| Sunday, 4th September 2022, 8:25 am

'ഭയപ്പെട്ടിരുന്നെങ്കില്‍ പുലി കൊന്നുതിന്നേനെ,' വാക്കത്തിയാണ് തന്റെ ജീവന്‍ രക്ഷിച്ചത്; സ്വയരക്ഷക്കായി പുലിയെ കൊന്ന ആദിവാസി കര്‍ഷകന്‍ ഗോപാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടിമാലി: ഭയപ്പെട്ടിരുന്നെങ്കില്‍ പുലി കൊന്നുതിന്നേനെയെന്ന് കൃഷിയിടത്തില്‍ വെച്ച് ആക്രമിച്ച പുലിയെ ജീവന്‍ രക്ഷാര്‍ത്ഥം വെട്ടിക്കൊന്ന ആദിവാസി കര്‍ഷകന്‍ ഗോപാലന്‍.

‘പുലിയെ കണ്ട നിമിഷത്തിലും ചെറുത്തുനില്‍ക്കുമ്പോഴും ഒരിക്കല്‍ പോലും ഭയം തോന്നിയില്ല. അങ്ങനെ തോന്നിയിരുന്നെങ്കില്‍ പുലി കൊന്നു തിന്നേനെ…’ ഗോപാലന്‍ പറഞ്ഞു.

വനത്തിലായാലും നാട്ടിലിറങ്ങിയാലും കൂടെ കൊണ്ടുനടക്കുന്ന വാക്കത്തിയാണ് തന്റെ ജീവന്‍ രക്ഷിച്ചത്. കഴുത്ത് ലക്ഷ്യമാക്കി ചാടിയ പുലിയുടെ മുന്നില്‍ ആലോചിച്ച് നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല.

പുലി ആക്രമിക്കാന്‍ വന്ന സമയത്ത് കയ്യില്‍ വാക്കത്തിയുണ്ടായിരുന്നെങ്കിലും ആദ്യം അതെടുക്കാനുള്ള തോന്നലുണ്ടായില്ല. സര്‍വ്വ ശക്തിയുമെടുത്ത് പുലിയുടെ ആക്രമണത്തെ തടഞ്ഞുകൊണ്ടിരുന്നു. ഇടക്ക് കയ്യൊടിഞ്ഞു. കൈ മുറിഞ്ഞ് രക്തം വാര്‍ന്ന് വലിയ വേദന അനുഭവപ്പെട്ടു.

ഇതിനിടെയാണ് വാക്കത്തി എടുക്കാനായതും പുലിയെ വെട്ടി വീഴ്ത്തിയതും. ആദ്യം പുലിയുടെ മുഖത്ത് വെട്ടിയെങ്കിലും പുലി പിന്തിരിഞ്ഞില്ല. നാലോ അഞ്ചോ വെട്ട് കൊണ്ടതിന് ശേഷമാണ് പുലി വീണതെന്നും ഗോപാലന്‍ പറഞ്ഞു.

ഇടുക്കി മാമാങ്കുളം ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്. തുടര്‍ന്ന് ഇയാളെ പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചിക്കണം കുടി ആദിവാസി കോളനിയില്‍ ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. ഗോപാലന്റെ വീടിന് 50 മീറ്റര്‍ അകലെയായിരുന്നു പുലിയെ കണ്ടത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഏറെനേരം ഗോപാലന്‍ പുലിയുമായി മല്ലിട്ടു.

പുലിയുടെ മുരള്‍ച്ചയും ഗോപാലന്റെ ശബ്ദവും കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ആര്‍ക്കും അടുക്കാനായില്ല. ഒടുവില്‍ മല്‍പ്പിടുത്തത്തിനിടെ ഗോപാലന്‍ വാക്കത്തികൊണ്ട് പുലിയെ വെട്ടുകയായിരുന്നു.

അതേസമയം, ജനവാസകേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തിയ പുലിയെ വെട്ടിക്കൊന്നതിനാല്‍ സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംവകുപ്പ് പറഞ്ഞു. സ്വയരക്ഷക്കായി പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

സ്വയരക്ഷക്കായി പുലിയെ കൊന്നതിനാല്‍ ഗോപാലന് ചികിത്സാ സഹായം നല്‍കുമെന്ന് മാങ്കുളം ഡി.എഫ്.ഒ ജി. ജയചന്ദ്രന്‍ അറിയിച്ചു.

കഴിഞ്ഞ ഒരുമാസമായി മാങ്കുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. 20 തില്‍ അധികം വളര്‍ത്ത് മൃഗങ്ങളെ അക്രമിച്ചുകൊന്നതോടെ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂടുവെച്ചു. സി.സി ടിവിയിലും പുലിയുടെ ദ്യശ്യം പതിഞ്ഞിരുന്നു. പക്ഷെ പുലി കുടുങ്ങിയില്ല.

ഇതിനിടയില്‍ ഇന്നലെ രാത്രിയും രണ്ട് ആടുകളെ പുലി ആക്രമിച്ചു കൊന്നു. പുലി ചത്തതോടെ വലിയൊരു പേടി ഒഴിവായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പുലിയെ വനംവകുപ്പ് മാങ്കുളത്തുനിന്നും മാറ്റി.

Content Highlight: A leopard that attacked a human settlement in Mankulam was hacked to death

Latest Stories

We use cookies to give you the best possible experience. Learn more