| Tuesday, 22nd June 2021, 9:45 am

യോഗി ചിത്രത്തിലില്ല; യു.പി. തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിയുടെ പേര് തന്നെ ധാരാളമെന്ന് എ.കെ. ശര്‍മ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയില്‍ ബി.ജെ.പി. ഉപാധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനും മോദിയുടെ വിശ്വസ്തനുമായ എ. കെ. ശര്‍മ്മ.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിയുടെ പേര് മാത്രം മതിയെന്നായിരുന്നു എ.കെ. ശര്‍മ്മ പറഞ്ഞത്. ബി.ജെ.പിയുടെ യു.പി. സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര സിംഗിന് അയച്ച കത്തിലാണ് എ. കെ. ശര്‍മ്മയുടെ പരാമര്‍ശം.

‘2013-14 കാലത്ത് മോദിയെ സ്വീകരിച്ച അതേ മനോഭാവം തന്നെയാണ് യു.പിയിലെ ജനങ്ങളില്‍ ഇപ്പോഴും ഉള്ളത്. വരാനിരിക്കുന്ന യു.പി. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ മോദിയുടെ പേര് തന്നെ ധാരാളമായിരിക്കും,’ എ. കെ. ശര്‍മ്മ പറഞ്ഞു.

ജൂണ്‍ 19നാണ് മോദിയുടെ വിശ്വസ്തനും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ എ. കെ. ശര്‍മ്മയെ സംസ്ഥാന ബി.ജെ.പി. ഘടകത്തിന്റെ ഉപാധ്യക്ഷനായി നിയമിച്ചത്. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലായിരുന്നു ഈ കേന്ദ്ര നീക്കം.

നിലവില്‍ യു.പി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ എ.കെ. ശര്‍മ്മയ്ക്ക് മന്ത്രി പദവി നല്‍കുമെന്ന് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശര്‍മ്മയെ മന്ത്രിയാക്കുന്നത് യോഗി ആദിത്യനാഥിന്റെ പദവിയ്ക്ക് വിള്ളലുണ്ടാക്കുമെന്ന പ്രചരണവും ശക്തമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ശര്‍മ്മയെ ബി.ജെ.പി. ഘടകത്തിന്റെ ഉപാധ്യക്ഷനാക്കുന്നുവെന്ന പ്രഖ്യാപനവുമായി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്.

ഗുജറാത്തില്‍ നിന്നുള്ള മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് എ.കെ. ശര്‍മ്മ. ഇദ്ദേഹത്തിന് പാര്‍ട്ടിയ്ക്കുള്ളില്‍ സ്വീകാര്യത ഏറെയാണ്. എന്നാല്‍ യു.പിയില്‍ അദ്ദേഹത്തെ സ്വീകാര്യനാക്കിയത് മറ്റൊരു സംഭവമാണ്.

ഉത്തര്‍പ്രദേശില്‍ കൊവിഡ് അതിരൂക്ഷമായി പടര്‍ന്ന സാഹചര്യത്തില്‍ ശര്‍മ്മ നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കിയത്. മോദിയുടെ മണ്ഡലമായ വാരണാസിയിലും കൊവിഡ് വ്യാപനം രൂക്ഷമായിരുന്നു.

ഈ ഘട്ടത്തിലാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി കേന്ദ്രം എ.കെ. ശര്‍മ്മയെ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് ശര്‍മ്മയുടെ ഇടപെടലിലൂടെ യു.പിയിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് വാരണാസിയെ രോഗവ്യാപന നിരക്ക് കുറവുള്ള ജില്ലയാക്കി മാറ്റാന്‍ പിന്നീടുള്ള ദിവസങ്ങളില്‍ സാധിച്ചുവെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

എന്നാല്‍ എ.കെ. ശര്‍മ്മയെ മന്ത്രി പദവിയിലേക്ക് ഉയര്‍ത്തുന്നതിലുള്ള എതിര്‍പ്പുകള്‍ യോഗി പ്രകടിപ്പിച്ചിരുന്നു.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ യോഗിയ്ക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന് ബി.ജെ.പിയ്ക്ക് ബോധ്യപ്പെട്ടതോടെയാണ് യു.പിയില്‍ മന്ത്രിസഭാ പുന: സംഘടനയെപ്പറ്റി കേന്ദ്ര നേതൃത്വം ചില ചര്‍ച്ചകള്‍ നടത്തിയത്. യോഗിയും സംസ്ഥാനത്തെ എം.എല്‍.എമാരും തമ്മിലുള്ള പോര് ഒത്തുതീര്‍പ്പാക്കാനും കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: A K Sharma Praises Narendramodi Amid UP Election

Latest Stories

We use cookies to give you the best possible experience. Learn more