എ ലൈഫ് ലൈക്ക് എ റിവര്‍
Discourse
എ ലൈഫ് ലൈക്ക് എ റിവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th July 2012, 11:05 am


കാലിഡോസ്‌കോപ്പ് / പ്രകാശ് മഹാദേവഗ്രാമം

ജീവിതം പലര്‍ക്കും സ്വകാര്യ രതിപോലെയാണ്. അവര്‍ വിചിത്ര പേടകത്തിലെന്നപോലെ ജീവിതത്തെ ഒളിപ്പിക്കുന്നു. പൂക്കളെയും പൂമ്പാറ്റകളെയും പക്ഷികളെയും മാലാഖമാരെയും ദൈവങ്ങളെയും ചെകുത്താനെയും ഒളിപ്പിച്ചിരിക്കുകയാണ് പേടകത്തില്‍. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ഒറ്റക്ക് നടന്നു തീര്‍ക്കേണ്ട വഴികളുണ്ടാവും.

വേറിട്ട വഴികളിലൂടെ നടക്കുന്ന, ജീവിതത്തെക്കാളേറെ പുഴയെ വായിച്ച ഒരാളുടെ ജീവിതപാഠമാണത്, അനുഭവങ്ങളുടെ ആഖ്യാനവും. പുഴയുടെ കയറ്റിറക്കങ്ങളും മണല്‍ക്കുഴികളും ചുഴികളും അയാള്‍ക്ക് അത്രമേല്‍ പരിചിതമാണ്. പുഴയില്‍ നിന്നുകൊണ്ടു വേണം മഴകാണാന്‍, നിലാവ് കാണാന്‍, ഇരുട്ട് കാണാന്‍… അയാള്‍ പറഞ്ഞു.

[]
മഞ്ഞ് കാലത്ത് പുകമഞ്ഞ് നിറഞ്ഞ് പുഴ ഉപ്പ് പാടങ്ങള്‍ പോലെ വെളുത്തിരിക്കും. ഇരുട്ട് വീഴാന്‍ തുടങ്ങുമ്പോഴാണ് തോണി ഇറക്കുക. മീന്‍ പിടിച്ച് മടങ്ങുമ്പോള്‍ പുലര്‍ന്നിട്ടുണ്ടാവും. തോണി ഇറക്കാത്തപ്പോള്‍ വലത് ചുമലില്‍ തൂക്കിയിട്ട പലര്‍ക്കും കയ്യില്‍ കൂത്തുടും ഇടതുകയ്യില്‍ പെട്രോമാക്‌സ് വിളക്കും അരയിലെ ബെല്‍റ്റില്‍ തൂക്കിയിട്ട ഓലക്കുടയുമായി ഇരുട്ടുമ്പോള്‍ ചെളിനിറഞ്ഞ വഴിയിലൂടെ പുഴക്കരയിലേക്കിറങ്ങും.

വെള്ളം ഇറങ്ങിയ ഭാഗത്ത് മരക്കുറ്റിയില്‍ വല കെട്ടിവെച്ച് കണ്ടലുകള്‍ക്കിടയിലും ചെളിക്കുഴയിലും കാലുകള്‍ മെതിച്ച് നടക്കും. ചെളി അടരുകളില്‍ നിന്ന് കയ്ച്ചലും മുശുവും വാളയും ചൂട്ടയും ഇഴഞ്ഞെത്തും.

വേറിട്ട വഴികളിലൂടെ നടക്കുന്ന, ജീവിതത്തെക്കാളേറെ പുഴയെ വായിച്ച ഒരാളുടെ ജീവിതപാഠമാണത്, അനുഭവങ്ങളുടെ ആഖ്യാനവും

കൂത്തൂട് പൊത്തിവെച്ച് മീനുകളെ പിടിച്ച് ഓലക്കുട്ടയിലിടും. കോരുവലകൊണ്ട് തെളിവെള്ളത്തില്‍ നിന്ന് അരിച്ചെമ്മിനുകളെ കോരി എടുക്കും. അരയോളം വെള്ളത്തിറക്കി വലയെറിഞ്ഞ് മാലാനും, നോങ്ങലും ഏട്ടയും പിടിക്കും. കല്ലടരുകളില്‍ ഒളിച്ചിരിക്കുന്ന ചെമ്പല്ലിയെ കൊടുവാള്‍കൊണ്ട് വെട്ടിപ്പിടിക്കും… അയാളുടെ അനുഭവങ്ങളുടെ ആഖ്യാനം അവസാനിക്കുന്നില്ല. ഞാന്‍ ക്യാമറക്ലിക്ക് ചെയ്ത് തിടുക്കത്തില്‍ ബാഗിലെടുത്തുവെച്ചു. ഇരുട്ടുന്നതിനു മുമ്പെ എനിക്ക് പുഴ കടക്കണം. മംഗലാപുരത്തേക്കുള്ള പാസഞ്ചര്‍ വണ്ടി കണ്ണൂര് വിട്ടിട്ടുണ്ടാവും.

Phone: +91 9895 238 108

പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:

അമ്മ

ലോണ്‍ലിനെസ്സ്

ബേര്‍ണിങ് ലൈഫ്