| Monday, 22nd January 2018, 11:31 am

'ഇത് അഭിമുഖമല്ല, പി.ആര്‍ വര്‍ക്കാണ്; നട്ടെല്ലില്ലാത്ത അവതാരകര്‍' ; മോദിയുടെ ടൈംസ് നൗ ഇന്റര്‍വ്യൂയ്‌ക്കെതിരെ സോഷ്യല്‍മീഡിയ

ജിന്‍സി ടി എം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടൈംസ് നൗ ചാനല്‍ നടത്തിയ അഭിമുഖത്തിനെതിരെ സോഷ്യല്‍ മീഡിയ. അഭിമുഖമെന്ന രീതിയില്‍ പി.ആര്‍ പ്രമോഷനാണ് ടൈംസ് നൗ ചാനല്‍ നടത്തിയെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

മോദിയുടെ അഭിമുഖത്തിന്റെ വീഡിയോ ടൈംസ് നൗ അവരുടെ ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് ഇത് മോദിയുടെ പ്രസംഗമാണെന്നും അഭിമുഖമെന്ന് വിളിക്കരുതെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയ രംഗത്തുവന്നിരിക്കുന്നു.

“നിങ്ങള്‍ പ്രധാനമന്ത്രിയോട് ഇന്ധന വിലയെക്കുറിച്ച് ചോദിച്ചോ?, 2014ല്‍ ഉറപ്പുനല്‍കിയ 2കോടി തൊഴിലവസരങ്ങളെക്കുറിച്ച് ചോദിച്ചോ?, നാണയപ്പെരുപ്പത്തെക്കുറിച്ച് ചോദിച്ചോ?, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീസുരക്ഷയെക്കുറിച്ച് ചോദിച്ചോ?” എന്നാണ് ഒരാളുടെ കമന്റ്.

ചോദ്യം ചോദിക്കാനുള്ള ധൈര്യം മാധ്യമങ്ങള്‍ക്ക് ഇല്ലെന്നാണ് മറ്റൊരാളുടെ പ്രതികരണം. “ചോദിക്കാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ക്കില്ല. അവര്‍ക്കെല്ലാം സമയം കളയലാണ്. അവര്‍ക്ക് വെറും ടി.ആര്‍.പി മതി. ചോദിക്കാന്‍ ജനങ്ങള്‍ മാത്രമേയുള്ളൂ. അവര്‍ ചോദിച്ചാലും അദ്ദേഹം പ്രതികരിക്കാന്‍ പോകുന്നില്ല.”

“നട്ടെല്ലില്ലാത്ത അവതാരകര്‍, മോദിയുടെ പ്രസംഗവും കേട്ടിരിക്കുന്നു.” എന്നാണ് മറ്റൊരു പ്രതികരണം.

അഭിമുഖത്തിനായി മോദി സീന്യൂസ് ഹിന്ദിയെയും ടൈംസ് നൗവിനെയുമാണ് അനുവദിച്ചത്. “ഹിന്ദിയിലെയും ഇംഗ്ലീഷിലെയും അവരുടെ വളര്‍ത്തുപട്ടികള്‍ക്കുള്ള സമ്മാനം” എന്നാണ് ഈ ചാനലുകളെ തെരഞ്ഞെടുത്തത് സൂചിപ്പിച്ചുകൊണ്ടുള്ള ഒരാളുടെ പ്രതികരണം.

കഴിഞ്ഞദിവസമാണ് മോദി ടൗംസ് നൗ, സീ ന്യൂസ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവന്നത്.

മോദിയുമായുള്ള അഭിമുഖം അദ്ദേഹത്തിന് സ്വയം പ്രശംസിക്കാനുള്ള അവസരം നല്‍കലാണെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിരുന്നു. ഇതിനകമുള്ള ഭരണത്തില്‍ എന്തൊക്കെ നേടി, എന്തൊക്കെയിനി ഭാക്കിയുണ്ട് എന്നതായിരുന്നു ടൈംസ് നൗ വിന്റെ ആദ്യ ചോദ്യം. “നിങ്ങള്‍ക്കെവിടെ നിന്നാണ് ഈ ഊര്‍ജമൊക്കെ ലഭിക്കുന്നത് “, “വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ഏതുതരം കഥകളാണ് പങ്കുവെക്കുക” തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തില്‍ മോദിയ്ക്കുനേരെ ഉയര്‍ന്നത്.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more