നീലഗിരി ജില്ലയിലെ അതിമനോഹരിയായ മസിനഗുഡിയിലേക്ക് ഒരു തവണയെങ്കിലും പോയില്ലെങ്കില്‍ അതൊരു നഷ്ടമാവും. മുതമല നാഷണല്‍ പാര്‍ക്കും ഊട്ടി ഹില്‍സ്റ്റേഷനുമൊക്കെയായി തമിഴ്‌നാട്ടിലെ ഈ സുന്ദരിയെ കാണാതെ കാടുകയറുന്നവര്‍ക്ക് പോകാനാകില്ല.
മുതുമല നാഷനല്‍ പാര്‍ക്കുള്ളതിനാല്‍ ഈ കാട്ടുയാത്രകളില്‍ യഥേഷ്ടം വന്യജീവികളെ കാണാം. യാത്രകളില്‍ സേഫ് ആണെന്ന് തോന്നിയാല്‍ ചിത്രങ്ങളും പകര്‍ത്താം. കാട്ടുപോത്തും കാട്ടാനകളും മാനുകളുമൊക്കെ വിഹരിക്കുന്ന ഇടം.
കാടിന്റെ സൗന്ദര്യം ഒന്നുവേറെ തന്നെയാണ്. വൈല്‍ഡ് ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് മസിനഗുഡി. പേരുപോലെ തന്നെ വെള്ളച്ചാട്ടങ്ങളാലും മനോഹരമായ ഭൂ പ്രകൃതിയാലും ആര്‍ക്കും ഇഷ്ടം തോന്നും . മസിനഗുഡിയിലേക്കുള്ള യാത്രകള്‍
ഗൂഡലൂര്‍ നിന്നാണ് ആരംഭിക്കേണ്ടത്. മൈസൂര്‍ റോഡില്‍ നിന്ന് പതിനേഴ് കിലോമീറ്റര്‍ പിന്നിട്ടാല്‍ തൈപ്പക്കാട് എത്തും. ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ മസിനഗുഡി-ഊട്ടി റോഡിലേക്ക് കയറാം. ഇങ്ങോട്ട് തിരിയും മുമ്പ് തൈപ്പക്കാട് ആനക്യാമ്പ് സന്ദര്‍ശിക്കാം.
മസിനഗുഡിയിലെത്തിയാല്‍ ജംഗിള്‍ സഫാരിയും കോടമഞ്ഞിലൂടെയുള്ള നടത്തവും നമ്മളെ ആനന്ദപുളകിതരാക്കും.മസിനഗുഡിയില്‍ താമസിക്കാന്‍ കുറഞ്ഞ ചെലവില്‍ കോട്ടേജുകളും ലഭ്യമാണ്. രാത്രികാഴ്ച വിവരണാതീതമാണ്. പിറ്റേന്ന് മുതുമല നാഷനല്‍ പാര്‍ക്ക് കണ്ട് കാടിറങ്ങാം.ഗുണ്ടല്‍പേട്ട് വഴി തിരിച്ചുപോരികയാണെങ്കില്‍ സൂര്യകാന്തി പാടങ്ങളും നിങ്ങളുടെ മനസ് നിറയ്ക്കും.