികച്ച പ്രകടനമായിരുന്നു. നിശ്ചിതസമയത്തും, അധികസമയത്തും, ഷൂട്ടൗട്ടിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച എമിലിയാനോയുടെ മികവിലാണ് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
എന്നാലിപ്പോൾ മത്സരത്തിന് ശേഷവുമുള്ള തന്റെ പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ് താരം.
മത്സരശേഷമുള്ള ആഘോഷങ്ങൾക്കിടയിൽ ഫ്രാൻസിന്റെ സൂപ്പർ താരം എംബാപ്പെയേ പരിഹസിച്ചാണ് താരം രംഗത്ത് വന്നിരിക്കുന്നത്. മത്സര ശേഷം അർജന്റൈൻ താരങ്ങളുടെ ഒരു ആഘോഷ വീഡിയോ പ്രചരിക്കുന്നുണ്ട്.
മത്സരത്തിന് ശേഷം കിരീടം സ്വന്തമാക്കി അർജന്റൈൻ താരങ്ങൾ ആഘോഷിക്കുന്നതിനിടയിൽ “ഒരു മിനിട്ട് നമുക്ക് എംബാപ്പെക്കുവേണ്ടി മൗനമാചരിക്കാം എന്ന് എമിലിയാനോ പറയുമ്പോൾ കൂടെയുള്ള താരങ്ങൾ ഒരു സെക്കന്റ് നിശബ്ദരാകുന്നതും വീണ്ടും ആഘോഷം തുടരുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
ഇത് കൂടാതെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗസ് പുരസ്കാരം നേടിയ ശേഷം എമിലിയാനോ കാണിച്ച ആംഗ്യത്തിനും നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ നടക്കുന്നുണ്ട്.
നേരത്തേ ലാറ്റിനമേരിക്കൻ ഫുട്ബോളിന് ആവശ്യത്തിന് ക്വാളിറ്റിയില്ലെന്നും ബ്രസീൽ അർജന്റീന ടീമുകൾക്ക് മികച്ച മത്സരങ്ങൾ കളിക്കാൻ അവസരം കുറവാണെന്നും എംബാപ്പെ പറഞ്ഞത് എമിലിയാനോ മാർട്ടീനസിനെ ചൊടിപ്പിച്ചിരുന്നു.
എംബാപ്പെക്ക് ഫുട്ബോളിനെ ക്കുറിച്ച് വേണ്ടത്ര അറിവില്ലെന്നാണ് എമിലിയാനോ അതിന് മറുപടി പറഞ്ഞിരുന്നത്. കൂടാതെ അറിയാത്ത കാര്യങ്ങളെ ക്കുറിച്ച് മിണ്ടരുതെന്നും വിഷയവുമായി ബന്ധപ്പെട്ട് എമിലിയാനോ പ്രതികരിച്ചിരുന്നു.
അതേസമയം 1986ൽ മറഡോണയുടെ നേതൃത്വത്തിൽ ലോകകപ്പ് ഉയർത്തിയ ശേഷം നീണ്ട 36 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന മെസിയുടെ നേതൃത്വത്തിൽ മൂന്നാം ലോകകിരീടം സ്വന്തമാക്കിയിരിക്കുന്നത്.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.
ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.
ഖത്തറിൽ നിന്നും ലോകകപ്പ് ഉയർത്താൻ സാധിച്ചതോടെ സാക്ഷാൽ ലയണൽ മെസിക്ക് തന്റെ കരിയറിൽ പ്രധാനപെട്ട രാജ്യാന്തര, ക്ലബ്ബ് മേജർ കിരീടങ്ങളെല്ലാം സ്വന്തമാക്കാനായി.
ഒരു നീണ്ടകാലയളവിലെ കിരീട വരൾച്ചക്ക് ശേഷം തുടർച്ചയായി കോപ്പഅമേരിക്ക, ഫൈനലിസിമ, ലോകകപ്പ് മുതലായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ അർജന്റീന രാജകീയമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.
ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.
Content Highlights:A minute’s silence for Mbappe; Argentinian goalkeeper mocking the French player