| Monday, 19th November 2012, 7:51 pm

താക്കറെ: പെണ്‍കുട്ടികളുടെ അറസ്റ്റ് ഫാസിസം; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കഠ്ജുവിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബാല്‍ താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ദ് നടത്തിയതിനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതിഷേധം രേഖപ്പെടുത്തിയ  പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കമെന്ന് മാര്‍ക്കണ്ഡേയ കഠ്ജു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജസ്റ്റീസുമായ മാര്‍ക്കണ്ഡേയ കഠ്ജു സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പൃഥ്വിരാജ്  ചൗഹാന്‌ കത്തയച്ചു.[]

കത്തിന്റെ പൂര്‍ണ്ണരൂപം

To
മുഖ്യമന്ത്രി,
മഹാരാഷ്ട്ര

പ്രിയ മുഖ്യമന്ത്രി,

ബാല്‍ താക്കറെയുടെ മരണത്തെത്തുടര്‍ന്ന് എന്തിനാണ് മുംബൈയില്‍ ബന്ദാചരിച്ചതും ഒരു ദിവസം നഗരത്തെ നിശ്ചലമാക്കിയതുമെന്ന് ചോദിച്ച് ഫെയ്‌സ്ബുക്കില്‍ പ്രതിഷേധം രേഖപ്പെടുത്തിയതിനാല്‍  രണ്ട്‌ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തുവെന്ന് കാണിച്ച് എനിക്ക് ഒരു ഇമെയില്‍ ലഭിക്കുകയുണ്ടായി. ആ പെണ്‍കുട്ടി മതവികാരം വ്രണപ്പെടുത്തി എന്നു പറഞ്ഞ് അറസ്റ്റ് ചെയ്തുവെന്ന് കാണിച്ചാണ് മെയില്‍ വന്നത്.

ബന്ദിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയതിനെ മതവികാരം വ്രണപ്പെടുത്തിയെന്ന് പറയുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ആര്‍ട്ടിക്കിള്‍ പത്തൊമ്പത് ഒന്ന് എ[Article 19(1)(a)] പ്രകാരം ഏതൊരാള്‍ക്കും സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം ഫണ്ടമെന്റല്‍ റൈറ്റായി നമ്മുടെ ഭരണഘടന ഉറപ്പ് തരുന്നുണ്ട്. ഒരു ജനാധിപത്യരാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നത് അല്ലാതെ ഒരു ഫാസിസ്റ്റ് ഏകാധിപത്യത്തിന്‍ കീഴിലല്ല. വസ്തുത ഇതായിരിക്കെ ഈ അറസ്റ്റ് രേഖപ്പെടുത്തിയത് സെക്ഷന്‍ 341, 342 പ്രകാരം ക്രിമിനല്‍ കുറ്റമാണ്. കുറ്റം ചെയ്യാത്ത ഒരു വ്യക്തിയെ വ്യാജകേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്തത് ക്രിമിനല്‍ കുറ്റമാണ്.

വസ്തുത ഇതായിരിക്കെ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത പോലീസ് ഓഫീസര്‍മാരെ എത്ര ഉന്നതരായാലും എത്രയും പെട്ടെന്ന് സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിടുകയോ, അറസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ കുറ്റപത്രം ചുമത്തി ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്. ഈ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ താങ്കള്‍ ഒരു ജനാധിപത്യ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കാന്‍ പ്രാപ്തനല്ലെന്ന് എനിക്ക് വിലയിരുത്തേണ്ടി വരും. താങ്കള്‍ ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രിയാണെന്ന് മനസ്സിലാക്കണം. ആയതിനാല്‍ ഇതിന് പിറകെ മറ്റ് നിയമനടപടികളുമുണ്ടാവും.

സ്നേഹാദരങ്ങളോടെ,
ജസ്റ്റിസ്‌ കഠ്ജു
ചെയര്‍മാന്‍
പ്രസ് കൗണ്‍സില്‍ ഇന്ത്യ; റിട്ടയേര്‍ഡ് ജഡ്ജ്- സുപ്രീം കോടതി

ബാല്‍ താക്കറെയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു

We use cookies to give you the best possible experience. Learn more