കോഴിക്കോട്: മുക്കത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് മര്‍ദനം. മുക്കം സ്വദേശിയാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തിനിരയായത്.
യുവാവിനെ ആളുകള്‍ ചേര്‍ന്ന് വീട്ടില്‍ കൊണ്ടുപോയി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് അക്രമികള്‍ തന്നെയാണെന്നാണ് യുവാവ് മറ്റൊരു വീഡിയോയില്‍ പറയുന്നത്.
യുവാവിനെ ആളൊഴിഞ്ഞ വീട്ടിലെ മുറിയില്‍ കസേരയിലിരുത്തി ആളുകള്‍ ചേര്‍ന്ന് തല്ലുകയും ചവിട്ടുകയും ചെയ്യുന്നതായാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത്. അവര്‍ യുവാവിനെ ഭീഷണിപ്പെടുത്തുന്നതായും കാണാം.
അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദിച്ചതായും അവരുടെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നെന്നാണ് യുവാവ് പറയുന്നത്.
എന്തിനാണ് തന്നെ മര്‍ദിച്ചതെന്ന് അറിയില്ലെന്നും തന്റെ അടുത്തുനിന്നും 18,000 രൂപ അക്രമികള്‍ ആവശ്യപ്പെട്ടതായും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.
പൈസ തന്നില്ലെങ്കില്‍ തന്നെ മര്‍ദിക്കുമെന്നും നാട്ടുകാര്‍ക്ക് കാണിച്ച് കൊടുത്ത് നാണം കെടുത്തുമെന്ന് അക്രമികള്‍ പറഞ്ഞുവെന്നും യുവാവ് പരാതിപ്പെടുന്നുണ്ട്.
നാല് ദിവസം മുമ്പാണ് യുവാവിന് ആള്‍ക്കൂട്ട മര്‍ദനമേറ്റതെന്നാണ് പ്രാഥമിക നിഗമനം. അക്രമം നേരിട്ട സംഭവത്തില്‍ ഇന്ന് പൊലീസില്‍ പരാതിപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: A mentally challenged youth was beaten up by a mob in Mukkat