മുപ്പത് വർഷങ്ങൾക്കിപ്പുറം കാനിൽ ചരിത്രമാവുന്ന മലയാളി തിളക്കം; 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'
Entertainment
മുപ്പത് വർഷങ്ങൾക്കിപ്പുറം കാനിൽ ചരിത്രമാവുന്ന മലയാളി തിളക്കം; 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th May 2024, 4:39 pm

പായല്‍ കപാഡിയ സംവിധാനം ചെയ്യുന്ന ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വലിയ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. കനി കുസൃതിയും ദിവ്യ പ്രഭയും കാനിലെ റെഡ് കാർപ്പറ്റിൽ ചുവട് വെച്ചപ്പോൾ അത് പുതിയൊരു വിപ്ലവമാണ് സൃഷ്ടിച്ചത്.

1994ൽ റിലീസായ സ്വം എന്ന ചിത്രമായിരുന്നു ഇതിന് മുമ്പ് കാനിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമ. മുപ്പത് വർഷങ്ങൾക്കിപ്പുറം മറ്റൊരു ഇന്ത്യൻ സിനിമ തെരഞ്ഞെടുക്കപ്പെടുമ്പോൾ അതിലെയും മലയാള സാന്നിധ്യമാണ് ആ നിമിഷത്തെ സ്പെഷ്യലാക്കുന്നത്.

കാനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിതാ സംവിധായകയുടെ ചിത്രം കൂടിയാണ് ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. പായലിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം.

ബോംബൈയിലെ രണ്ട് നേഴ്‌സുമാരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇതിനു മുമ്പ് പായല്‍ സംവിധാനം ചെയ്ത എ നൈറ്റ് ഗോയിങ് നത്തിങ്ങിന് മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ പ്രീമിയർ ഷോ നടന്നിരുന്നു. കാൻ വേദിയിൽ എത്തിയ കനി കുസൃതിയുടെ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തിരുന്നു.

ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള ചിഹ്നമായ തണ്ണീർമത്തൻ രൂപത്തിലുള്ള ബാഗുമേന്തിയാണ് കനി കുസൃതി കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയത്.

മുസോളനിയുടെയും ഹിറ്റ്‌ലറിന്റെയും നേതൃത്വത്തിലുള്ള ചിത്രങ്ങൾക്ക് പുരസ്‌കാരം നൽകിയ വെനീസ് ചലച്ചിത്ര മേളയുടെ തീരുമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫാസിസ്റ്റ് നാസി പ്രതിരോധത്തിലൂന്നി കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നത്.

ഇസ്രഈൽ ഫലസ്തീൻ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ കാൻ ഫിലിം ഫെസ്റ്റിവൽ പോലൊരു വേദിയിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കനി കുസൃതി പുതിയ ചരിത്രമാവുകയാണ്. കാൻ വേദിയിലെ താരങ്ങളുടെ ചിത്രം പുറത്ത് വന്നതോടെ നിരവധിപേരാണ് അത് ഏറ്റെടുത്തത്.

ഒരു കുഞ്ഞ് ഹാൻഡ് ബാഗിലൂടെയാണ് കനി കുസൃതി തന്റെ ഉറച്ച രാഷ്ട്രീയം ലോകമൊട്ടാകെ വിളിച്ചു പറഞ്ഞത്. ഫലസ്തീൻ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധ സൂചകമാണ് തണ്ണിമത്തൻ. മുപ്പത് വർഷങ്ങൾക്ക് ശേഷം മറ്റൊരു സിനിമയും കാൻ വേദിയിൽ എത്തുമ്പോൾ എന്നും ഓർമിക്കപ്പെടുന്ന ഒരു ദിവസമായി അത് മാറുകയാണ്.

 

Content Highlight: A Malayalee glow with a history of more than thirty years at Cannes; ‘All We Imagine As Light’