| Tuesday, 19th November 2019, 6:43 pm

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ്: ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് വേഗത്തില്‍ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.

ഉത്തരവിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ലെന്നും എന്നാല്‍ ഉത്തരവ് വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോധവത്കരണത്തിലൂടെ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ലംഘിക്കുന്നവര്‍ക്ക് നല്‍കേണ്ട പിഴ ശിക്ഷയുടെ കാര്യം കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല.

നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിനകം പുതിയ ഉത്തരവ് നടപ്പിലാക്കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേന്ദ്രനിയമത്തിന് അനുസൃതമായി ഉടന്‍ സര്‍ക്കുലര്‍ ഇറക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ നല്‍കിയിരുന്ന അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more