ദുബായ് രാജകുമാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ലെബനന്‍ പൗരന് 20 വര്‍ഷം തടവ്
World News
ദുബായ് രാജകുമാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ലെബനന്‍ പൗരന് 20 വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th November 2024, 10:57 pm

ന്യൂയോക്ക്: ദുബായ് രാജകുമാരന്‍ ചമഞ്ഞ് യു.എസില്‍ തട്ടിപ്പ് നടത്തിയ ലെബനീസ് പൗരന് 20 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് സാന്‍ അന്റോണിയോയിലെ ഫെഡറല്‍ കോടതി.

യു.എ.ഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ അലക്സ് ജോര്‍ജ്ജ് ടാന്നസ് (39) ആണ് താന്‍ യു.എ.ഇ രാജകുടുംബം ആണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയത്.

അലക്സ് തട്ടിപ്പിനിരയായവരോട് നിക്ഷേപത്തിന് അവസരം നല്‍കാം ഇതുവഴി വന്‍ ലാഭം ലഭിക്കും എന്ന് പറഞ്ഞ് പണം കൈക്കലാക്കുകയായിരുന്നു. ഇവരോട് ഫണ്ടുകള്‍ കൈമാറ്റം ചെയ്യാന്‍ പ്രാരംഭ നിക്ഷേപം നല്‍കണമെന്ന് പറഞ്ഞാണ് പണം തട്ടിയത്.

തട്ടിപ്പ് വഴി ലഭിച്ച തുക ആഡംബര ജീവിതം നയിക്കാനാണ് അലക്‌സ് ചെലവഴിച്ചതെന്നാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. ഇത്തരത്തില്‍ തട്ടിപ്പിലൂടെ അലക്‌സ് ഏകദേശം 2.5 ദശലക്ഷം ഡോളറാണ് കൈക്കലാക്കിയത്.

2024 ഫെബ്രുവരി ഒമ്പതിനാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. ആറ് വഞ്ചനാ കുറ്റങ്ങളാണ് ഇയാള്‍ക്കുനേരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ജൂലൈ മാസത്തില്‍  അലക്‌സ് കുറ്റസമ്മതം നടത്തിയിരുന്നു. തുടര്‍ന്ന് ഇയാളോട് 2.2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

സാന്‍ അന്റോണിയോയിലും മറ്റിടങ്ങളിലുമുള്ള ഡസന്‍ കണക്കിന് അമേരിക്കക്കാരെയാണ് അലക്‌സ് തന്റെ തട്ടിപ്പിനിരയാക്കിയത്. വര്‍ഷങ്ങളായി ഇവരുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു തട്ടിപ്പ്. ഇയാളുടെ തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗം പേരും ചെറുകിട ബിസിനസ് ഉടമകളായിരുന്നു.

Content Highlight: A Lebanese citizen has been jailed for 20 years for fraud by pretending to be the Prince of Dubai