| Saturday, 21st October 2023, 9:32 am

മോഹൻലാൽ വിരൂപനായി അഭിനയിക്കണം, കഥ കേട്ടപ്പോൾ അദ്ദേഹം ആകെ അസ്വസ്ഥനായി: എ.കെ.സാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ നായകനായെത്തി വലിയ വിജയമായ ചിത്രമായിരുന്നു രാജീവ് അഞ്ചൽ ഒരുക്കിയ ബട്ടർഫ്ലൈസ്. സിനിമ ഇറങ്ങി മുപ്പത് വർഷങ്ങൾ പിന്നിടുമ്പോൾ ബട്ടർ ഫ്ലൈസ് ചിത്രം ഉണ്ടായതിന് പിന്നിലെ കഥ പറയുകയാണ് തിരക്കഥാകൃത്ത് എ. കെ സാജൻ.
മറ്റൊരു ചിത്രത്തിന്റെ കഥയാണ് പിന്നീട് ബട്ടർഫ്ലൈസ് ആയി മാറിയതെന്നാണ് സാജൻ പറയുന്നത്. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു എ.കെ സാജൻ.

‘എന്റെ കൈയിൽ ഏതെങ്കിലും കഥയുണ്ടോ എന്ന് ചോദിച്ച് ഒരു ദിവസം സുരേഷ് കുമാർ എന്നെ വിളിച്ചു. ലാൽ സാറിനെ നായകനാക്കി കാർ റേസ് ആസ്‌പദമാക്കി ‘ ഓസ്ട്രേലിയ’ എന്ന പേരിൽ ഒരു ചിത്രം തുടങ്ങുകയും സ്ക്രിപ്റ്റിലെ ചില പ്രശ്നങ്ങൾ കാരണം ആ സിനിമ മുടങ്ങുകയും ചെയ്ത സമയമായിരുന്നു അത്. സുരേഷ് പറഞ്ഞു രണ്ടുമാസം കഴിഞ്ഞാൽ ലാൽസാറിന്റെ ഡേറ്റുണ്ട് നമുക്ക് ഷൂട്ട്‌ തുടങ്ങണമെന്ന്. രാജീവ്‌ അഞ്ചൽ ആയിരുന്നു സംവിധായകൻ. സ്ക്രിപ്റ്റ് ഒന്ന് തിരുത്തിയാൽ മാത്രം മതിയായിരുന്നു. രാജീവും എന്നെ വിളിച്ചു

എന്നെ സംബന്ധിച്ച് അടുത്തത് ലാൽ സാറിന്റെ കൂടെയുള്ള പടം ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ കൂടുതലൊന്നും ആലോചിച്ചില്ല. വേഗം തന്നെ തിരുവനന്തപുരത്തേക്ക് പോയി. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ചില പ്രശ്നങ്ങൾ എനിക്ക് തോന്നിയിരുന്നു. ഞാനും രാജീവും എന്റെ അസിസ്റ്റന്റ് മധുപാലും ചേർന്ന് പുതിയ സ്ക്രിപ്റ്റ് എഴുതാൻ ആരംഭിച്ചു. ഒരു വിധത്തിൽ തിരക്കഥ പൂർത്തിയാക്കി ചെന്നൈയിലുള്ള ലാൽ സാറിന്റെ വീട്ടിലേക്ക് കഥ പറയാനായി ചെന്നു.

പക്ഷേ എഴുതി കഴിഞ്ഞപ്പോഴാണ് മനസ്സിലായത്, ഈ തിരക്കഥയിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന്. കഥയായിരുന്നു പ്രധാന പ്രശ്നം. കാർ റേസർ ആയ വളരെ സുന്ദരനായ നായകൻ ഒരു പെൺകുട്ടിയെ പ്രണയിക്കുന്നു. ഇടയ്ക്ക് ഒരു അപകടം സംഭവിക്കുകയും നായകന്റെ മുഖം പകുതിയും പൊള്ളി വിരൂപനായി മാറുകയും ചെയുന്നു. സിനിമയുടെ രണ്ടാം പകുതിയിൽ മൊത്തം മോഹൻലാൽ വിരൂപനായി അഭിനയിക്കണം. ഇങ്ങനെയൊക്കെയായിരുന്നു ആ തിരക്കഥ ഉണ്ടായിരുന്നത്. കഥ ഭയങ്കര പ്രശ്നമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷേ ഞങ്ങൾക്കൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. കാരണം അത് ഒരുവട്ടം തുടങ്ങിയ സിനിമയാണ്. അതുകൊണ്ടുതന്നെ കഥ തിരുത്താൻ ഞങ്ങൾക്ക് അവകാശമില്ല.

ഞങ്ങൾ എങ്ങനെയൊക്കെയോ എഴുതി ഒപ്പിച്ചെങ്കിലും തിരക്കഥ ലാൽ സാറിന് വായിച്ചു കൊടുക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖഭാവത്തിലെ മാറ്റങ്ങൾ നല്ല രീതിയിൽ ഞങ്ങൾക്ക് പ്രകടമായി. അപകടം കഴിഞ്ഞതിനു ശേഷമുള്ള കഥയുടെ രണ്ടാം പകുതി വായിച്ചു തുടങ്ങുമ്പോഴേക്കും അദ്ദേഹം ആകെ അസ്വസ്ഥനായിട്ടുണ്ടായിരുന്നു. കാരണം നായകൻ പിന്നീട് മൊത്തം വിരൂപനായി അഭിനയിക്കണം. കഥ മൊത്തത്തിൽ ലാൽ സാറിന് ഒട്ടും കമ്മ്യൂണിക്കേറ്റ് ആയില്ല.

ലാൽ സാർ ഒന്നും മുഖത്ത് കാണിക്കില്ലല്ലോ. ഇഷ്ടമില്ലെങ്കിലും മുഴുവൻ കേട്ടിട്ടേ എന്തെങ്കിലും പറയുകയുള്ളൂ. കഥ മുഴുവൻ കേട്ട് കഴിഞ്ഞ ശേഷം ലാൽ സാർ ഞങ്ങളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. പിന്നെ സുരേഷിനെ അടുത്തേക്ക് വിളിച്ച് അവർ രണ്ടു പേരും കൂടെ റൂമിന്റെ പുറത്തേക്ക് പോയി. അപ്പോൾ തന്നെ ഞങ്ങൾക്ക് കാര്യം മനസിലായി. കുറച്ച് കഴിഞ്ഞ് സുരേഷ് വന്ന് ഞങ്ങളോട് പറഞ്ഞു, എന്ത് ചെയ്യും? ഈ കഥ ഓക്കേ അല്ലല്ലോയെന്ന്. ഞങ്ങൾക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. വിധിയുണ്ടെങ്കിൽ സിനിമ നമ്മളെ തേടി വരുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

പെട്ടെന്നു ഞാൻ സുരേഷിനോട്‌ പറഞ്ഞു എന്റ കൈയിൽ ഒരു കഥയുണ്ട് ഞാൻ അതൊന്ന് പറഞ്ഞോട്ടെയെന്ന്. തന്റെ കൈയിൽ കഥയുണ്ടോ എന്ന് സുരേഷ് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു എനിക്കൊരു 10 മിനിറ്റു തന്നാൽ മതി ഞാൻ പെട്ടെന്ന് ഒരു കഥ പറയാം. സുരേഷ് വീണ്ടും ഉള്ളിൽ ചെന്ന് ലാൽ സാറിനെ വിളിച്ചു വന്നു. അദ്ദേഹം വീണ്ടും കഥ കേൾക്കാൻ വന്നു. അതെല്ലാം ലാൽ സാറിന്റെ മഹത്വമാണ്. ലാൽ സാർ ചോദിച്ചു എന്താ സാജാ വേറെ കഥയുണ്ടോ ? എന്നാൽ പറയണ്ടേയെന്ന് . എന്റെ മനസിൽ പണ്ടെപ്പോഴോ തോന്നിയ കഥയുണ്ടായിരുന്നു. ആളുമാറി തട്ടി കൊണ്ട് പോവുന്ന ഭീഷ്മയുടെ ജീവിതവുമായി അതിനൊരു സാമ്യം ഉണ്ടായിരുന്നു.

ആ ഒരു ആശയത്തെ പുതിയ കാലഘട്ടത്തിലേക്ക് എങ്ങനെ കൊണ്ടുവരാം എന്നായിരുന്നു ഞാൻ ആലോചിച്ചത്. ഒന്നും നോക്കാതെ ഞാൻ കഥ പറഞ്ഞു തുടങ്ങി. പറഞ്ഞു വന്നപ്പോൾ ഞാൻ പോലുമറിയാതെ അത് വളരെ മികച്ചൊരു കഥയായി മാറി. കഥ കേട്ട ലാൽ സാർ പറഞ്ഞു, ഇങ്ങനെയുള്ള കഥയാണ് വേണ്ടത്. ഇത് പൂർത്തിയാകാൻ നിങ്ങൾക്ക് എത്ര ടൈം വേണം. എത്രയും പെട്ടെന്ന് ഇതൊരു വൺ ലൈൻ ആക്കാൻ ലാൽ സാർ പറഞ്ഞു. അത് ഓക്കേ ആണെങ്കിൽ നമ്മൾ ഇത് ചെയ്യുമെന്ന് അദ്ദേഹം വാക്ക് തന്നു. അങ്ങനെയാണ് ബട്ടർഫ്‌ളൈസ് എന്ന ചിത്രം ഉണ്ടാവുന്നത്.

Content Highlight: A.K Sajan Talk About Mohanlal’s Butterflies Movie

We use cookies to give you the best possible experience. Learn more