തിരുവനന്തപുരം: ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്റെ പ്രവചനം തെരഞ്ഞെടുപ്പില്‍ തനിക്ക് ദേഷം ചെയ്‌തെന്ന് നിയുക്ത എംപി എ.എം ആരിഫ്. ആലപ്പുഴ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റാല്‍ താന്‍ തല മൊട്ടയടിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. എന്നാല്‍, ആലപ്പുഴയില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായില്ലെന്നും വെള്ളാപ്പള്ളിയുടെ പ്രസാതാവന തനിക്ക് ദേഷമാണ് ചെയ്തതെന്നും ആരിഫ് തുറന്നടിച്ചു.
ആലപ്പുഴയില്‍ ഈഴവരുടെ വോട്ടുകൊണ്ടാണ് എല്‍.ഡി.എഫ് ജയിച്ചതെന്ന് വെള്ളാപ്പള്ളിയുടെ വാദം കഴിഞ്ഞ ദിവസം ആരിഫ് തള്ളിയിരുന്നു. ഏതെങ്കിലും സമുദായത്തിന്റെ വോട്ടുകൊണ്ടല്ല താന്‍ ജയിച്ചതെന്നായിരുന്നു ആരിഫിന്റെ മറുപടി. എസ്.എന്‍.ഡി.പിയുടെയും എന്‍.എസ്.എസിന്റെയും അടക്കം എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചു. വെള്ളാപ്പള്ളി അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ആരിഫ് പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചെങ്കിലും കുറവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആരിഫ് ജനകീയനാണ്. എണ്ണി നോക്കേണ്ടി വരില്ല. അദ്ദേഹംതന്നെ ജയിക്കും. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകും’ ഇതായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍. തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കാനിറങ്ങാതിരുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു.