നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്.
മികച്ച അഭിപ്രായങ്ങള്‍ നേടിയ ചിത്രം ഇപ്പോള്‍ കേരളത്തില്‍ തരംഗം തീര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്.സിനിമ കാണാന്‍ ടിക്കറ്റ് കിട്ടാതെ നിരവധി പേര്‍ കേരളത്തിലെ പല തിയേറ്ററുകളില്‍ നിന്നും മടങ്ങുന്നുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു ‘മമ്മൂട്ടി ഫാനിന്റെ’ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊട്ടാരക്കര മിനര്‍വ തിയേറ്ററിന്റെ മുന്നില്‍ നിന്നും പകര്‍ത്തിയ വിഡിയോ ആണിത്.
കണ്ണൂര്‍ സ്‌ക്വാഡ് കാണാന്‍ കേരളത്തിലെ പല തിയേറ്ററിലും പോയിട്ട് ടിക്കറ്റ് കിട്ടാതെ വന്ന ഒരു പ്രായം ചെന്ന മനുഷ്യനെയാണ് വിഡിയോയില്‍ കാണുന്നത്. മമ്മൂട്ടി സിനിമ കാണുന്നത് തനിക്ക് അഭിമാനം ആണെന്നും ഒരു ടിക്കറ്റ് നല്‍ക്കണമെന്നും അദ്ദേഹം പറയുന്നതായി വീഡിയോയില്‍ കാണാന്‍ കഴിയും.
‘ഒരു തിയേറ്ററില്‍ പോയിട്ടും എനിക്ക് ടിക്കറ്റ് കിട്ടിയില്ല. അദ്ദേഹത്തിന്റെ പടം കാണുന്നത് എനിക്ക് അഭിമാനമാണ്, മമ്മൂട്ടിയോട് ഭയങ്കര ബഹുമാനവുമാണ്. പണ്ട് മുതലേ അദ്ദേഹത്തിന്റെ സിനിമ കാണും, ഞാന്‍ അദ്ദേഹത്തിന്റെ മകന്റെ സിനിമയും കാണാറുണ്ട്, മറ്റ് വഴിയില്‍ സിനിമ കാണാന്‍ എനിക്ക് കഴിയില്ല. നമ്മള്‍ മുസ്ലീം, ക്രിസ്ത്യാനി, ഹിന്ദു എന്നൊന്നും അല്ല. അദ്ദേഹത്തിന്റെ അഭിനയത്തിന് ഒരു വിലയുണ്ട്, നെഞ്ച് നിറഞ്ഞാണ് ഞാന്‍ പറയുന്നത്’ വിഡീയോയില്‍ അദ്ദേഹം പറയുന്നു.
‘പ്രായഭേദം ഇല്ലാതെ ആരാധകരെ സൃഷ്ടിക്കുന്ന നടനാണ് മമ്മൂട്ടി എന്ന് ഈ വിഡിയോയില്‍ നിന്ന് മനസിലാകും’ എന്നാണ് വിഡിയോയില്‍ വന്ന ഒരു കമന്റ്. തന്റെ കയ്യില്‍ സിനിമ കാണാന്‍ കഴിയുന്ന തരത്തിലുള്ള ഫോണില്ലായെന്നും അതുകൊണ്ട് ഒരു ടിക്കറ്റ് തനിക്ക് തരണമെന്നും അദ്ദേഹം വിഡിയോയില്‍ പറയുന്നുണ്ട്.
എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ലക്ഷകണക്കിന് പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. അതേസമയം കേരളത്തില്‍ മാത്രം 330 ല്‍ അധികം സ്‌ക്രീനുകളിലാണ് കണ്ണൂര്‍ സ്‌ക്വാഡ് നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്.
റെക്കോഡ് കളക്ഷന്‍ എന്ന നിലയിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.