ന്യൂദല്‍ഹി: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ബാലാവകാശ സമിതിക്ക് പരാതി നല്‍കി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ രാഷ്ട്രീയ പ്രചാരണങ്ങളില്‍ നിന്ന് വിലക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശം മോദി ലംഘിച്ചന്ന് പരാതിയില്‍ പറയുന്നു.
മോദിക്കും ബി.ജെ.പിക്കുമെതിരെയാണ് പരാതി. ബാലാവകാശ ലംഘനം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുട്ടികളെ ദുരുപയോഗം ചെയ്യുക എന്നീ വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.
ഡിസംബര്‍ ഒന്നിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രചാരണത്തിലാണിപ്പോള്‍ പ്രധാനമന്ത്രി. ഇതില്‍ മോദിയുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയെ പ്രശംസിച്ചുകൊണ്ട് കവിത ചൊല്ലിയിരുന്ന പെണ്‍കുട്ടിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ വീഡിയോ പങ്കുവെച്ചതോടെയാണ് പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
അതേസമയം, ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മൂന്ന് റാലികളില്‍ പ്രസംഗിച്ചിരുന്നു. ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സുരേന്ദ്രനഗര്‍, ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നവ്സാരി, ബറൂച്ച് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മോദി എത്തിയത്.
പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും സംസ്ഥാനത്ത് പ്രചാരണത്തിലുണ്ട്.
അതിനിടെ 89 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിന് എട്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസും പ്രധാന നേതാക്കളെ ഇറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ്.
മഹാരാഷ്ട്രയില്‍ പര്യടനം നടത്തുന്നതിനിടെ ഭാരത് ജോഡോ യാത്രയില്‍നിന്ന് അവധിയെടുത്തായിരുന്നു രാഹുല്‍ ഗാന്ധി, തിങ്കളാഴ്ചയാണ് ഗുജറാത്തില്‍ എത്തിയിരുന്നത്.
CONTENT HIGHLIGHT: A minor was used for political propaganda Congress has filed a complaint against Modi to the Child Rights Commission