| Friday, 3rd November 2023, 10:04 pm

'തിയേറ്റർ മുഴുവൻ വൈദികർ; കഥ എഴുതിയത് ഞാനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്നെ അവിടെയിട്ട് ചവിട്ടി കൊന്നേനെ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രൈം ഫയൽ സിനിമ റിലീസ് ചെയ്ത സമയത്തുണ്ടായ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ. സാജൻ. സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ചിത്രത്തിനെതിരെ സ്റ്റേ വാങ്ങിക്കാൻ പോകുന്നു എന്നറിയുന്നതെന്ന് എ.കെ. സാജൻ പറഞ്ഞു. എന്നാൽ വെള്ളിയാഴ്ച റിലീസ് ചെയ്യാൻ ഉദ്ദേശിച്ച പടം ബുധനാഴ്ച ഒമ്പതെ കാലിന് റിലീസ് ചെയ്‌തെന്നും എ.കെ സാജൻ കൂട്ടിച്ചേർത്തു.

എന്നാൽ ആദ്യ ഷോയ്ക്ക് സൂചികുത്താൻ ഇടമില്ലാത്ത അത്രയും ആളുകൾ വന്നെന്നും അതിൽ ഭൂരിപക്ഷവും വൈദികർ ആയിരുന്നെന്നും എ.കെ സാജൻ പറയുന്നുണ്ട്. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്രൈം ഫയൽ സിനിമയുടെ പ്രിൻറ് മദ്രാസിൽ നിന്ന് അടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നമുക്കൊരു മെസേജ് കിട്ടി. സ്റ്റേ വാങ്ങിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ടായിരുന്നു ആ മെസേജ്.

വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യേണ്ടത്. വലിയ ആളുകളാണ് സ്റ്റേ വാങ്ങിക്കാൻ പോകുന്നത്. ഞാൻ അവരുടെ പേരുകൾ പറയുന്നില്ല. വളരെ നീതി ബോധമുള്ള ആളുകളാണ് സ്റ്റേ വാങ്ങിക്കാൻ നിൽക്കുന്നത്. കോട്ടയം ഭാഗത്ത് നിന്നുള്ള വലിയ ആളുകളാണ്, സഭയിൽ വലിയ കൂടിയാലോചന നടന്നുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാതെ വന്നപ്പോൾ ഒരു വഴിയേയുള്ളൂ. വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യാൻ വിചാരിക്കുന്നത് അത് ബുധനാഴ്ച ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു.

അവർ വ്യാഴാഴ്ചയാണ് കോടതിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നത്. റിലീസ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല. മദ്രാസിൽ നിന്നും ഒരു പെട്ടിയും ആയിട്ട് പുറപ്പെടുകയാണ്. പെട്ടിയും ആയിട്ട് ബുധനാഴ്ച അനുപമ തിയേറ്ററിൽ വളരെ രഹസ്യമായിട്ട് എത്തുകയാണ്. നഗരത്തിൽ ഒക്കെ ക്രൈം ഫയൽ ഉണ്ടെന്ന് പറയുന്നുണ്ട്. പക്ഷേ വെള്ളിയാഴ്ചയാണ് വെച്ചിരിക്കുന്നത്.

ഞങ്ങൾ പെട്ടിയും ആയിട്ട് തീയേറ്ററുകളിലേക്ക് കയറി. വൈകിട്ട് ഏഴുമണിക്കാണ് ഞങ്ങൾ തീയറ്ററിൽ കയറുന്നത്. തീയേറ്ററിന്റെ മുൻപിലുള്ള ‘വരുന്നു ക്രൈം ഫയൽ’ എന്ന ബോർഡിന്റെ മുകളിൽ ‘ഇന്ന് സെക്കൻഡ് ഷോ മുതൽ’ എന്ന സ്ലിപ്പ് ഒട്ടിച്ചു. രാത്രി ഏഴര മണിക്കാണ് ഒട്ടിക്കുന്നത്. കോട്ടയത്ത് ചെന്ന് ഇറങ്ങിയപ്പോഴാണ് ഇതിന്റെ ഭീകരത മനസ്സിലാകുന്നത്.

ഒമ്പതെ കാലിനാണ് ഷോ വെച്ചിരിക്കുന്നത്. ഞാൻ ചായ കുടിച്ചു തിരിച്ചു വന്നപ്പോഴേക്കും തീയേറ്റർ മുഴുവൻ ഭയങ്കര ജനക്കൂട്ടം. സൂചി കുത്താൻ ഇടമില്ലാത്ത രീതിയിൽ ആളുകൾ പടം കാണാൻ വേണ്ടി നിൽക്കുകയാണ്. ഒരുവിധത്തിൽ അകത്തുകയറി മാനേജരോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത് മുഴുവൻ വൈദികർ ആണ്. എല്ലാവരും പാൻറും ഷർട്ടും ഇട്ടവരാണ് ആർക്കും മീശയൊന്നുമില്ല. പിന്നെ കുറച്ച് ആളുകളൊക്കെയുണ്ട്. പടം തുടങ്ങി. ഇന്ന് മുതൽ എന്ന് പറഞ്ഞപ്പോഴേക്കും ആളുകൾ എത്തി.

രാത്രിയായതുകൊണ്ട് കോടതിയിൽ പോകാനൊന്നും പറ്റില്ല. സഭ കാടിളകി വന്നതുപോലെ അവരെല്ലാവരും പടം കാണാൻ വന്നു. എന്നെ തിരിച്ചറിയില്ലല്ലോ, അന്നും ഇന്നും അറിയില്ല. ഇൻറർവെൽ കഴിഞ്ഞിട്ട് ഞാൻ കാന്റീനിന്റെ അവിടെ നിൽക്കുകയാണ്. ഇവരെല്ലാവരും കാപ്പി കുടിക്കുന്നു. കാളിയാർ അച്ഛനെ അറസ്റ്റ് ചെയ്യാൻ വേണ്ടി നിൽക്കുകയാണ്. ‘തിയേറ്റർ തല്ലിപ്പൊളിക്കണം അടുത്തത് കാണട്ടെ’, ഇവരാകെ കൂട്ടം കൂടി നിന്ന് ചർച്ച ചെയ്യുകയാണ്.

ഒരു നിമിഷം ഞാനാണ് എഴുതിയത് എന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിരുന്നെങ്കിൽ എന്നെ അവിടെ ഇട്ടിട്ട് ചവിട്ടി കൊന്നേനെ. പടം കഴിഞ്ഞപ്പോൾ ഇവർക്കൊന്നും പറയാൻ കഴിയുന്നില്ല. അച്ഛനല്ല ബിഷപ്പുമല്ല കുറ്റവാളി. ഇവിടെ നമ്മൾ ചെയ്ത ട്രിക്ക് എന്തെന്ന് വെച്ചാൽ, കാളിയാർ അച്ഛന്റെ സഹോദരൻ എന്ന് പറഞ്ഞാൽ കാളിയാർ അച്ഛൻ തന്നെയാണ് കുറ്റവാളി. നമ്മൾ സാങ്കേതികമായി മാറ്റി കൊടുത്തതാണ്. വലിയ മുതൽമുടക്കുള്ള പടമാണ്. അവിടെ പോയിട്ട് നമ്മൾ ഇൻവെസ്റ്റിഗേഷൻ സിനിമ എന്നൊക്കെ പറഞ്ഞിട്ട്, നമുക്ക് കേസ് കളിക്കാൻ പറ്റില്ല. അങ്ങനെ ഫൈറ്റ് ചെയ്യാൻ നിന്നാൽ സിനിമ ഇറങ്ങില്ല,’ എ.കെ. സാജൻ പറഞ്ഞു.

Content Highlight: A.k sajan On the challenges faced during the release of the film Crime File

We use cookies to give you the best possible experience. Learn more