കൊച്ചി: വലിയൊരു പാഠപുസ്തകമാണ് പിന്‍വാങ്ങുന്നതെന്നും ഇന്നസെന്റ് ചേട്ടനെ നിര്‍വചിക്കാന്‍ വാക്കുകളില്ലെന്നും ജോണ്‍ ബ്രിട്ടാസ് എം.പി. നടനും മുന്‍ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് തവണ കാന്‍സറിനെ തോല്‍പിച്ച ആളാണെന്നും മനോധൈര്യമുള്ളവര്‍ക്കേ അങ്ങനെ സാധിക്കുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിനേതാവ്, ചലച്ചിത്ര സംഘാടകന്‍, സാമൂഹ്യ-രാഷ്ട്രീയ നേതാവ്, മനുഷ്യ സ്നേഹി… ഈ കളങ്ങള്‍ മാത്രം പോര ഇന്നസെന്റിനെ അടയാളപ്പെടുത്താന്‍.
രണ്ടു തവണയാണ് അര്‍ബുദത്തെ അതിജീവിച്ചത്, തളര്‍ന്നുപോയേക്കാവുന്ന രോഗാവസ്ഥയില്‍ എല്ലാവരെയും ചിരിപ്പിച്ചിച്ചത്, ക്യാന്‍സര്‍ വാര്‍ഡില്‍ പോലും ചിരി കണ്ടെത്തിയത്, ഏവരെയും ചിന്തിപ്പിച്ചത്. അസാമാന്യ മനോധൈര്യമുള്ളവര്‍ക്കേ ഇതൊക്കെ സാധിക്കൂ.
സ്വന്തം പരാജയങ്ങളെ, അബദ്ധങ്ങളെ ഏറ്റവും ആസ്വദിച്ച് പറഞ്ഞ് മറ്റുള്ളവരെ രസിപ്പിക്കാന്‍ ഇന്നസെന്റിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പഠനത്തില്‍ പിന്നോട്ടായിരുന്നു എന്ന് എപ്പോഴും പറയുമായിരുന്ന ഇന്നസെന്റ് ചേട്ടന്‍ എല്ലാവര്‍ക്കും ഒരു വലിയ പാഠപുസ്തകമാണ്.
ജീവിതത്തില്‍ നിന്നും അദ്ദേഹം നേടിയ അനുഭവങ്ങള്‍ ഒന്നും അദ്ദേഹം സ്വകാര്യ സ്വത്താക്കിയില്ല. എല്ലാം മറ്റുള്ളവര്‍ക്കായി പങ്കുവെച്ചു. പലതും എനിക്ക് പുതിയ അറിവുകളായി. ഞങ്ങള്‍ക്കിടയിലെ സംസാരത്തിന് ഒരിക്കലും അതിരുകള്‍ ഉണ്ടായിരുന്നില്ല… എവിടെയൊക്കെയോ പോയി. ഓരോ വര്‍ത്തമാനവും സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും തിരിച്ചറിവുകള്‍ ആയിരുന്നു … മറക്കാത്ത ഓര്‍മകള്‍ക്ക് മരണമില്ല… പ്രണാമം,’ അദ്ദേഹം പറഞ്ഞു.
അനേകമനേകം കഥാപാത്രങ്ങളിലൂടെയും അസാമാന്യമായ നര്‍മ്മബോധത്തിലൂടെയും ഏവരെയും ചിരിപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്നും എല്ലാവരെയും നൊമ്പരപ്പെടുത്തിയുള്ള മടക്കമാണിതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
‘അനേകമനേകം കഥാപാത്രങ്ങളിലൂടെയും അസാമാന്യമായ നര്‍മ്മബോധത്തിലൂടെയും ഏവരെയും ചിരിപ്പിച്ചു .പ്രതിഭയുടെ തിളക്കത്തില്‍ അനേകവര്‍ഷങ്ങള്‍ മലയാള സിനിമയില്‍ അനിഷേധ്യസാന്നിധ്യം ആയി .ജനഹൃദയങ്ങളിലൂടെ ജനപ്രതിനിധിയായി. ഒടുവില്‍ എല്ലാവരെയും നൊമ്പരപ്പെടുത്തി മടക്കം. ആദരാഞ്ജലികള്‍,’ വീണ ജോര്‍ജ്ജ് പറഞ്ഞു.
മുന്‍ പാര്‍ലമെന്റ് അംഗവും മലയാള സിനിമാ രംഗത്തെ അതുല്യപ്രതിഭയുമായിരുന്ന ഇന്നസെന്റിന്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും മലയാള സിനിമയ്ക്കും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും വ്യവസായ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.
ഇന്നസെന്റിനെ സ്‌നേഹിക്കുന്ന മുഴുവനാളുകളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlight: A large textbook retreat; The Man Beyond Definition: John Brittas