| Monday, 6th January 2025, 9:19 am

ഹണി റോസിനെതിരായ സൈബര്‍ അധിക്ഷേപം; ഒരാള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ചലച്ചിത്ര നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ സ്ത്രീ വിരുദ്ധ കമ്മന്റ് പോസ്റ്റ് ചെയ്ത  ഒരാളെ അറസ്റ്റ് ചെയ്തു.

എറണാകുളം കുമളം സ്വദേശി ഷാജിയെ ആണ് അറസ്റ്റ് ചെയ്തത്. കൊച്ചി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്ത നടിയുടെ പരാതിയില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ കണ്ടെത്തിയാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.ടി ആക്ടും ചുമത്തിയിട്ടുണ്ട്. ബി.എന്‍.എസിലെ ഗുരുതര വകുപ്പുകളും പ്രതിക്കെതിരെ ചുമത്താന്‍ സെന്‍ട്രല്‍ പൊലീസ് ആലോചിക്കുന്നതായാണ് വിവരം.

തന്നെ മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുന്ന വ്യക്തിക്കെതിരെ ഒരു തുറന്ന മുന്നറിയിപ്പ് സമൂഹമാധ്യമത്തിലൂടെ ഹണി റോസ് പങ്കുവെച്ചിരുന്നു. പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിടുന്നതായി നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോസ്റ്റിന് താഴെ അധിക്ഷേപ കമന്റുകള്‍ പങ്കുവെച്ച 30 ഓളം ആളുകള്‍ക്കെതിരെയാണ് നടി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ചടങ്ങുകള്‍ക്ക് തന്നെ ക്ഷണിച്ചപ്പോള്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഒരു വ്യക്തി താന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നായിരുന്നു ഹണി റോസ് പറഞ്ഞത്.

ആ വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി തന്റെ പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും താന്‍ പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോയെന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നുണ്ടെന്നും ആ സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നതെന്നാണ്‌ ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്‌.

Content Highlight: A man was arrested on the complaint of Honey Rose

We use cookies to give you the best possible experience. Learn more