സ്വവര്‍ഗലൈംഗികത കുറ്റകരമല്ലെന്ന് സുപ്രധാന വിധി പ്രഖ്യാപിച്ച് കൊണ്ട് കോടതി പറഞ്ഞത് ഇപ്രകാരമാണ്: 377ാം വകുപ്പ് ഏകപക്ഷീയമാണ്, മറ്റു പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും എല്‍ ജി ബി ടി സമൂഹത്തിനുമുണ്ട്, ഭൂരിപക്ഷാഭിപ്രായത്തിന്റെയും പൊതുധാര്‍മ്മികതയുടെയും പേരില്‍ വ്യക്തികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കാന്‍ കഴിയില്ല.
എല്‍.ജി.ബി.ടി.ക്യു.പ്ലസ് അവകാശപോരാട്ട രംഗത്തെ സുപ്രധാന നാഴികകല്ലാണ് 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയതിലൂടെ ഉണ്ടായിരിക്കുന്നത്. സുരേഷ് കുമാര്‍ കൗശല്‍ കേസില്‍ സ്വവര്‍ഗലൈംഗികത കുറ്റകരമാക്കിയ സുപ്രീംകോടതിയുടെ തന്നെ വിധിയെ മറികടന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ വിജയത്തിന്റെ പശ്ചാത്തലത്തില്‍ വിധിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരും അതിനെ എതിര്‍ത്തവരും ആരെല്ലാമാണെന്ന് പരിശോധിക്കാം
അജിത് പ്രകാശ് ഷാ, എസ്. മുരളീധര്‍
2009 ജൂലൈയില്‍ രാജ്യത്ത് സ്വവര്‍ഗലൈംഗികത നിയമവിധേയമാണെന്ന വിധി പുറപ്പെടുവിച്ചിരുന്നത് അന്നത്തെ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എ.പി ഷാ ആയിരുന്നു. ബ്രിട്ടീഷുകാര്‍ വരെ സ്വവര്‍ഗികത നിയമവിധേയമാക്കിയെങ്കിലും കൊളോണിയല്‍ കാലം മുതല്‍ നിലവിലുണ്ടായിരുന്ന ഈ നിയമം രാജ്യത്തെ ലൈംഗികന്യൂനപക്ഷങ്ങളെയും സ്വവര്‍ഗ പങ്കാളികളെയും വേട്ടയാടാനാണ് ഉപയോഗിച്ചിരുന്നത്.
ജൂലൈ 2 2009ല്‍ ജസ്റ്റിസ് ഷായും ജസ്റ്റിസ് എസ്. മുരളീധറും ചേര്‍ന്ന് പുറപ്പെടുവിച്ച 105 പേജുള്ള വിധിയില്‍ 377ാം വകുപ്പ് ആര്‍ട്ടിക്ക്ള്‍ 21ന്റെയും 14ന്റെയും 15ന്റെയും ലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു. നാസ് ഫൗണ്ടേഷനും ദല്‍ഹി സര്‍ക്കാരും തമ്മില്‍ നടന്ന ഈ കേസില്‍ ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന സ്വവര്‍ഗബന്ധത്തിനാണ് കോടതി അനുമതി നല്‍കിയത്.
2013ല്‍ ലൈവ്മിന്റിന് നല്‍കിയ അഭിമുഖത്തില്‍ സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കിയ വിധിയെ തുടര്‍ന്ന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. രാജ്യത്ത് വളര്‍ന്നു വരുന്ന ഇത്തരം പ്രവണതകളെ ഒരു ജനാധിപത്യ വിശ്വാസിക്ക് ആശങ്കയോടെയല്ലാതെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഷായുടെയും മുരളീധറിന്റെയും 2009ലെ വിധി രാജ്യത്തെ എല്‍.ജി.ബി.ടി മൂവ്‌മെന്റിന് രൂപമുണ്ടാക്കി കൊടുക്കുകയാണ് ചെയ്തത്.
അഞ്ജലി ഗോപാലന്‍
നാസ് ഫൗണ്ടേഷന്‍ സ്ഥാപകയും അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അഞ്ജലി ഗോപാലന്‍ 377ാം വകുപ്പിനെതിരായ നിയമപോരാട്ടത്തില്‍ മുന്നില്‍ നിന്ന വ്യക്തിയാണ്. നാസ് ഫൗണ്ടേഷന്റെ പരാതിയിലാണ് 2009ല്‍ താത്ക്കാലികമായെങ്കിലും സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കി കിട്ടിയത്.
ദല്‍ഹി ഹൈക്കോടതിയുടെ 2009ലെ വിധി നിരവധി പേര്‍ക്ക് തങ്ങളുടെ ലൈംഗികത വെളിപ്പെടുത്താന്‍ ധൈര്യം നല്‍കിയിരുന്നുവെന്ന് ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി ഗോപാലന്‍ പറഞ്ഞിരുന്നു. എന്നാല്‍ 2013ല്‍ സുപ്രീംകോടതി സ്വവര്‍ഗലൈംഗികത വീണ്ടും കുറ്റകരമാക്കിയത് നമ്മുടെ രാജ്യം ലൈംഗിക ന്യൂനപക്ഷങ്ങളോട് കാണിക്കുന്നതിന്റെ പ്രതിഫലനമാണെന്നും അവര്‍ പറഞ്ഞിരുന്നു.നമ്മള്‍ കൂടുതല്‍ കൂടുതല്‍ അസഹിഷ്ണുതയുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണെന്നും അഞ്ജലി ഗോപാലന്‍ പറയുകയുണ്ടായി.
ആനന്ദ് ഗ്രോവര്‍
2009ല്‍ നാസ് ഫൗണ്ടേഷന്റെ കേസ് വാദിച്ചിരുന്നത് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ ആനന്ദ് ഗ്രോവറായിരുന്നു. രാജ്യത്തെ എല്‍.ജി.ബി.ടി സമൂഹത്തിന് നിരന്തരം ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് ഗ്രോവര്‍. 2013ല്‍ സുപ്രീംകോടതി വിധി എതിരായപ്പോഴും അന്തിമവിജയം എല്‍.ജി.ബി.ടി സമൂഹത്തിന്റേതായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച സുപ്രീംകോടതി ബെഞ്ച്
2017 ആഗസ്റ്റില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് സ്വകാര്യതമൗലികാവകാശമായി വിധിക്കുകയുണ്ടായി. ആധാര്‍ കേസിലായിരുന്നു സുപ്രീംകോടതിയുടെ വിധിയെങ്കിലും ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സുപ്രീംകോടതി ജഡ്ജുമാര്‍ 377ാം വകുപ്പ് വിഷയം വീണ്ടും കൊണ്ടുവന്നു.
കേസില്‍ പ്രധാനവിധി പ്രഖ്യാപിച്ച് കൊണ്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പ്രഖ്യാപിച്ചത് ഇപ്രകാരമായിരുന്നു. “”മനുഷ്യന്റെ നിലനില്‍പിന് ഏറ്റവും ആവശ്യമായ അവകാശങ്ങളാണ് ജീവിതവും വ്യക്തിസ്വാതന്ത്ര്യവും. അതിനെ ഹനിക്കുന്നതാണ് വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കുന്നതിലൂടെ തടയുന്നത്. സ്വകാര്യതയെന്നത് അന്യാധീനപ്പെടുത്താന്‍ കഴിയാത്ത സ്വാഭാവികാവകാശമാണ്””
“ലൈംഗികത സ്വകാര്യതയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ലൈംഗികതയുടെ പേരില്‍ ഒരാള്‍ക്കെതിരായി വിവേചനം കാണിക്കുന്നത് അയാളുടെ ആത്മാഭിമാനത്തിനെതിരായ ഏറ്റവും വലിയ ആക്രമണമാണ്. തുല്ല്യതയെന്നാല്‍ സമൂഹത്തിലെ ഒരോ വ്യക്തിയുടെയും സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നാണ്”
ലൈംഗികതയെന്നത് റൈറ്റ് ഓഫ് ചോയ്‌സില്‍ അന്തര്‍ലീനമാണെന്നതിനാല്‍ സ്വകാര്യതയുടെ മുഖമാണിതെന്നാണ് ഉത്തരവ് പറയുന്നത്. വളരെചെറിയ ജനവിഭാഗമാണെങ്കില്‍ പോലും ഒരു കാരണത്താലും സ്വകാര്യത ലംഘിക്കപ്പെടാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. 2013ലെ വിധിയില്‍ എല്‍.ജി.ബി.ടി പ്ലസ് സമൂഹത്തെ ചെറിയന്യൂനപക്ഷമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നത്.
സെക്ഷന്‍ 377 കേസിലെ പരാതിക്കാര്‍
സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനുള്ള പോരാട്ടം വളരെ നീണ്ടതായിരുന്നു. ഇതിനാല്‍ തന്നെ നിരവധി പേരാണ് തുല്ല്യതയ്ക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ അണി നിരന്നത്. ഇതില്‍ 2016ല്‍ നവതേജ് സിങ് ജോഹര്‍, സുനില്‍ മെഹ്റ, റിതു ഡാല്‍മിയ, അമാന്‍ നാഥ്, അയേഷ കപൂര്‍ എന്നീ അഞ്ച് പേര്‍ സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിയാണ് ഇന്നത്തെ വിധിയ്ക്ക് കാരണമായത്. 377 നെതിരെ പോരാട്ടം നടത്തിയവരില്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥികളുടെയും അലുമ്‌നിയുടെയും ഇരുപതംഗം സംഘമുണ്ടായിരുന്നു.
മേനക ഗുരുസ്വാമി
377 റദ്ദാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അഭിഭാഷകയാണ് മേനകഗുരുസ്വാമി. ഹരജിക്കാരായിരുന്ന ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്കും അലുമ്‌നി സംഘത്തിനും വേണ്ടി വാദിച്ചിരുന്നത് മേനക ഗുരുസ്വാമിയായിരുന്നു. വെറും ലൈംഗികതയല്ലായെന്നും ഭരണഘടനാംഗീകാരം ലഭിക്കേണ്ട സ്‌നേഹമാണിതെന്നും കോടതിയില്‍ പറഞ്ഞിരുന്നു.
സുരേഷ് കുമാര്‍ കൗശല്‍
2013 ഡിസംബറില്‍ സുരേഷ് കുമാര്‍ കൗശല്‍ നല്‍കിയ കേസിലാണ് ജസ്റ്റിസുമാരായ ജി.എസ് സിങ്‌വി, എസ്.ജെ മുഖോപാധ്യായ എന്നിവര്‍ ദല്‍ഹി ഹൈക്കോടതി വിധിയെ തള്ളി സ്വവര്‍ഗരതി വീണ്ടും നിയമവിരുദ്ധമാക്കിയത്.
സുരേഷ് കുമാര്‍ കൗശലും മുസ്‌ലിം പെഴ്‌സണല്‍ ബോര്‍ഡും ട്രസ്റ്റ് ഗോഡ് മിഷണറീസും ക്രാന്തികാരി മനുവാദി മോര്‍ച്ചയും ചേര്‍ന്ന് നല്‍കിയ ഹരജി സ്വവര്‍ഗരതി കുറ്റകരമാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്നും മതപരമായ എതിര്‍പ്പുള്ളത് കൊണ്ടാണ് ദല്‍ഹി ഹൈക്കോടതി വിധിയ്‌ക്കെതിരായി ഹരജിക്ക് പോകാനുള്ള കാരണമെന്നും കൗശല്‍ ദ ഹിന്ദുവിനോട് പറഞ്ഞിരുന്നു. സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കപ്പെട്ടതോട് കൂടെ സ്വര്‍ഗാനുരാഗികള്‍ അമ്പലങ്ങളിലും ഗുരുദ്വാരകളിലും വിവാഹം നടത്തി തരാന്‍ എത്തിയെന്നും ഇത് അവസാനിപ്പിക്കേണ്ടതുണ്ടായെന്നും കൗശല്‍ പറഞ്ഞിരുന്നു.
ബി.പി സിംഗാള്‍, സുബ്രഹ്മണ്യന്‍ സ്വാമി
സ്വവര്‍ഗലൈംഗികത പ്രകൃതി വിരുദ്ധമാണെന്ന് വാദിച്ചവരില്‍ മുന്‍നിരയിലുണ്ടായിരുന്നത് സംഘപരിവാര്‍ നേതാക്കളായ സുബ്രഹ്മണ്യന്‍ സ്വാമിയും ബി.പി സിംഗാളുമായിരുന്നു. ദല്‍ഹി ഹൈക്കോടതി വിധിയെ വെല്ലുവിളിച്ചിരുന്ന സിംഗാള്‍ സ്വവര്‍ഗലൈംഗികത കുറ്റകരമാണെന്നും അത് അധാര്‍മ്മികവും ഇന്ത്യന്‍ സംസ്‌ക്കാരത്തിന് നിരക്കുന്നതല്ലെന്നും വാദിച്ചിരുന്നു.
സ്വവര്‍ഗ ലൈംഗികത ഹിന്ദുത്വയ്ക്ക് എതിരാണെന്നും അമേരിക്കന്‍ ശീലമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. ഇന്ന് സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സ്വാമി പ്രതികരിച്ചിരുന്നത് രാജ്യത്ത് എച്ച്.ഐ.വി രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും ഗേബാറുകളുണ്ടാകുമെന്നുമായിരുന്നു.
ബാബ രാംദേവ്
സ്വവര്‍ഗലൈംഗികത രോഗമാണെന്നും അതിന് തന്റെ പക്കല്‍ ചികിത്സയുണ്ടെന്നുമാണ് രാംദേവ് പറഞ്ഞിരുന്നത്. യോഗയിലൂടെ സ്വവര്‍ഗലൈംഗികത മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്ത് എല്‍.ജി.ബി.ടി സമൂഹത്തെ ബാബരാംദേവ് തന്റെ ആശ്രമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
കടപ്പാട്: ദ വയര്‍
A Look Back At Those Who Aided, and Hindered, the Fight Against Section 377