തിരുവനന്തപുരം: ഫോണ്‍ വിളി വിവാദത്തില്‍ രാജി വെച്ച ഏ.കെ ശശീന്ദ്രന്റെ കേസ് അന്വേഷിക്കുന്ന പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരുമെന്ന് എന്‍.സി.പി ആക്ടിങ് പ്രസിഡന്റ് ടി.പി പീതാംബരന്‍ വ്യക്തമാക്കി. ശശീന്ദ്രന് മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും തിരിച്ച് വരവിനെ സി.പി.ഐ.എം എതിര്‍ക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ മന്ത്രി സഭ ബഹിഷ്‌കരിച്ചത് തെറ്റായ നടപടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്നും അതിനെ കുറിച്ച് ഇനി കൂടുതല്‍ പറയേണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഫോണ്‍ വിളി വിവാദത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ചൊവ്വാഴ്ചയാണു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുന്നത്. രാവിലെ 9.30നു മുഖ്യമന്ത്രിക്കു കമ്മിഷന്‍ റിപ്പോര്‍ട്ട് കൈമാറും. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നത് എന്നാല്‍ പിന്നീട്, ആറു മാസത്തേക്കു കൂടി കാലാവധി നീട്ടുകയായിരുന്നു.
റിപ്പോര്‍ട്ട് കൈമാറാന്‍ കമ്മീഷന് ഡിസംബര്‍ 31 വരെ സമയ പരിധിയുണ്ട്. അതേ സമയം കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് തോമസ് ചാണ്ടി രാജിവെച്ചതിന് പിന്നാലെ ശശീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ രംഗത്തെത്തിയിരുന്നു.തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ തനിക്ക് നന്ദി പറഞ്ഞു കൊണ്ട് ശശീന്ദ്രന്‍ സന്ദേശമയച്ചു എന്നായിരുന്നു വിനുവിന്റെ ആരോപണം. വിവാദമുണ്ടായ സമയത്ത് ശശീന്ദ്രനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും എന്നാല്‍ തോമസ് ചാണ്ടി രാജി വെച്ചതോടെ ശശീന്ദ്രന്‍ തന്നെ ഒരുപാട് തവണ വിളിച്ചെന്നും പക്ഷെ താന്‍ പ്രതികരിച്ചില്ലെന്നും വിനു ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ശശീന്ദ്രനുമായുള്ള പ്രശ്‌നം ഒത്തു തീര്‍പ്പായെന്നും അന്യായം പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ചാനലിന്റെ ലോഞ്ചിംഗ് ദിവസത്തെ ബ്രേക്കിംഗ് ന്യൂസിനായി മാനേജുമെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക മന്ത്രിയെ സമീപിക്കുകയും ഹണിട്രാപ്പില്‍ പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് മുന്നിലെത്തിയ വീട്ടമ്മയോട് ശശീന്ദ്രന്‍ അശ്ലീലം പറഞ്ഞെന്നായിരുന്നു ചാനല്‍ പുറത്തുവിട്ട വാര്‍ത്ത. തുടര്‍ന്ന് സംഭവം വന്‍വിവാദമാവുകയും മന്ത്രി രാജി വെക്കുകയും ചെയ്തു. കേസില്‍ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.