| Saturday, 4th November 2023, 12:40 pm

രാജു വന്ന് കാല് തൊട്ടു വന്ദിക്കുമെന്ന് കരുതി, പക്ഷെ ഞങ്ങളെ 15 മിനിറ്റ് അവിടെ ഇരുത്തി: എ.കെ.സാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് എ.കെ.സാജൻ. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സാജൻ ഒരുക്കിയ ചിത്രമായിരുന്നു സ്റ്റോപ്പ്‌  വയലൻസ്.

പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച ചിത്രമായിരുന്നു അത്. എന്നാൽ ഒരു തുടക്കക്കാരന്റെ യാതൊരുവിധ പതർച്ചയും പൃഥ്വിരാജിന് ഇല്ലായിരുന്നു എന്നാണ് സാജൻ പറയുന്നത്. സിനിമയുടെ കഥ പറയാൻ ആദ്യമായി പൃഥ്വിരാജിനടുത്ത് പോയപ്പോഴുള്ള അനുഭവം പറയുകയാണ് സാജൻ.

‘അയാളെ കണ്ടപ്പോൾ തന്നെ ഞാൻ ശ്രദ്ധിച്ചത് ആ കണ്ണുകൾ ആയിരുന്നു. അയാളുടെ കണ്ണിൽ ഭയങ്കര തീയുണ്ടായിരുന്നു,’സാജൻ പറയുന്നു.
കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വയലൻസ് ഒരു പരീക്ഷണ ചിത്രമായിരിക്കണം എന്ന വാശി ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അന്ന് താരങ്ങളായിട്ട് നിൽക്കുന്ന സൂപ്പർസ്റ്റാറുകളെ വെച്ച് ആ സിനിമ പരീക്ഷിക്കാൻ കഴിയില്ല. അത് പ്രേക്ഷകരും അംഗീകരിക്കില്ല. അതൊരു ചെറിയ സിനിമയാണ്. ചെറിയ സിനിമ എന്ന രീതിയിൽ തന്നെയായിരുന്നു അത് മാർക്കറ്റും ചെയ്തത്.

ആ സിനിമ പുതിയൊരാളെ വെച്ച് മാത്രമേ ഞങ്ങൾക്ക് നടക്കുകയുള്ളൂ. കാരണം അതൊരു റിയൽ ലൊക്കേഷനിൽ വച്ച് എടുക്കേണ്ട സിനിമയാണ്. ഒരു സൂപ്പർസ്റ്റാറിനെ വെച്ച് അങ്ങനെയൊരു ലൊക്കേഷനിൽ ഷൂട്ട് ചെയ്യുക എന്നത് ഏറെ പ്രയാസകരമാണ്. ആരെ നായകനാക്കും എന്ന് അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ്, രഞ്ജിത്ത് പറവൂരിൽ വച്ച് സുകുവേട്ടന്റെ മകനെ വച്ചൊരു സിനിമ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞത്.

രഞ്ജിത്ത് എന്നോട് നീ വന്ന് കണ്ടു നോക്ക്, ഈ ചിത്രത്തിൽ അവൻ ഒരു ചോക്ലേറ്റ് ഹീറോ ആയിട്ടാണ് അഭിനയിക്കുന്നത്. ഇതൊരു പ്രണയ സിനിമയാണെന്ന് പറഞ്ഞു. നിന്റെ സിനിമയ്ക്ക് പറ്റുമോ എന്നെനിക്കറിയില്ലായെന്നും പറഞ്ഞു. അങ്ങനെ ഞാൻ പൃഥ്വിരാജിനെ കാണാൻ ചെന്നു.

അയാളെ കണ്ടപ്പോൾ തന്നെ ഞാൻ ശ്രദ്ധിച്ചത് ആ കണ്ണുകൾ ആയിരുന്നു. അയാളുടെ കണ്ണിൽ ഭയങ്കര തീയുണ്ടായിരുന്നു. അയാൾ അന്ന് തന്നെ ഒരു സ്റ്റാർ കിഡ് ആയിരുന്നു. ആദ്യമായി കഥ പറയാൻ പോകുമ്പോൾ ഞാൻ കരുതിയത് അയാൾ എന്റെ അടുത്തേക്ക് ഓടി വന്ന് കാല് തൊട്ട് വന്ദിക്കുമെന്നാണ്. കാരണം ഒരു തുടക്കക്കാരന് അടുത്ത പടം കിട്ടാൻ പോവുകയല്ലേ. പക്ഷെ അയാൾ എന്നെ 15 മിനിറ്റ് അവിടെ ഇരുത്തിയിട്ട് മുകളിൽ ഷൂട്ടിനായി പോയി. അതു കണ്ടപ്പോൾ പ്രൊഡ്യൂസർ എന്നോട് പറഞ്ഞു, ഇവന് നല്ല അഹങ്കാരമുണ്ടല്ലോ ആരാണിവനെന്ന്.

എന്നാൽ ഞാൻ പറഞ്ഞു, അത് അങ്ങനെയല്ല. ഒരുപക്ഷെ അതവന്റെ കോൺഫിഡൻസ് ആയിരിക്കും. നമ്മൾ കാണാൻ വരുന്നു എന്നറിഞ്ഞാൽ വേണമെങ്കിൽ അവന് കാത്തുനിൽക്കാം. പക്ഷെ അവൻ ഷൂട്ടെല്ലാം കഴിഞ്ഞാണ് ഞങ്ങളുടെ അടുത്തേക്ക് വന്നത്.

ഇന്നത്തെ രാജു വന്ന് ഇരിക്കുന്ന പോലെ തന്നെയാണ് അന്നും രാജു ഞങ്ങളുടെ മുന്നിൽ വന്ന് ഇരുന്നത്. അയാൾ, കഥ പറയു കേൾക്കട്ടെ എന്ന മട്ടിലാണ് ഇരുന്നത്. അപ്പോൾ തന്നെ ഒരു സ്റ്റാർ ആയി രാജു മാറിയിട്ടുണ്ട്.

കഥ കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ അയാൾ കഥാപാത്രം ഉൾക്കൊണ്ടിട്ടുണ്ട്. ഓരോ സീൻ കേൾക്കുമ്പോഴും രാജുവിന്റെ കണ്ണ് തിളങ്ങുന്നുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കുമ്പോഴും ഒരു സൂപ്പർസ്റ്റാറിന്റെ സമീപനമായിരുന്നു രാജുവിന് ഉണ്ടായിരുന്നത്,’സാജൻ പറയുന്നു.

Content Highlight: A.K. Sajan Talk About Prithviraj

We use cookies to give you the best possible experience. Learn more