| Wednesday, 30th November 2022, 9:18 pm

തെരഞ്ഞെടുപ്പിനിടെയുള്ള പരിശോധന; ഗുജറാത്തില്‍ പിടിച്ചെടുത്തത് 539.96 കോടിയുടെ മയക്കുമരുന്ന്; കണ്ടെത്തിയത് 2017ലേതിനേക്കാള്‍ 28 മടങ്ങ് അധികം പണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പരിശോധനക്കിടെ വന്‍ മയക്കുമരുന്ന് വേട്ട. തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മയക്കുമരുന്ന്, മദ്യം, അനധികൃത പണം, വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങയവ വലിയ രീതിയില്‍ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് 478 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

വഡോദര(റൂറല്‍), വഡോദര സിറ്റി എന്നിവിടങ്ങളിലെ അനധികൃത നിര്‍മാണ യൂണിറ്റുകളില്‍ നിന്ന് 478 കോടി രൂപ വിലമതിക്കുന്ന 143 കിലോഗ്രാം മെഫെഡ്രോണ്‍ എന്ന പേരുള്ള മയക്കുമരുന്ന് എ.ടി.എസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

768.94 കോടി രൂപയാണ് തെരഞ്ഞെടുപ്പിന്റ ഭാഗമായി നടത്തിയ പരിശോധനകളില്‍ അനധികൃതമായി പിടിച്ചെടുത്തത്. ഇതില്‍ 539.96 കോടി രൂപ മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണം നടക്കുന്ന ഈ ഘട്ടത്തില്‍ 2017ലെ പ്രചരണത്തേക്കാള്‍ 28 മടങ്ങ് അധികം അനധികൃത പണം പിടിച്ചെടുക്കാന്‍ കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

പൊലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും, ഓപ്പറേഷന്‍ പൂര്‍ത്തിയായാല്‍ പൂര്‍ണമായ വിശദാംശങ്ങള്‍ ലഭ്യമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

അതേസമയം, ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.

ആദ്യഘട്ട വോട്ടെടുപ്പ് വ്യഴാഴ്ച നടക്കും. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര, കച്ച് മേഖലകളും തെക്കന്‍ ഗുജറാത്തും ആണ് ആദ്യഘട്ടത്തില്‍ പോളിങ് ബൂത്തില്‍ എത്തുക.

Content Highlight: A massive drug bust during the inspection as part of the Gujarat election campaign

We use cookies to give you the best possible experience. Learn more