തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് എം.പി എ.എം ആരിഫ്. കേരള രാഷ്ട്രീയത്തിലെ ധീരയായ വനിതയായിരുന്നു ഗൗരിയമ്മയെന്നും വിപ്ലവ കേരളത്തിന്റെ സൂര്യ തേജസായിരുന്നുവെന്നും ആരിഫ് അനുസ്മരിച്ചു.
ആലപ്പുഴയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ തന്നെ ഏറെ സഹായിച്ചയാളാണ് ഗൗരിയമ്മയെന്നും ജെ.എസ്.എസ് രൂപീകരിക്കുമ്പോള്‍ താന്‍ കൂടെ ചെല്ലുമെന്ന് ഗൗരിയമ്മ പ്രതീക്ഷിച്ചിരുന്നതായും ആരിഫ് ഓര്‍മിച്ചു.
ഗൗരിയമ്മയ്‌ക്കെതിരെ 2006ല്‍ അരൂരില്‍ മത്സരിച്ചപ്പോഴുണ്ടായ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. കൈരളി ടി. വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആരിഫിന്റെ വാക്കുകള്‍
കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ത്യാഗമനുഭവിച്ച ധീര വനിതയാണ് ഗൗരിയമ്മ. വിപ്ലവ കേരളത്തിന്റെ സൂര്യ തേജസായിരുന്നു.
അവരുടെ ജീവിതാനുഭവങ്ങള്‍ ഒരു പാഠപുസ്‌കമായിരുന്നു. അത്രത്തോളം ത്യാഗമനുഭവിച്ച, രാഷ്ട്രീയ ജീവിതത്തിലൂടെ കടന്നുവന്ന ഗൗരിയമ്മയെ ആദ്യമായി കാണുന്നത് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. ചേര്‍ത്തല എസ്.എന്‍ കോളേജില്‍ മാഗസിന്‍ ആവശ്യാര്‍ത്ഥം കാണാന്‍ ചെന്നപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. അന്നു മുതല്‍ എന്റെ വിവിധ ഘട്ടങ്ങളിലെല്ലാം ഗൗരിയമ്മ എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്.
എന്നെ പൊലീസ് ഭീകരമായി മര്‍ദ്ദിച്ച് ആലപ്പുഴ സബ് ജയിലില്‍ പാര്‍പ്പിച്ചപ്പോള്‍ പിറ്റേദിവസം ഹര്‍ത്താലായിട്ടു കൂടി ഗൗരിയമ്മ ചാത്തനാട്ടെ വീട്ടില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് നടന്നുവന്നു. കേരളത്തില്‍ ആദ്യമായി രൂപീകരിച്ച ജില്ലാ കൗണ്‍സിലിലേക്ക് എന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്നെയും കൂട്ടി അരൂക്കുറ്റി ഡിവിഷനിലെ ആളുകളെ പരിചയപ്പെടുത്തി വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചു. ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്ന് അകന്ന് യു.ഡി.എഫില്‍ ചെന്നപ്പോള്‍ ജില്ലാ കൗണ്‍സിലിന് മുകളിലൂടെ ആലപ്പുഴ വികസന സമിതിയുണ്ടാക്കി.
ജീവിതത്തിലുടനീളം ഒരുപാട് സന്ദര്‍ഭങ്ങളില്‍ ഇണങ്ങിയും പിണങ്ങിയും ഗൗരിയമ്മയുമായി ഒട്ടേറെ അനുഭവങ്ങളുണ്ടായി.
2006ല്‍ ഗൗരിയമ്മയോട് മത്സരിച്ച് വിജയിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്റെ മനസില്‍ വിജയത്തിന്റെ ഒരു വലിയ സന്തോഷ ഭാവമായിരുന്നില്ല. മറിച്ച് ഒരു കുറ്റബോധമായിരുന്നു എന്നെ വേട്ടയാടിയത്. അതുകൊണ്ടാണ് പുറമേ സന്തോഷം അകമേ നീറ്റലുമെന്നാണ് അന്ന് ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അവസാന നാളുകളിലുടനീളം ഗൗരിയമ്മ ഇടതുപക്ഷത്തോടൊപ്പം നിന്നു. എന്നെ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തീരുമാനിക്കുന്നതിനിടെ ഞാന്‍ ഗൗരിയമ്മയെ നേരിട്ട് കണ്ടപ്പോള്‍ എന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. നൂറാം ജന്മദിനം ഇവിടെ ആഘോഷിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗൗരിയമ്മ പാര്‍ട്ടിക്കകത്തെ പഴയ സംഭവങ്ങളും പരിഭവവുമെല്ലാം പറഞ്ഞ് പ്രസംഗിച്ചു.
കുറ്റപ്പെടുത്തലുകളും പരിഭവങ്ങളുമെല്ലാം പങ്കുവെച്ച കൂട്ടത്തില്‍ അന്ന് ഗൗരിയമ്മ പറഞ്ഞു, ‘ചെയ്തത് എല്ലാം ശരിയാണെന്ന് ഞാന്‍ പറയുന്നില്ല. ഇല്ലെങ്കില്‍ ഈ ചെറുക്കന്‍ എന്നെ വന്ന് തോല്‍പ്പിക്കില്ലായിരുന്നല്ലോ’ എന്ന്.
ജീവിതത്തില്‍ പലഘട്ടങ്ങളില്‍ അവനെ സഹായിച്ചു, എന്നിട്ടും അവനെന്നെ തോല്‍പ്പിച്ചു എന്നൊക്കെ ആ ഘട്ടത്തില്‍ ഗൗരിയമ്മ പറയുകയുണ്ടായി.
ജെ.എസ്.എസ് രൂപീകരിച്ച് പോയപ്പോള്‍ ഒപ്പം ഞാനും ചെല്ലും എന്ന് ഗൗരിയമ്മ പ്രതീക്ഷിച്ചിരുന്നു. പല പൊതു വേദികളിലും പ്രസംഗം നിര്‍ത്തി വെച്ചിട്ട്, ആരാ കടന്നു വരുന്നത്? ആരിഫാണോ? എന്നൊക്കെ വെറുതെ കുത്തി ചോദിക്കുമായിരുന്നു.
സമൂഹത്തിന്റെ ഇടയില്‍ ഞാനും ഗൗരിയമ്മയ്‌ക്കൊപ്പമുണ്ട് ഞാനും വരുമെന്നൊക്കെയുള്ള പ്രതീക്ഷയായിരുന്നു ഗൗരിയമ്മക്ക്. അതെല്ലാം കഴിഞ്ഞ് ഗൗരിയമ്മക്കെതിരെ മത്സരിച്ച കാലത്ത് പരസ്പരം മത്സര വേളയില്‍ കണ്ടെങ്കിലും എന്നെ കണ്ട ഭാവം നടിച്ചിരുന്നില്ല. ഏതോ ഒരു പയ്യനാണ് അവിടെ മത്സരിക്കുന്നതെന്നൊക്കെ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പക്ഷെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഞാനും ഗൗരിയമ്മയും കൗണ്ടിംഗ് സ്റ്റേഷനില്‍ ഒരുമിച്ച് ഒരുപാട് നേരം ഇരുന്നു. ഓരോഘട്ടത്തിലും എനിക്ക് ലീഡ് കൂടുമ്പോഴും ആ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ലാതെ ഇരുന്നു. കൗണ്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ 4,650 വോട്ടിന് ഞാന്‍ ജയിച്ചു. അപ്പോള്‍ എന്റെ കൈ പിടിച്ച് കുലുക്കി, കണ്‍ഗ്രാജുലേഷന്‍സ് എന്ന് പറഞ്ഞു.
‘എനിക്ക് ആരിഫിനെ പോലെ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കണം’ എന്ന് നവതി ആഘോഷിക്കുന്ന വേളയില്‍ ഗൗരിയമ്മ പറഞ്ഞു, അതാണ് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ വലിയ അംഗീകാരം. പഠിക്കാന്‍ ഒത്തിരി ഒത്തിരിയുള്ള നേതാവാണ് ഗൗരിയമ്മ.
ഹൃദയം കൊണ്ട് എന്നെ സ്‌നേഹിച്ചയാളാണ് ഗൗരിയമ്മ, ഞാനും അതെ, ആരിഫ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: A M Ariff MP shares experience about KR Gouri Amma