പോത്തന്‍കോട് കൊലപാതകം; അക്രമികള്‍ എത്തിയത് ട്രയല്‍ നടത്തിയ ശേഷം, സുധീഷിനെ വെട്ടുന്നത് തടയാനെത്തിയ കുഞ്ഞിനേയും ആക്രമിച്ചു
തിരുവനന്തപുരം: പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. കൊലയാളികള്‍ക്ക് സഹായം ചെയ്ത മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത ഒരാളുമാണ് പിടിയിലായത്.
പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍ റണ്‍ നടത്തിയിരുന്നു. മംഗലപുരം മങ്ങോട്ട് പാലത്തില്‍ വെച്ച് ബോംബ് എറിഞ്ഞായിരുന്നു ട്രയല്‍. ഇതിന് പിന്നാലെയാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.
വധശ്രമം ഉള്‍പ്പടെ അടിപിടി കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷും. ഗുണ്ടാനേതാവ് രാജേഷിന്റെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നതെന്നാണ് റിപ്പോര്‍ട്ട്.
കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് തന്നെ ആക്രമിച്ചതെന്ന് എന്ന് ആശുപത്രിയില്‍ പോകുന്ന വഴി സുധീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഡി.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍, റൂറല്‍ എസ്.പി. പി.കെ. മധു എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന സുധീഷിനെ ഓട്ടോയിലും ബൈക്കുകളിലുമായി എത്തിയ പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. ഭയന്ന സുധീഷ് വീടിനുള്ളിലേക്ക് ഓടികയറിയെങ്കിലും വാതില്‍ തകര്‍ത്ത സംഘം വീടിനുള്ളില്‍കയറി സുധീഷിനെ വെട്ടുകയായിരുന്നു.
തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വീടിനുള്ളില്‍വെച്ച് യുവാവിന്റെ കാല്‍ വെട്ടിയെടുത്ത സംഘം ബൈക്കില്‍ കൊണ്ടുപോയി അര കിലോമീറ്റര്‍ അകലെ റോഡിലേക്ക് വലിച്ചെറിഞ്ഞു.
നാടന്‍ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചും പരിസരവാസികളെ വാളും മഴുവും ചൂണ്ടി ഭയപ്പെടുത്തിയുമായിരുന്നു ആക്രമണം.
ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: A man has been arrested in connection with the murder of a youth by a gang of thugs who broke into his house in Thiruvananthapuram: