പിള്ളേര് തീ തന്നെ; പൊലീസ് നടപടിയെടുത്ത മേലാറ്റൂരിലെ ചെറുപ്പക്കാരുടെ വീഡിയോ, മേജറിന്റെ ഗംഭീര റീക്രിയേഷന്‍
മലപ്പുറം: സിനിമാ ഡയലോഗിനൊപ്പം മലപ്പുറത്തെ മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബുവെച്ച് തകര്‍ക്കുന്ന വി.എഫ്.എക്‌സ് ചെയ്ത് വീഡിയോ നിര്‍മിച്ച യുവാക്കള്‍ അറസ്റ്റിലായത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. പൃഥ്വിരാജ് സിനിമയായ അന്‍വറിലെ ഡയലോഗുകള്‍ ഉപയോഗിച്ച് ആര്‍. ഡി വോഗ് എന്ന യുട്യൂബ് ചാനല്‍ വഴി കണ്ടന്റ് ക്രിയേഷന്‍ ചെയ്യുന്ന ചെറുപ്പക്കാരാണ് വീഡിയോ നിര്‍മിച്ചിരുന്നത്.
ഇവര്‍ നിര്‍മിച്ച കൂടുതല്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. സിനിമകളെ വെല്ലുന്ന വി.എഫ്.എക്‌സും സ്റ്റണ്ട് രംഗങ്ങളുമാണ് ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോക്കായും യുട്യൂബ് വീഡിയോക്കായും ഇവര്‍ നിര്‍മിച്ച കണ്ടന്റുകളിലുള്ളത്.
അതില്‍ തന്നെ 2020ല്‍ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ മേജര്‍ എന്ന സിനിമയുടെ സ്റ്റണ്ട്, വെടിവെപ്പ് സീനുകളെ അതിഗംഭീരമായിട്ടാണ് ഈ യുവാക്കള്‍ റീക്രീയേറ്റ് ചെയ്തിട്ടുള്ളത്. വി.എഫ്.എക്‌സ് ഉപയോഗിച്ച് ബോംബ് സ്‌ഫോടനം ഉണ്ടാകുന്ന രംഗങ്ങളും വെടിവെപ്പ് രംഗങ്ങളുടെ അനുകരണവുമൊക്കെ പ്രൊഫഷണലായിട്ടാണ് ചെയ്തുവെച്ചിട്ടുള്ളത്.
കോടികള്‍ മുടക്കിയെടുത്ത പ്രഭാസ് ചിത്രം ആഥിപുരുഷിനേക്കാള്‍ മെച്ചപ്പെട്ട വി.എഫ്.എക്‌സും മേക്കിങ്ങുമാണ് ഇവരുടെ വീഡിയോയിലുള്ളതെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്. ഇത്തരത്തില്‍ വീഡിയോ തയ്യാറാക്കിയ യുവാക്കളെ അഭിനന്ദിക്കേണ്ടതിന് പകരം ഇവര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം പൊലീസ് നടപടിയുണ്ടായിരുന്നത്.
അന്‍വര്‍ എന്ന സിനിമയില്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുന്ന ഭാഗമുണ്ട്. അതേഭാഗം തന്നെയാണ് കേസിനാധാരമായ വീഡിയോയില്‍ യുവാക്കള്‍ വി.എഫ്.എക്‌സില്‍ പുനര്‍നിര്‍മിച്ചിരുന്നത്. സോഷ്യല്‍ മീഡിയ വഴി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍, ലഹള സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് വിഷയത്തില്‍ യുവാക്കള്‍ക്കെതിരെ കേസെടുത്തിരുന്നത്.
Content Highlight: A magnificent recreation of the major; Video of Melature youths who took police action