| Monday, 16th October 2023, 6:27 pm

'അന്ന് അദ്ദേഹം ജൂനിയർ ആർട്ടിസ്റ്റുകൾക്കിടയിലെ സൂപ്പർസ്റ്റാറായിരുന്നു; ഒരു അവസരം കൊടുക്കണമെന്ന്' ജോജു പറഞ്ഞു: എ.കെ സാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മറ്റുള്ളവരെ പരിഗണിക്കാനുള്ള ജോജു ജോർജിന്റെ മനസാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ സാജൻ. ജോജുവും താനും ഒരുമിച്ച് വർക്ക് ചെയ്യുന്ന സിനിമയിൽ ജോജുവിന്റെ കൂടെ മുപ്പത് വർഷങ്ങൾക്ക് മുൻപ് ജൂനിയർ ആർട്ടിസ്റ്റുകളായിരുന്ന ആളുകൾക്ക് അവസരം കൊടുക്കണമെന്ന് തന്നോട് പറയാറുണ്ടെന്നും സാജൻ കൂട്ടിച്ചേർത്തു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജോജുവും ഞാനും ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്ത് ‘ചേട്ടാ ഈ ഒരാൾക്ക് വേഷം കൊടുക്കണം’ എന്ന് ചോദിച്ചു വരാറുണ്ട്. ഈ പറയുന്നയാൾ ആരാണ് എന്ന് ചോദിക്കുമ്പോൾ 30 വർഷം മുൻപ് അദ്ദേഹത്തിന്റെ കൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ആളാണ്. ആ ആളെ അയാൾ ഇപ്പോഴും മറന്നിട്ടില്ല. അയാളെ ജോജു ഫോൺ ചെയ്ത് വിളിക്കുകയാണ്.

ജോജു പ്രൊഡ്യൂസ് ചെയ്യുന്ന പടമാണ്, അതിൻറെ ആവശ്യം അദ്ദേഹത്തിനില്ല. അപ്പോൾ എന്നോട് പറയുന്ന ഒരു വാക്കുണ്ട് ‘ചേട്ടാ കൊടുക്കണം ഞാൻ ജൂനിയർ ആർട്ടിസ്റ്റായി നടക്കുമ്പോൾ അദ്ദേഹം ജൂനിയർ ആർട്ടിസ്റ്റുകൾക്കിടയിലെ സൂപ്പർസ്റ്റാറായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെയാണ് നമ്മൾ എന്തെങ്കിലും കൊടുക്കണം’ എന്ന്.

ഈയൊരു മനസ്സാണ് അദ്ദേഹത്തിന് വ്യത്യസ്തനാക്കുന്നത്. ഇങ്ങനെയുള്ള കലാകാരന്മാർക്ക് മുഖംമൂടികൾ ഇല്ലാത്തതുകൊണ്ട് അവർ അങ്ങനെ നിഷ്കളങ്കമായിട്ട് കാപട്യം ഇല്ലാതെ പ്രതികരിക്കും,’ എ.കെ സാജൻ പറഞ്ഞു.

ജോജു ജോർജ് എന്ന സുഹൃത്തിനെക്കുറിച്ചും സാജൻ അഭിമുഖത്തിൽ സംസാരിച്ചു. സിനിമക്ക് പുറമെ നല്ലൊരു സുഹൃത്താണ് ജോജുവെന്നും ജോസഫ് സിനിമ മുതൽ പുലിമട വരെ എത്തി നിൽക്കുമ്പോൾ ഒരുപാട് ഉയർച്ചയിലേക്ക് എത്തിയിട്ടുണ്ടെന്നും ജോജു കൂട്ടിച്ചേർത്തു.

‘സിനിമാക്കാരൻ എന്ന നിലയിലല്ലാതെ ജോജു ഒരു നല്ല സുഹൃത്താണ്. ജോസഫ് സിനിമക്ക് മുന്നേ ജോർജ് ഒരുപാട് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വാസ്തവത്തിൽ നല്ലൊരു വേഷമാണ് ചെയ്തിട്ടുള്ളത്. അതിൽനിന്നൊക്കെ മാറി ജോസഫിൽ അഭിനയിച്ചപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മറ്റൊരു രീതിയിലേക്ക് അദ്ദേഹം മാറി എന്നുള്ളതാണ്. നായാട്ടിൽ വന്നപ്പോൾ വേറൊരു തലത്തിലേക്ക് മാറി. അതിൻറെ തുടർച്ചയാണ് ഇരട്ട മുതൽ ഇതുവരെയുള്ളത്. അതിന്റെയും തുടർച്ചയാണ് പുലിമട.

ജോജുവിന്റെ ഇതുവരെ കാണാത്ത പൊട്ടിത്തെറിക്കുന്ന ഒരു അഭിനയമാണ് പുലിമടയിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇനി അടുത്തത് അതിനു മുകളിലായിരിക്കും. അയാൾക്ക് അങ്ങനെയൊരു വളർച്ചയുണ്ട്. ജോജു അഭിനയത്തിന്റെ എക്സ്ട്രീം എത്തിയെന്ന് ഞാൻ പറയില്ല. അദ്ദേഹം ഇനിയും നല്ല വേഷങ്ങൾ ചെയ്യും, അയാൾ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താനുള്ളതാണ്. കാരണം അതിനുള്ള പാഷൻ ഇപ്പോഴും അടങ്ങാതെ ഉള്ളിലുള്ള മനുഷ്യനാണ്. സിനിമയിലെ കാറുകളും മറ്റു ആഡംബരങ്ങളുമെല്ലാം ഉപയോഗിക്കുന്നുണ്ടെങ്കിൽ പോലും ജോജു ഒരു സാധാരണക്കാരനാണ്,’ സാജൻ പറഞ്ഞു.

Content Highlight: A.KSajan about Joju george’s hardwork to give chance to his old junior artist friends

We use cookies to give you the best possible experience. Learn more