സ്ഫോടനം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയോട് പേര് കൊള്ളില്ലെന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ടെന്ന് പ്രൊഡക്ഷൻ കൺട്രോളർ എ. കബീർ. ആ ചിത്രത്തിനായി പേര് മാറ്റിയെന്നും തിരക്കഥാകൃത്ത് അദ്ദേഹത്തിന്റെ (മമ്മൂട്ടി) ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് മറ്റൊരാളാണ് അദ്ദേഹത്തിനായി ഡബ്ബ് ചെയ്തതെന്നും കബീർ പറഞ്ഞു. സഫാരി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ഫോടനം എന്ന ചിത്രത്തിൻറെ ഡബ്ബിങ്ങിനായി മദ്രാസിൽ ചെന്നു, സംവിധായകൻ വിശ്വംബരൻ സ്ഥലത്തില്ല. സംഘട്ടനം എന്ന ചിത്രത്തിൻറെ ലൊക്കേഷൻ കാണാൻ രാജസ്ഥാനിൽ പോയിരിക്കുകയായിരുന്നു. ഡബ്ബിങിന്റെ ചാർജ്, കഥാകൃത്തായ ആലപ്പി ഷെറീഫ് ഇക്കക്ക് ആയിരുന്നു. അദ്ദേഹം മദ്രാസിലെ ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് മമ്മൂക്കയുടെ ശബ്ദം പോരെന്ന് പറഞ്ഞു.
മമ്മൂക്കയെ മാറ്റി അന്തിക്കാട് മണി എന്ന ഒരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചു. മമ്മൂക്ക വളരെ വേദനയോടെ നിർമാതാവിനെ വിളിച്ചു. എന്റെ ശബ്ദം മാറ്റിയിരിക്കുന്നു, എനിക്ക് തന്നെ ഡബ്ബ് ചെയ്യണമെന്ന് അദ്ദേഹം വിഷമത്തോടെ നിർമാതാവിനോട് പറഞ്ഞു.
അദ്ദേഹം ഷെറീഫ് ഇക്കയോട് റിക്വസ്റ്റ് ചെയ്തു മമ്മൂക്കയെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിക്കണമെന്ന്. ഇല്ല ഞാൻ ഡബ്ബ് ചെയ്യിച്ചതാ അയാളുടെ ശബ്ദം കൊള്ളില്ല എന്ന് നിർമാതാവിനോട് ഷെറീഫിക്ക പറഞ്ഞു. അങ്ങനെ മമ്മൂക്കയുടെ ശബ്ദം ആ സിനിമയിൽ ഉപയോഗിച്ചില്ല.
ഇത് കൂടാതെ, സ്ഫോടനത്തിൽ മമ്മൂക്കയെ ഫിക്സ് ചെയ്യുന്നതിന് മുൻപ് സംവിധായകൻ വിശ്വംബരൻ പറഞ്ഞു മമ്മൂട്ടി എന്ന പേര് കൊള്ളില്ലെന്ന്. അങ്ങനെ വിശ്വംബരൻ മമ്മൂക്കയുടെ പേര് ‘സജിൻ’ എന്നാക്കി മാറ്റി. ആ സിനിമ കണ്ടാൽ അറിയാം അതിൽ സജിൻ എഴുതിയിട്ട് ബ്രാക്കറ്റിൽ മമ്മൂട്ടി എന്നാണ് എഴുതിയിരിക്കുന്നത്.
ഈ സിനിമയി രണ്ടുമൂന്ന് കടുത്ത വേദനകൾ കിട്ടിയതുകൊണ്ടാകാം ഷെറീഫിക്കയെ മമ്മൂക്ക ഒഴിവാക്കിയതെന്ന് എനിക്ക് തോന്നുന്നു. പക്ഷെ ഒരുപാട് ചിത്രങ്ങൾ വിശ്വംബരന്റെ കൂടെ ചെയ്തു. വിശ്വംബരന് ആളുകളുടെ അടുത്ത് നിൽക്കാനറിയാം. ഷെരീഫിക്ക അങ്ങനെ ഇടിച്ച് കയറി ചെല്ലുന്ന സ്വഭാവക്കാരനല്ല,’ കബീർ പറഞ്ഞു.
Content Highlights: A. Kabeer on Mammootty