| Sunday, 14th November 2021, 1:52 pm

അവറാനെന്ന പേര് മാറ്റി 'മലയാളി'യായ ഉപ്പയും ആ വഴിയില്‍ ജീവിച്ച മകനും

നീതു രമമോഹന്‍

സാംസ്‌കാരിക പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമൊക്കെയായിരുന്ന അഷ്റഫ് മലയാളി കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

അഷ്റഫ് എന്ന പേരിനോട് ‘മലയാളി’ എന്ന് ചേര്‍ത്തതിന്റെ കൗതുകമന്വേഷിച്ച് പോകുമ്പോഴാണ് ഇത് അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും കൈമാറ്റം ചെയ്ത് കിട്ടിയതാണെന്നറിയുക. സ്വാതന്ത്യസമര സേനാനിയും എഴുത്തുകാരനുമായ എ.എ. മലയാളിയുടെ മകനാണ് അഷ്റഫ് മലയാളി.

അതെ, ഒന്നിലധികം ‘മലയാളികള്‍’ ഉള്ള ഒരു കുടുംബമുണ്ട് പാലക്കാട്. സ്വത്വത്തിലും പേരിലുമെല്ലാം ‘മലയാളി’യെ ചേര്‍ത്തുവെച്ച നാടകനടനും സാഹിത്യകാരനുമായിരുന്നു എ.എ. മലയാളി. 1929 ജൂണ്‍ 16ന് ആലുക്കല്‍ കുഞ്ഞിക്കമ്മു പൂളക്കപ്പറമ്പില്‍ പാത്തുമ്മ ഉമ്മ എന്നിവരുടെ മകനായി മലപ്പുറം കുറ്റിപ്പുറത്താണ് എ.എ. മലയാളി ജനിച്ചത്. അവറാന്‍ എന്നായിരുന്നു ആദ്യകാലത്തെ പേര്. പിന്നീടത് അവറാന്‍ മലയാളിയെന്നും, കുടുംബപ്പേര് കൂടെ ചേര്‍ത്ത് ആലുക്കല്‍ അവറാന്‍ മലയാളി അഥവാ എ.എ. മലയാളിയെന്നും മാറ്റി.

”അച്ഛന്റെ തൂലികാ നാമമാണ് എ.എ. മലയാളി എന്നത്. എഴുത്തുകാരനായും സാംസ്‌കാരിക പരിഷ്‌കര്‍ത്താവായും സജീവമായിത്തുടങ്ങിയ സമയത്ത്, ചെറുപ്പകാലത്ത് തന്നെ പേര് മാറ്റിയിരുന്നു. ഞങ്ങള്‍ മക്കള്‍ ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ അദ്ദേഹം ഈ പേര് സ്വീകരിച്ചിട്ടുണ്ട്.

ഇപ്പോഴും എവിടെയെങ്കിലും പോകുമ്പോള്‍ ആളുകള്‍ കൗതുകത്തോടെ ചോദിക്കാറുണ്ട്, എങ്ങനെയാണ് ഈ മലയാളിയെന്ന പേര് കിട്ടിയതെന്ന്” എ.എ. മലയാളിയുടെ മകനും അഷ്റഫ് മലയാളിയുടെ സഹോദരനുമായ ഇഖ്ബാല്‍ മലയാളി പറയുന്നു.

എ.എ. മലയാളി

നാടിനോടുള്ള തന്റെ സ്നേഹം കൊണ്ട് തന്നെയായിരിക്കും പിതാവ് ഈ പേര് സ്വീകരിച്ചതെന്നും ഇഖ്ബാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചെറുപ്പകാലത്ത് തന്നെ എ.എ. മലയാളി മാപ്പിളപ്പാട്ടിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. 1942ല്‍ ബ്രിട്ടീഷ് സൈനിക റിക്രൂട്ട്മെന്റിലേയ്ക്ക് കൊണ്ടുപോയ പെട്രോമാക്സ് നശിപ്പിച്ചു എന്ന കേസ് വന്നപ്പോള്‍ 13ാം വയസില്‍ ഒളിവില്‍ പോയി.

തൊഴിലാളി, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി സാഹിത്യങ്ങള്‍ വിതരണം ചെയ്തതിന് അറസ്റ്റിലായി. 14ാം വയസില്‍ ആദ്യമായി ജയില്‍വാസവും അനുഭവിച്ചു.

കുറ്റിപ്പുറത്തെ ജന്മിമാര്‍ക്ക് കീഴില്‍ പണിയെടുത്തിരുന്ന കര്‍ഷകര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. 1953ല്‍ ആര്‍.എസ്.പിയില്‍ ചേര്‍ന്ന ഇദ്ദേഹം മലബാറില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും വഴിതെളിച്ചു. മുസ്ലിങ്ങള്‍ക്കിടയില്‍ അക്കാലത്ത് നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെയും അദ്ദേഹം പ്രവര്‍ത്തിച്ചു.

എ.എ. മലയാളി കുടുംബത്തോടൊപ്പം. ഇടത്തേയറ്റത്ത് അഷ്‌റഫ് മലയാളി

1964ലെ പാര്‍ട്ടി പിളര്‍പ്പിന് ശേഷമാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 1967ല്‍ മാതൃഭൂമിയുടെ പ്രത്യേക ലേഖകനായി പത്രപ്രവര്‍ത്തനരംഗത്തും പ്രവര്‍ത്തിച്ചു. അങ്ങനെ ജോലി ആവശ്യാര്‍ത്ഥം കുറ്റിപ്പുറത്തുള്ള കുടുംബ വീട്ടില്‍ നിന്നും അദ്ദേഹം പാലക്കാടേക്ക് മാറുകയായിരുന്നു.

‘ശെരീഫാ മന്‍സില്‍’ എന്ന കുടുംബ വീട്ടിലായിരുന്നു മുന്‍പ് ഈ ‘മലയാളി കുടുംബം’ ഉണ്ടായിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ മക്കള്‍ വിവാഹിതരായി അവരവരുടെ കുടുംബങ്ങളോടൊപ്പം മാറിത്താമസിച്ചു.

ജീവചരിത്ര പുസ്തകമായ ‘സ്വാതന്ത്യസമരസേനാനികള്‍’, ചരിത്ര പുസ്തകമായ ‘കോണ്‍ഗ്രസ് ഡയറക്ടറി’ എന്നിവ എ.എ. മലയാളിയുടെ രചനയില്‍ പിറന്നവയാണ്. നിരവധി കഥാസമാഹാരങ്ങളും നോവലുകളും നാടകങ്ങളും ഗാനസമാഹാരങ്ങളും മാപ്പിളപ്പാട്ട് കളക്ഷനുകളും അദ്ദേഹത്തിന്റേതായുണ്ട്.

ഇദ്ദേഹത്തിന്റെ ഗാനരംഗത്തെ സംഭാവനകളെക്കുറിച്ച് ‘എ.എ. മലയാളി, എഴുത്തും ജീവിതവും’ എന്ന പേരില്‍ എ.പി. കുഞ്ഞാമു പുസ്തകം എഴുതിയിട്ടുണ്ട്.

എ.പി. കുഞ്ഞാമു രചിച്ച ‘എ.എ. മലയാളി എഴുത്തും ജീവിതവും’ എന്ന പുസ്തകം

”ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, എം. ഗോവിന്ദന്‍ എന്നിവരടങ്ങിയ ഒരു കലാ-സാംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളായിരുന്നു എ.എ. മലയാളി. കുറ്റിപ്പുറത്തെ എല്ലാ സാംസ്‌കാരിക പരിപാടികളുടേയും ഭാഗമായിരുന്നു അദ്ദേഹം.

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപമെടുക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഈ പേര് സ്വീകരിച്ചിരുന്നിരിക്കണം. അവറാന്‍ എന്ന പേര് ആരും അറിയാതെ പോകുംവിധം കേരളത്തിന് പുറത്തും അദ്ദേഹം മലയാളിയായാണ് അറിയപ്പെട്ടത്. മലപ്പുറത്തെ കുറ്റിപ്പുറത്ത് പൊതുസമൂഹത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ സ്വാധീനത്തിലായിരിക്കും ആ പേര് സ്വീകരിച്ചത്,” എഴുത്തുകാരന്‍ എ.പി. കുഞ്ഞാമു പറയുന്നു.

2000 മെയ് മൂന്നിന് തന്റെ 71ാം വയസിലാണ് എ.എ. മലയാളിയെന്ന ദേശസ്നേഹി നാടിനോട് വിടപറഞ്ഞത്. ‘മലയാളി’ എന്ന ആ അഭിമാനത്തിന്റെ പേര് അതിന്റെ പെരുമ ചോരാതെ കാക്കാന്‍ അദ്ദേഹത്തിന്റെ മകന്‍ അഷ്റഫ് മലയാളിക്ക് സാധിച്ചു.

അഷ്‌റഫ് മലയാളിയും സഹോദരങ്ങള്‍

എഴുത്തുകാരുടേയും കലാകാരന്മാരുടേയും മികച്ച ഫോട്ടോകള്‍ പകര്‍ത്തിയതിലൂടെ ശ്രദ്ധേയനായ അഷ്റഫ് മലയാളി പല പുസ്തകങ്ങള്‍ക്കായി കവറുകള്‍ രൂപകല്‍പന ചെയ്യുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യ കൃതികളില്‍ നിന്നുള്ള പ്രശസ്തമായ വരികള്‍, പൊതുതാല്‍പര്യമുള്ള അറിയിപ്പുകള്‍ എന്നിവ പോസ്റ്ററുകളായി പുറത്തിറക്കിയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാരലല്‍ കോളേജ് അധ്യാപകനായും ജോലി ചെയ്തിരുന്നു.

പിതാവ് എ.എ. മലയാളിയുടേയും മാതാവ് ശെരീഫ മലയാളിയുടേയും പാത പിന്തുടര്‍ന്ന് ‘മലയാളികളായി’ ജീവിക്കുന്ന മറ്റ് രണ്ട് പേര്‍ കൂടി ഇന്ന് ഈ കുടുംബത്തിലുണ്ട്. സഹോദരങ്ങളായ ഇഖ്ബാല്‍ മലയാളിയും ആസാദ് മലയാളിയും. ‘മലയാളി’ത്തം വിടാത്ത കുടുംബത്തിന്റെ പ്രതിനിധികളായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: A ‘Malayali’ Family from Palakkad Kerala

നീതു രമമോഹന്‍

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more