കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണം; മുഖ്യമന്ത്രിയോട് എ.എം. ആരിഫ് എം.പി.
Kerala News
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണം; മുഖ്യമന്ത്രിയോട് എ.എം. ആരിഫ് എം.പി.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th July 2021, 11:12 pm

ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് എ.എം. ആരിഫ് എം.പി. കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ആരിഫ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.

രണ്ടര മാസത്തില്‍ അധികമായി കടകള്‍ വല്ലപ്പോഴുമാണ് തുറക്കാന്‍ സാധിക്കുന്നത്. കടകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. ആയതിനാല്‍ സാഹചര്യം സമഗ്രമായി വിലയിരുത്തി കടകള്‍ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍  ആവശ്യപ്പെട്ടതായി ആരിഫ് ഫേസ്ബുക്കില്‍ കുറിച്ചു.

കടകള്‍ പൂര്‍ണമായും തുറക്കാന്‍ കഴിയാത്തതില്‍ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇളവ് അനുവദിക്കാമെങ്കിലും കടകള്‍ പൂര്‍ണമായും തുറക്കാന്‍ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കടകള്‍ തുറക്കണമെന്ന വ്യാപാരികളുടെ വികാരം മനസിലാക്കുന്നു. ആ വികാരം മനസിലാക്കി അവരോടൊപ്പം നില്‍ക്കുകയും ചെയ്യാം. പക്ഷെ നിലവിലെ സാഹചര്യത്തില്‍ കടകള്‍ പൂര്‍ണമായി തുറക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വേറെ നിലയില്‍ മുന്നോട്ട് പോയാല്‍ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മനസിലാക്കി കളിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എ,ബി,സി എന്നീ വിഭാഗങ്ങളാക്കിക്കൊണ്ടാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. അതേനില ഒരാഴ്ചകൂടി തുടരാനാണ് നീക്കം.
എ,ബി,സി വിഭാഗങ്ങളില്‍ പ്രവര്‍ത്താനാനുമതിയുള്ള കടകള്‍ക്ക് രാത്രി എട്ടുമണിവരെ പ്രവര്‍ത്തിക്കാം. ബാങ്കുകളില്‍ തിങ്കള്‍മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കും.

ഇലക്ട്രോണിക്‌സ് കടകള്‍ കൂടുതല്‍ ദിവസം തുറക്കാന്‍ തീരുമാനിക്കും. വ്യാപനം കൂടുന്ന പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: A M Ariff MP sent letter to Pinarayi vijayan to open shops