| Tuesday, 4th July 2023, 8:44 am

ആ സിനിമയിൽ മമ്മൂക്കയെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്, മതിലിൽ നിന്ന് ചാടിച്ചു, ലിഗമെന്റിന് ഫ്രാക്ച്ചറായി: എ. കബീർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യവനിക എന്ന ചിത്രം നടൻ മമ്മൂട്ടിക്ക് ധാരാളം വേദനകൾ സമ്മാനിച്ചതാണെന്ന് പ്രൊഡക്ഷൻ കൺട്രോളർ എ. കബീർ. സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ മമ്മൂട്ടിക്ക് മാത്രം ഡ്യൂപ്പിനെ നൽകിയില്ലെന്നും മതിലിൽ നിന്ന് ചാടുന്ന രംഗം ഷൂട്ട് ചെയ്തപ്പോൾ അദ്ദേഹത്തിന് കാലിൽ പരിക്കുണ്ടായെന്നും കബീർ പറഞ്ഞു. സഫാരി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ഫോടനം എന്ന ചിത്രത്തിൽ മമ്മൂക്കയെ വളരെ നന്നായി തന്നെ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അന്ന് പോസ്റ്ററുകളിൽ സുകുവേട്ടന്റെയും (സുകുമാരൻ) സോമന്റെയും ചിത്രങ്ങളേക്കാൾ തല വലുതാക്കി വെച്ചത് മമ്മൂക്കയുടേതാണ്. 1981 ൽ ഒരു വിഷു ദിവസമാണ് ആ സിനിമ റിലീസ് ചെയ്യുന്നത്. മമ്മൂക്കക്ക് ഏറ്റവും കൂടുതൽ പബ്ലിസിറ്റി കിട്ടിയ സിനിമ. എങ്കിലും പിൽക്കാലത്ത് സ്ഫോടനം എന്ന സിനിമയിൽ അദ്ദേഹം പ്രധാന വേഷം ചെയ്തു എന്ന രീതിയിൽ ഒരു വാർത്തകളും കണ്ടിട്ടില്ല.

യവനിക എന്ന ചിത്രമാണ് പിന്നെയും ബൂസ്റ്റ് അപ്പ് ആയി വന്നത്. അതിനു കാരണം ഒരുപാടുണ്ട്. അദ്ദേഹത്തെ ആ സിനിമയിൽ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിൽ അതിന്റെ ഷൂട്ടിങ് ഒക്കെ കഴിഞ്ഞപ്പോൾ കുറച്ച് കാർ ചെയ്‌സ് സീനുകൾ ഒക്കെ എടുക്കണം. കെ.പി. ഉമ്മർ പൊലീസ് ആയിട്ട് മമ്മൂക്കയെ ചെയ്‌സ് ചെയ്യുന്ന സീൻ ആണ്.

മമ്മൂക്കയും സുകുവേട്ടനും ജയിൽ ചാടുന്ന സീൻ ആണ് എടുക്കുന്നത്. അതിനു ഒരു പൊക്കമുള്ള മതിൽ കണ്ടെത്തി. മതിൽ ചാടുമ്പോൾ സുകുവേട്ടനെ അസിസ്റ്റന്റ് ഡയറക്ടറും ഫൈറ്റ് ഡയറക്ടർമാരും കൂടി സഹായിച്ചു മതിലിൽ നിന്ന് ചാടാൻ. അദ്ദേഹത്തെ അവർ പൊക്കിയെടുത്ത് ഇറക്കി. മമ്മൂക്ക ചാടാൻ സഹായം ചോദിച്ചപ്പോൾ ഡയറക്ടർ വിശ്വംഭരൻ പറഞ്ഞു അവിടെ നില്ക്കാൻ. അദ്ദേഹം ഒന്നും പറയാതെ തന്നെ ചാടി. സുകുവേട്ടന് വേണ്ടി ചാടിയത് ഡ്യൂപ്പാണ്. മമ്മൂക്കയെ അവിടുന്ന് ചാടിച്ചു. അദ്ദേഹത്തിന്റെ കാലുളുക്കി. അടുത്ത ദിവസം ബോംബ് എറിയുന്ന സീൻ എടുക്കണം. ചാടിയപ്പോൾ അദ്ദേഹത്തിന്റെ ലിഗമെന്റിന് ഫ്രാക്ച്ചർ ഉണ്ടായി,’ എ.കബീർ പറഞ്ഞു.

Content Highlights: A. Kabeer on Mammootty in Sphotanam movie

We use cookies to give you the best possible experience. Learn more