Advertisement
Kerala News
ഡബ്ല്യൂ.സി.സി അംഗങ്ങളുമായി ചര്‍ച്ചയാകാം; നടി രേവതിക്ക് കത്തയച്ച് എ.എം.എം.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 02, 06:57 am
Monday, 2nd July 2018, 12:27 pm

കൊച്ചി: ഡബ്ല്യൂ.സി.സി അംഗങ്ങളുമായി ചര്‍ച്ചയാകാമെന്ന് എ.എം.എം.എ. നടി രേവതിക്ക് നല്‍കിയ മറുപടിയിലാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇക്കാര്യം അറിയിച്ചത്.

ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്നായിരുന്നു ഡബ്ല്യൂ.സി.സിയുടെ ആവശ്യം. തങ്ങള്‍ക്ക് കൂടി സൗകര്യമായ ദിവസം ചര്‍ച്ച നടത്തണമെന്നായിരുന്നു രേവതി കത്തില്‍ പറഞ്ഞിരുന്നത്. ഇതിനാണ് ഇപ്പോള്‍ എ.എം.എം.എ മറുപടി നല്‍കിയത്.


ഇന്ദിരയെ വിമര്‍ശിക്കാന്‍ ബി.ജെ.പിക്ക് അവകാശമില്ല; അടിയന്തരാവസ്ഥയുടെ പേരില്‍ അവരുടെ സംഭാവനകള്‍ വിസ്മരിക്കാനുമാവില്ല; മോദിക്കെതിരെ ശിവസേന


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഇവര്‍ എ.എം.എം.എക്ക് കത്തയച്ചത്.

തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്കു കത്തു നല്‍കിയത്. വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) യുടെ പേരിലായിരുന്നു കത്ത്.

മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നു. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്നുവെന്നും കത്തില്‍ പറഞ്ഞിരുന്നു.


ആലപ്പുഴയില്‍ എസ്.എഫ്.ഐ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം; എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു


അക്രമത്തെ അതിജീവിച്ച നടിക്ക് അമ്മയിലെ എല്ലാ അംഗങ്ങളും പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിക്രമത്തെ അമ്മയിലെ എല്ലാ അംഗങ്ങളും ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനമാണു കഴിഞ്ഞ ജനറല്‍ബോഡി യോഗത്തിലുണ്ടായത്. ഈ സാഹചര്യത്തില്‍ അമ്മയുടെ യഥാര്‍ഥ നിലപാടെന്താണെന്നു ഞങ്ങള്‍ക്കറിയേണ്ടതണ്ട്. അതിനു വേണ്ടിയാണ് ഈ കൂടിക്കാഴ്ച ആവശ്യപ്പെടുന്നതെന്നും കത്തില്‍ പറയുന്നു.

അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിനു പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന എ.എം.എം.എയുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്.

സ്ഥലത്തില്ലാതിരുന്നതിനാലാണ് അന്നത്തെ യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നെന്നും കത്തില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു.