'അഭ്യൂഹങ്ങള്‍ മാധ്യമ സൃഷ്ടി, എല്‍.ഡി.എഫില്‍ തന്നെ തുടരും'; കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എ. കെ ശശീന്ദ്രന്‍
Kerala News
'അഭ്യൂഹങ്ങള്‍ മാധ്യമ സൃഷ്ടി, എല്‍.ഡി.എഫില്‍ തന്നെ തുടരും'; കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എ. കെ ശശീന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd January 2021, 10:03 am

കോഴിക്കോട്: എന്‍.സി.പി എല്‍.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതികരണവുമായി എ. കെ ശശീന്ദ്രന്‍. എല്‍.ഡി.എഫ് വിടുമെന്ന വാര്‍ത്തകള്‍ വെറു അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ മാസ്റ്ററും പാലാ എം.എല്‍.എ മാണി സി കാപ്പനും എല്‍.ഡി.എഫ് വിടില്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും എ. കെ ശശീന്ദ്രന്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയാകുമ്പോള്‍ സ്വാഭാവികമായും തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ സീറ്റുകള്‍ ചോദിക്കും. ആ സീറ്റുകള്‍ ചോദിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ്, എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതിനെ സംബന്ധിച്ചോ പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.

ഇത്തരം വാര്‍ത്തകള്‍ അപ്രസക്തവും അനവസരവുമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് എസില്‍ ചേരും എന്ന് പറയുന്നത് ഭാവനാ സൃഷ്ടിയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്‍.സി.പി ഇതുവരെ മത്സരിച്ച സീറ്റുകളില്‍ തന്നെ മത്സരിക്കണമെന്ന കാര്യമാണ് ആവശ്യപ്പെടുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

എന്‍.സി.പി കഴിഞ്ഞ പത്ത് നാല്‍പത് വര്‍ഷമായി എല്‍.ഡി.എഫിന്റെ കൂടെതന്നെയാണ്. മുന്നണി ബന്ധങ്ങളെക്കുറിച്ചുള്ള ഒരു പുനരാലോചന ഒരു ഘട്ടത്തിലും എടുത്തിട്ടില്ല.

അടുത്ത ദിവസങ്ങളായി ഏഷ്യാനെറ്റും മനോരമയും അവരുടെതായ വാര്‍ത്തകള്‍ സ്വയം സൃഷ്ടിച്ച് പ്രസിദ്ധീകരിക്കുകയാണ്. പാലാ സീറ്റിനെ സംബന്ധിച്ചും മാണി സി. കാപ്പനെ സംബന്ധിച്ചും നല്‍കുന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഏത് ദേശീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളവും അന്തിമ തീരുമാനം അഖിലേന്ത്യാ കമ്മിറ്റിയുടേതാണ്. ആ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. അതില്‍ ടി.പി പീതാംബരന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കാന്‍ പാര്‍ട്ടി എവിടെയാണ് പറയുന്നതോ അവിടെ മത്സരിക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ഇനി മത്സരിക്കണ്ടെന്നാണ് പറയുന്നതെങ്കില്‍ മാറിനില്‍ക്കുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

ജോസ് കെ. മാണിയെ മുന്നണിയില്‍ എടുത്തതില്‍ എന്തു ചെയ്യണമെന്ന് എന്‍.സി.പിയാണോ തീരുമാനിക്കേണ്ടത്? അത് കൂട്ടായെടുക്കേണ്ട തീരുമാനമാണ്. എന്‍.സി.പിക്കവകാശപ്പെട്ട സീറ്റുകളിലാണ് എന്‍.സി.പി മുന്നണിയോട് അവകാശപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A. K. Saseendran says they will remain in LDF; other news are built by media