|

യുവാവ് കസ്റ്റഡിയില്‍ മരിച്ചു; പൊലീസിനെതിരെ ഗുരുതര ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: കോഴിക്കോട് വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വടകര കല്ലേരി താഴേകോലത്ത് പൊന്‍മേരി പറമ്പില്‍ സജീവനാണ് (42) മരിച്ചത്.

സജീവനെയും സുഹൃത്തിനെയും ഇന്നലെ രാത്രി 11:30 ഓടെ വാഹനാപകടക്കേസിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മദ്യപിച്ചതിന്റെ പേരില്‍ പൊലീസ് മര്‍ദിച്ചെന്നാണ് ആരോപണം. രോഗിയാണെന്ന് പറഞ്ഞിട്ടും സജീവനെ പൊലീസ് മര്‍ദ്ദിച്ചെന്നും, സ്റ്റേഷന് പുറത്ത് കുഴഞ്ഞ് വീണിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.

സ്റ്റേഷനില്‍ വെച്ച് തന്നെ സജീവന്‍ നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നുവെന്നും, എന്നാല്‍ ഗ്യാസിന്റെ പ്രശ്നം വല്ലതും ആയിരിക്കും എന്ന് പറഞ്ഞ് പൊലീസ് ഇത് നിസാരവല്‍ക്കരിക്കുകയായിരുന്നു എന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.

സജീവനെ ആംബുലന്‍സില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റുമാര്‍ട്ടം നടക്കും.

സജീവനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതിന് തങ്ങള്‍ക്കും പൊലീസ് മര്‍ദനം ഏറ്റെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്.

രാത്രിയിലുണ്ടായ വാഹന അപകടത്തെത്തുടര്‍ന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ ബഹളം ഉണ്ടായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ആണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, പൊലീസ് ആരോപണങ്ങള്‍ തള്ളുകയാണ്. സജീവനെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് പക്ഷം. വടകര ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തില്‍ നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.

Content Highlights: A man died at police custody in Vatakara