കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ താരസംഘടനയായ A.M.M.A യിലെ വനിതാ ഭാരവാഹികള്‍ കക്ഷിചേരും. വനിതാ ഭാരവാഹികളായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരാണ് കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിക്കൊപ്പം അല്ല നടനൊപ്പമാണ് താരസംഘടന എന്ന വിമര്‍ശനം ഇല്ലാതാക്കാനാണ് ഈ നീക്കമെന്നാണ് സൂചന. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യവും ഇന്നാണ് പരിഗണിക്കുന്നത്. വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക അതിവേഗ കോടതിയും വേണമെന്ന നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
അതേസമയം ഈ അവശ്യം മുന്‍നിര്‍ത്തി നടി എറണാകുളം പ്രിനിസിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളിയിരുന്നു. ജില്ലയിലെ സെഷന്‍സ് കോടതിയിലോ അഡീഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ന്യായാധിപന്‍മാരില്ലാത്തതാണ് ആവശ്യം തള്ളാന്‍ കാരണം. എന്നാല്‍ പ്രൊസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.