സ്റ്റാര്‍ഡത്തെക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് കഥാപാത്രം ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തിക്കാണെന്ന് ആസിഫ് അലി. സ്റ്റാര്‍ഡവും സെലിബ്രിറ്റി ലൈഫും കണ്ടിട്ടാണ് സിനിമയിലേക്ക് വന്നതെന്നും അതിന് ശേഷമാണ് കഥാപാത്രങ്ങളില്‍ നിന്നും ലഭിക്കുന്ന തൃപ്തിയെന്താണെന്ന് മനസിലാക്കുന്നതെന്നും ആസിഫ് പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്നും ലഭിക്കുന്ന ഒരു തൃപ്തി ഉണ്ട്. നല്ല സിനിമയുടെ ഭാഗമാവുക, നല്ല കഥാപാത്രങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുക. സ്റ്റാര്‍ഡവും സെലിബ്രിറ്റി ലൈഫും കണ്ടിട്ടാണ് സിനിമയിലേക്ക് വന്നതും സിനിമ ഇഷ്ടപ്പെട്ടതും. സിനിമയില്‍ വന്നതിന് ശേഷമാണ് കഥാപാത്രങ്ങളില്‍ നിന്നും ലഭിക്കുന്ന തൃപ്തിയെന്താണെന്ന് മനസിലാക്കുന്നത്. ചെയ്യുന്ന കഥാപാത്രങ്ങള്‍ ആളുകള്‍ ഇഷ്ടപ്പെടുകയും അതിനെ പറ്റി അവര്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷമുണ്ട്. അത് സ്റ്റാര്‍ഡത്തിനെക്കാളും ഒരുപാട് വലുതാണ്.
സ്റ്റാര്‍ത്തെ പറ്റി ഞാന്‍ ബോധവാനല്ല. ഉയരെയിലെ കഥാപാത്രം ചെയ്യരുതെന്ന് എന്നോട് ഒരുപാട് പേര് പറഞ്ഞിരുന്നു. അതിന് മുന്നേ ഇറങ്ങിയ സണ്‍ഡേ ഹോളിഡേ ഒരു ഫാമിലി ഹിറ്റായിരുന്നു. അതിന് ശേഷം നെഗറ്റീവ് കഥാപാത്രം ചെയ്യരുതെന്ന് പലരും പറഞ്ഞു. പക്ഷേ എനിക്ക് ആ കഥാപാത്രം ഭയങ്കരമായി വര്‍ക്കായി.
കാസ്റ്റിങ് ചെയ്യുമ്പോള്‍ നമ്മുടെ കഥാപാത്രം ഹീറോ ആണോ വില്ലനാണോ എന്ന് ചോദിച്ചാല്‍ അതിന് ഉത്തരമുണ്ടാവരുത്. ആ സിനിമയില്‍ നമ്മള്‍ പ്രെഡിക്ടബിള്‍ ആവരുത്. കഥാപാത്രത്തില്‍ അപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടും,’ ആസിഫ് അലി പറഞ്ഞു.
ഒറ്റയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന സത്യരാജിന്റെ ചിത്രം. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം കൂടിയാണ് ഒറ്റ. ഒക്ടോബര്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.
Content Highlight: A lot of people said not to do the character of uyare movie, says Asif Ali