അമേരിക്കയില്‍ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ വെടിവെപ്പ്; പത്ത് പേര്‍ക്ക് പരിക്ക്
World News
അമേരിക്കയില്‍ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ വെടിവെപ്പ്; പത്ത് പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2024, 8:57 am

വാഷിങ്ടണ്‍: അമേരിക്കയില്‍ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ വെടിവെയ്പ്പ്. ആക്രമണത്തില്‍ എട്ടുവയസുകാരനുള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്ക്. റോച്ചസ്റ്റര്‍ ഹില്‍സിലെ ബ്രൂക്ക്‌ലാൻഡ്‌സ് പ്ലാസ സ്പ്ലാഷ് പാഡിലാണ് വെടിവെപ്പുണ്ടായത്.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ആശുപത്രി അധികൃതര്‍ പരിക്കേറ്റവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. കണ്ടെടുത്ത തോക്ക് 9 എം.എം സെമി ഓട്ടോമാറ്റിക് ഗ്ലോക്ക് വിഭാഗത്തിലുള്ളതാണ്.

അക്രമിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. സംഭവസ്ഥലത്ത് നിന്ന് ആളുകളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സ്പ്ലാഷ് പാഡിലെത്തിയ പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് പറഞ്ഞു. 28 തവണ പ്രതി വെടിയുതിര്‍ത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതി സമീപത്തെ വീട്ടിനുള്ളില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. തങ്ങളുടെ സംഘം ഇപ്പോള്‍ വീട് വളഞ്ഞിരിക്കുകയാണ്. അകത്തുള്ള വ്യക്തിയുമായി ആശയവിനിമയം നടത്താന്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു.

2021ല്‍ ഓക്‌ലാൻഡ് കൗണ്ടിയുടെ സമീപ പ്രദേശമായ ഓക്സ്ഫോര്‍ഡ് ടൗണ്‍ഷിപ്പില്‍ ഒരു സ്‌കൂളിന് നേരെ വെടിവെപ്പ് നടന്നിരുന്നു. ഇതില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിലവിലെ കണക്കുകള്‍ അനുസരിച്ച് 2024ല്‍ ഇതുവരെ 215ലധികം വെടിവെപ്പുകള്‍ നടന്നതായാണ് വ്യക്തമാകുന്നത്.

Content Highlight: A man opens fire at childrens water park in US