ആലപ്പുഴ: കായംകുളം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെതിരായ വിവാദപരാമര്‍ശം പിന്‍വലിക്കില്ലെന്ന് ആലപ്പുഴ എം.പി എ. എം ആരിഫ്. താന്‍ പറഞ്ഞതില്‍ തെറ്റുള്ളതായി തോന്നുന്നില്ലെന്നും പ്രരാബ്ധം പറഞ്ഞ് വോട്ടു ചോദിക്കുന്ന രീതിക്കെതിരെയാണ് തന്റെ വിമര്‍ശനമെന്നും ആരിഫ് പറഞ്ഞു. മീഡിയാ വണ്‍ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒരാളുടെ പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ട് നേടാന്‍ ശ്രമിക്കുന്ന ഒരു രീതിയെയാണ് ഞാന്‍ വിമര്‍ശിച്ചത്. ഞാന്‍ എന്തിനാണ് പിന്‍വലിക്കേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല. അവര്‍ ഇതൊക്കെ വോട്ടാക്കിമാറ്റാന്‍ ശ്രമിക്കുകയാണ് എന്നല്ലാതെ എനിക്ക് ഇതിനെക്കുറിച്ചൊന്നും പറയാനില്ല. ഞാന്‍ ഒരു തെറ്റ് പറഞ്ഞതായി എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല,’ ആരിഫ് പറഞ്ഞു.
പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, ഇത് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം.
കായംകുളത്ത് സിറ്റിംഗ് എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ യു. പ്രതിഭയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാ സംഗമത്തില്‍ സംസാരിക്കവെയായിരുന്നു ആരിഫിന്റെ വിവാദ പരാമര്‍ശം.
ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. പ്രാരാബ്ധം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തെരഞ്ഞെടുപ്പ്? പ്രരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണം എന്നുമായിരുന്നു ആരിഫ് പറഞ്ഞത്.
എം.പിയുടെ പരാമര്‍ശം വിഷമമുണ്ടാക്കിയെന്ന് അരിതാ ബാബു പ്രതികരിച്ചു. തൊഴിലാളി പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് ഇങ്ങനെ ഒരു പരാമര്‍ശമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സാധാരണക്കാരായ തൊഴിലാളികളെയാകെയാണ് ആരിഫ് അപമാനിച്ചതെന്നും അരിതാ ബാബു പറഞ്ഞു.
ആരിഫിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അരിതാ ബാബു വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക