| Tuesday, 21st March 2023, 12:57 pm

'ഖുറാഫത്ത് ഉണ്ടാക്കാനാണോ നീ ഇങ്ങോട്ട് വന്നത്?; കോഴിക്കോട് പട്ടാളപ്പള്ളിയില്‍ ഒറ്റക്ക് നിസ്‌കരിച്ചയാള്‍ക്ക് മര്‍ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പട്ടാളപ്പള്ളിയില്‍ പ്രഭാത നിസ്‌കാരത്തിനെത്തിയ മധ്യവയസ്‌കന് മര്‍ദനം. 53കാരനായ ഷമൂണ്‍ ആണ് മര്‍ദനത്തിനിരയായത്. ബെംഗളൂരുവില്‍ താമസിക്കുകയായിരുന്ന ഷമൂണ്‍ ഇന്നലെയാണ് കോഴിക്കോടെത്തിയത്.

അതിരാവിലെ കൊച്ചിയിലേക്ക് പോകേണ്ട ആവശ്യമുള്ളതിനാല്‍ പട്ടാളപ്പള്ളിയിലെത്തിയ അദ്ദേഹം ജമാഅത്തിന് നില്‍ക്കാതെ തനിച്ച് നിസ്‌കരിക്കുകയായിരുന്നു. അതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പള്ളിയിലുണ്ടായിരുന്ന ഒരാള്‍ ഷമൂണിനെ ഉപദ്രവിക്കാന്‍ ആരംഭിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അല്‍ത്താഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

യാത്രക്കാരനായത് കൊണ്ടാണ് താന്‍ ഒറ്റക്ക് നിസ്‌കരിച്ചതെന്ന് പറഞ്ഞിട്ടും ‘ഖുറാഫത്ത്’ ഉണ്ടാക്കാന്‍ വേണ്ടിയാണോ നീ ഇങ്ങോട്ട് വന്നതെന്ന് ചോദിച്ച് ഷമൂണിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് അല്‍ത്താഫ് പറഞ്ഞു.

മര്‍ദനമേറ്റ് നിലത്ത് വീണുകിടക്കുന്ന സഹോദരന്റെ ചുണ്ടില്‍ അയാള്‍ കടിച്ച് മുറിവേല്‍പ്പിച്ചെന്നും ഇപ്പോള്‍ ഷമൂണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശയപരമായ തീവ്രതയുടെ എക്‌സ്ട്രീമിസവും വഹാബിസവുമാണ് അവിടെക്കണ്ടതെന്ന് അല്‍ത്താഫ് പറഞ്ഞു.

‘കൊച്ചിയിലേക്ക് പോകേണ്ട ആവശ്യത്തിന് അതിരാവിലെ കോഴിക്കോട് എത്തിയതാണ് ഷമൂണ്‍. പ്രഭാത നമസ്‌കാരത്തിന് പട്ടാളപ്പള്ളിയിലെത്തിയ എന്റെ സഹോദരന്‍ അംഗ ശുദ്ധി വരുത്തി പള്ളിക്കകത്ത് ഒരു മൂലയില്‍ നിന്ന് നമസ്‌കരിക്കുകയായിരുന്നു. അപ്പോള്‍ പള്ളിയില്‍ ജമാഅത്ത് നമസ്‌കാരം നടക്കുന്നുണ്ട്. ഇദ്ദേഹം യാത്രക്കാരനായത് കൊണ്ട് തനിച്ചാണ് നമസ്‌കരിച്ചത്. പള്ളിയിലെ നമസ്‌കാരം കഴിഞ്ഞയുടന്‍ ഒരാള്‍ വന്ന് സഹോദരനോട് ചോദിച്ചു, നിങ്ങളെന്തിനാണ് ഒറ്റക്ക് നമസ്‌കരിച്ചതെന്ന്.

ഞാന്‍ യാത്രക്കാരനാണെന്നും എനിക്ക് പെട്ടെന്ന് പോകേണ്ടത് കൊണ്ടാണ് ഞാന്‍ ഒറ്റക്ക് നമസ്‌കരിച്ചതെന്നും സഹോദരന്‍ മറുപടി നല്‍കി. അത് പറ്റില്ലെന്നും ഇവിടെ കോണ്‍ഫ്‌ലിക്ട്‌സ് ഉണ്ടാക്കാനാണ് നിങ്ങള്‍ വന്നതെന്നും പറഞ്ഞ് എന്റെ സഹോദരനെ അയാള്‍ ദേഹോപദ്രവം ഏല്‍പിക്കുകയായിരുന്നു.

അദ്ദേഹത്തിന് ഷുഗറുള്ളത് കൊണ്ട് ശാരീരിക ക്ഷമത കുറവാണ്. അടികൊണ്ടപ്പോള്‍ നിങ്ങളെന്തിനാണ് എന്നെ ഉപദ്രവിക്കുന്നതെന്ന് ചോദിച്ചു. പിന്നെ അയാള്‍ ‘നിന്നെ ഞാന്‍ കാണിച്ചുതരാ’മെന്നും പറഞ്ഞ് പുറത്ത് കൊണ്ടുപോയി. അവിടെ വെച്ച് എന്റെ സഹോദരനോട് നിങ്ങള്‍ ഖുറാഫാത്ത് ഉണ്ടാക്കാന്‍ വന്നതാണെന്നും പറഞ്ഞ് അദ്ദേഹത്തെ ചുമരില്‍ വെച്ചിടിച്ചു.

മര്‍ദനമേറ്റ് നിലത്ത് വീണുകിടക്കുന്ന എന്റെ സഹോദരന്റെ ചുണ്ട് അയാള്‍ കടിച്ച് പൊട്ടിക്കുകയും ഭയങ്കരമായി വയലന്റ് ആയിക്കൊണ്ട് പെരുമാറുകയും ചെയ്തു. അപ്പോഴേക്ക് അവിടെ ആളുകള്‍ കൂടി സഹോദരനോട് പെട്ടെന്ന് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. തൊട്ടടുത്തുണ്ടായിരുന്ന കണ്‍ട്രോള്‍ റൂമിലെത്തിയ എന്റെ സഹോദരനെ പൊലീസ് ബീച്ച് ഹോസ്പിറ്റലിലെത്തിച്ചു. ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തുകയും ചുണ്ടില്‍ എട്ട് സ്റ്റിച്ച് ഇടുകയും ചെയ്തു.

തുടര്‍ന്ന് സിറ്റി പൊലീസ് സ്റ്റേഷനിലാണ് പരാതി കൊടുക്കേണ്ടതെന്ന് പറഞ്ഞപ്പോള്‍ ബീച്ച് ഹോസ്പിറ്റലില്‍ നിന്ന് ഞാന്‍ സഹോദരനെയും കോണ്ട് അങ്ങോട്ട് പോയി. മൊഴി കൊടുത്തതിന് ശേഷം നാഷണല്‍ ഹോസ്പിറ്റലിലേക്ക് വന്നു. മര്‍ദനമേറ്റത് കൊണ്ട് പുള്ളിക്ക് ശരീരമാസകലം വേദനയുണ്ട്. അയാള്‍ നന്നായി ചവിട്ടികൂട്ടിയിട്ടുണ്ടായിരുന്നു ഇദ്ദേഹത്തെ.

ആശയപരമായ തീവ്രതയുടെ എക്‌സ്ട്രീമിസം ആണ് അവിടെ കണ്ടത്, വഹാബിസത്തിന്റെ തീവ്രതയാണ് കണ്ടത്. സംഭവം നടക്കുമ്പോള്‍ ആളുകള്‍ വല്ലാത്തൊരവസ്ഥയില്‍ നില്‍ക്കുകയായിരുന്നു. ആരും അടുക്കുന്നുണ്ടായിരുന്നില്ല. സഹോദരനോട് വേഗം പോകൂ എന്നാവശ്യപ്പെട്ട് ആളുകള്‍ പുറത്തേക്ക് ഉന്തി മാറ്റി.

എന്റെ സഹോദരന് ഒന്നും പ്രതികരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ചുണ്ടില്‍ സ്റ്റിച്ച് ഉള്ളതുകൊണ്ട് അദ്ദേഹത്തിനിപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പള്ളിയില്‍ ക്യാമറയുണ്ട്. ക്യാമറ സത്യം പറയുമല്ലോ,’ അല്‍താഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Content Highlights: A man who prayed alone in the mosque was beaten up in Calicut

We use cookies to give you the best possible experience. Learn more