കീവ്: റഷ്യന്‍ സൈന്യം ആഴ്ചകളായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന മരിയോപോളിന് സമീപം 200 ഓളം ശവക്കുഴികള്‍ അടങ്ങിയ കൂട്ട ശ്മശാന സ്ഥലം കണ്ടെത്തി. മാക്‌സര്‍ ടെക്‌നോളജീസ് എന്ന സ്വകാര്യ യു.എസ് ഉപഗ്രഹ സ്ഥാപനമാണ് തുറമുഖനഗരമായ മരിയോപോളില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രം വികസിപ്പിച്ച ശ്മശാനത്തിന്‌റെ ചിത്രം കണ്ടെത്തിയത്.
മാര്‍ച്ച് പകുതി മുതല്‍ ഏപ്രില്‍ പകുതി വരെയുള്ള ചിത്രങ്ങള്‍ ശേഖരിച്ച് പരിശോധിച്ചതിന് ശേഷമാണ് ശ്മശാനത്തിലെ പുതിയ ശവക്കുഴികള്‍ കണ്ടെത്തിയതെന്ന് മാക്‌സര്‍ ടെക്‌നോളജിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. മാര്‍ച്ച് 23 നും 26 നും ഇടയിലുള്ള ചിത്രങ്ങളാണ് പരിശോധിച്ചത്.
മരിയോപോളിന് പടിഞ്ഞാറ് 20 കിലോമീറ്റര്‍ അകലെ മാന്‍ഹുഷ് ഗ്രാമത്തിലുള്ള സെമിത്തേരിയോട് ചേര്‍ന്നാണ് പുതിയ ശവക്കുഴികള്‍ കണ്ടെത്തിയിരിക്കുന്നത്.
9,000 പേരെ ഈ കൂട്ടക്കുഴിമാടത്തില്‍ അടക്കം ചെയ്യാമെന്നാണ് മാരിയോപോളിന്റെ മേയര്‍ വാഡിം ബോയ്ചെങ്കോ ഒരു ടെലിഗ്രാം പോസ്റ്റില്‍ പറഞ്ഞത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധക്കുറ്റമാണ് മരിയുപോളില്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇതാണ് പുതിയ ബാബി യാര്‍,’ 1941-ല്‍ ഉക്രേനിയന്‍ ജൂതന്മാരെ നാസികള്‍ കൂട്ടക്കൊല ചെയ്ത സ്ഥലത്തെ പരാമര്‍ശിച്ച് മേയര്‍ പറഞ്ഞു.
റഷ്യക്കാര്‍ മന്‍ഹുഷ് ഗ്രാമത്തിന് സമീപം വലിയ കിടങ്ങുകള്‍ കുഴിച്ച് മൃതദേഹങ്ങള്‍ അവിടെ തള്ളിയിരിക്കുകയാണെന്നും അവരുടെ യുദ്ധക്കുറ്റങ്ങള്‍ മറച്ചു വെച്ചിരിക്കുകയാണെന്നും നേരത്തെ ബോയ്ചെങ്കോ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഉക്രൈനിയന്‍ മാധ്യമങ്ങള്‍ മാന്‍ഹൂഷിലെ കൂട്ട ശവക്കുഴിയുടെ ഉപഗ്രഹ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കീവിന് സമീപം ബുച്ചയില്‍ കണ്ടെത്തിയതിന് സമാനവും വലിപ്പമേറിയതുമായിരുന്നു ഈ ശവക്കുഴി. എന്നിരുന്നാലും ഈ ചിത്രങ്ങളുടെ കൃത്യത പരിശോധിക്കാനായിട്ടില്ല.
ചിത്രം കടപ്പാട്: അല്‍ ജസീറ
Content Highlight: A mass grave was found near the cemetery in Mariupol