| Tuesday, 29th September 2020, 8:01 am

'രാഷ്ട്രീയ വിയോജിപ്പ് വ്യക്തിപരമല്ല'; പാര്‍ട്ടി ഓഫീസ് കത്തിച്ച കേസില്‍ കോടതി വെറുതെ വിട്ട ജോഷിയുടെ പിഴതുക കെട്ടിവെക്കാമെന്ന് ആരിഫ് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഓഫീസ് കത്തിച്ച സംഭവത്തില്‍ കോടതി വെറുതെ വിട്ട പ്രതിക്ക് പിഴത്തുക കെട്ടിവെക്കാമെന്ന് അറിയിച്ച് ആരിഫ് എം.പി. ജയിലില്‍ കഴിയുന്ന കണ്ണഞ്ചേരി കണ്ടത്തില്‍ വീട്ടില്‍ എസ്. ജോഷിയുടെ പിഴത്തുക അടക്കാമെന്നാണ് ആരിഫ് അറിയിച്ചത്.

2019ല്‍ നടന്ന ലോക് സഭാതെരഞ്ഞെടുപ്പിന്റെ സമയത്താണ് മണ്ണഞ്ചേരിയിലെ തെരഞ്ഞെടുപ്പ് ഓഫീസ് തീവെച്ചെന്ന കേസില്‍ ജോഷിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കോടതി ഇയാളെ സെപ്തംബര്‍ 17നാണ് വിട്ടയക്കുകയായിരുന്നു.

എന്നാല്‍ ഇദ്ദേഹത്തിനെതിരെ രണ്ട് കേസുകള്‍ കൂടിയുണ്ടെന്നും അതില്‍ ഒന്നില്‍ പിഴത്തുക അടക്കണമെന്നുമാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ജോഷിയോട് രാഷ്ട്രീയ വിയോജിപ്പല്ലാതെ വ്യക്തിപരമായ വിദ്വേഷമില്ലാത്തതിനാല്‍ കേസില്‍ പിഴത്തുക അടക്കാന്‍ തയ്യാറാണെന്ന് ആരിഫ് ഫേസ്ബുക്കില്‍ കുറിച്ചു.

‘മറ്റു രണ്ടു കേസുകള്‍ കൂടി ഇദ്ദേഹത്തിന് ഉണ്ടെന്നും അതില്‍ ഒരു കേസില്‍ പിഴ അടയ്ക്കാന്‍ ഉണ്ടെന്നുമാണ് ജയില്‍ അധികൃതര്‍ അറിയിക്കുന്നത്. രാഷ്ട്രീയ വിയോജിപ്പ് അല്ലാതെ,അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരു വിദ്വേഷവും ഇല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിടുതലുമായി ബന്ധപ്പെട്ടു ചെയ്യുവാന്‍ സാധിക്കുന്ന എന്തും ചെയ്യാന്‍ സന്നദ്ധനാണ്. ബാക്കിയുള്ള രണ്ടു കേസുകളില്‍ ഒന്നില്‍ അദ്ദേഹത്തിന് അടയ്ക്കുവാനുള്ള പിഴത്തുക അടയ്ക്കാം എന്ന് അറിയിച്ചിട്ടുണ്ട്,’ എ.എം ആരിഫ് പറഞ്ഞു.

പിഴത്തുക അടച്ചു കഴിഞ്ഞാല്‍ ജോഷിക്ക് പുറത്തിറങ്ങാന്‍ സാധിക്കുമെന്നും അതിന് വേണ്ടിയുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ അധികൃതരുടെ നടപടിയില്‍ ജോഷിയുടെ ഭാര്യ ഓമന ജില്ലാ നിയമ സേവന അതോറിറ്റിയില്‍ ഹരജി നല്‍കിയിരുന്നു. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്.

ജോഷിക്കെതിരെ ചുമത്തിയ കേസുകളില്‍ ഒന്നിന്റെ കേസില്‍ ഒരുവര്‍ഷം തടവിനും 1000 രൂപ പിഴയ്ക്കുമാണ് വിധിച്ചത്. ഈ കേസിന്റെ ശിക്ഷാ കാലാവധി ഒക്ടോബര്‍ ഏഴിനാണ് അവസാനിക്കുക.

പിഴത്തുകയായ 1000 രൂപ അടച്ചില്ലെങ്കില്‍ 10 ദിവസം കൂടി ജയിലില്‍ കഴിയേണ്ടി വരും. ഈ പിഴത്തുകയാണ് ആരിഫ് എം.പി അടയ്ക്കാമെന്ന് അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു, എല്‍.ഡി.എഫിന്റെ പ്രചാരണ ഓഫീസ് കത്തിച്ചതിനു മണ്ണഞ്ചേരിയിലെ ജോഷി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം കുറ്റക്കാരന്‍ അല്ല എന്ന് കണ്ടു കോടതി വെറുതെ വിട്ടിരുന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് പക്ഷെ പുറത്തിറങ്ങാന്‍ ആകാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. മറ്റു രണ്ടു കേസുകള്‍ കൂടി ഇദ്ദേഹത്തിന് ഉണ്ടെന്നും അതില്‍ ഒരു കേസില്‍ പിഴ അടയ്ക്കാന്‍ ഉണ്ടെന്നുമാണ് ജയില്‍ അധികൃതര്‍ അറിയിക്കുന്നത്.

രാഷ്ട്രീയ വിയോജിപ്പ് അല്ലാതെ,അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരു വിദ്വേഷവും ഇല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിടുതലുമായി ബന്ധപ്പെട്ടു ചെയ്യുവാന്‍ സാധിക്കുന്ന എന്തും ചെയ്യാന്‍ സന്നദ്ധനാണ്. ബാക്കിയുള്ള രണ്ടു കേസുകളില്‍ ഒന്നില്‍ അദ്ദേഹത്തിന് അടയ്ക്കുവാനുള്ള പിഴത്തുക അടയ്ക്കാം എന്ന് അറിയിച്ചിട്ടുണ്ട്. പിഴ തുക അടച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്നും പുറത്തു എത്തുവാന്‍ സാധിക്കും. അതിനു വേണ്ടിയുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: A.M Ariff informed that he will pay the fine of S . Joshi

We use cookies to give you the best possible experience. Learn more