Advertisement
national news
യു.പിയില്‍ അജ്ഞാതര്‍ അഭിഭാഷകനെ വെടിവെച്ചു കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 30, 12:33 pm
Wednesday, 30th August 2023, 6:03 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അജ്ഞാതരായ രണ്ട് പേര്‍ അഭിഭാഷകനെ ചേംബറിലെത്തി വെടിവെച്ചുകൊന്നു. ഗാസിയാബാദിലാണ് സംഭവം നടന്നത്. അഭിഭാഷകനായ മനോജ് ചൗധരി ചേംബരില്‍ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ട് അജ്ഞാതരെത്തി ഇയാളെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് ഉച്ചക്ക് 2.15നായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ സിഗ്നി ഗേറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. തുടര്‍ അന്വേഷണത്തിനായി ഫോറന്‍സിക് ഉദ്യോഗസ്ഥരോട് സംഭവ സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിഭാഷകനെ കൊലപ്പെടുത്തിയ വിവരം ഉച്ചയോട് കൂടിയാണ് ലഭിച്ചതെന്ന് ഗാസിയാദ് സിറ്റി ഡി.സി.പി നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ‘സിഗ്നി ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ 2.15 ഓടു കൂടിയാണ് മോനു ചൗധരി അലിയാസ് മനോജ് ചൗധരിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നതായുള്ള വിവരം ലഭിക്കുന്നത്. അദ്ദേഹം ചേംബറില്‍ ഇരിക്കുമ്പോള്‍ അജ്ഞാതരായ രണ്ട് പേര്‍ വന്ന് വെടിവെക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: A lawyer was shot dead by two unknown men in his chamber in Uttar Pradesh