| Wednesday, 25th October 2023, 9:36 pm

അമൽ നീരദാണ് ക്യാമറയെന്ന് പറഞ്ഞപ്പോൾ ആ നടൻ അവനെ വേണ്ടെന്ന് പറഞ്ഞു : എ.കെ. സാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് എ.കെ. സാജൻ. സാജന്റെ സംവിധാനത്തിൽ ജോജു ജോർജ് നായകനാവുന്ന ‘പുലിമട’ യെന്ന ചിത്രം പുറത്തിറങ്ങാനിരിക്കെ സംവിധായകൻ അമൽ നീരദുമൊത്ത് ചെയ്യാനിരുന്ന തന്റെ മുടങ്ങിപ്പോയ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘അമൽ അന്നൊരുപാട് കഷ്ടപ്പെട്ടിരുന്നു. പക്ഷെ അവസാനം നിർമാതാക്കളുടെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അത് മുടങ്ങിപ്പോകുകയായിരുന്നു,’ സാജൻ പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു സാജൻ.

‘അമൽ നീരദ് കൽക്കട്ട ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വന്നതിനുശേഷം ഓമനക്കുട്ടൻ സാറാണ് എന്നോട് പറയുന്നത് എന്റെ മകനുണ്ട് അവന് സിനിമയിൽ നല്ല താത്പര്യം ഉണ്ടെന്നൊക്കെ. അമലിന് അന്ന് സിനിമയിൽ അത്ര പരിചയമൊന്നുമില്ല. അമൽ ഒരു നാണം കുണുങ്ങിയായിരുന്നു. അവൻ എല്ലാ ദിവസവും രാവിലെ എന്റെ വീട്ടിൽ വരും. ഒരുപാട് നേരം സിനിമകൾ ചർച്ച ചെയ്യും.
ഞാൻ അമലിനെയും കൊണ്ട് പല ഷൂട്ടിങ്‌ സെറ്റുകളിൽ ചെല്ലുമ്പോഴും എന്നോട് പലരും ചോദിക്കാറുണ്ട് ഇതാരാണെന്ന്. ഞാൻ ഒരിക്കൽ ഒരു വലിയ നടനോട് എന്റെ അടുത്ത സിനിമയിൽ ക്യാമറ ചെയ്യുന്നത് അമലാണ് എന്ന് പറഞ്ഞപ്പോൾ ആ നടൻ എന്നോട് ചോദിച്ചു ആരാണ് അമൽ എന്ന്. അമൽ നീരദ് എന്ന് പറഞ്ഞപ്പോൾ ആ നടൻ പറഞ്ഞു, അതൊന്നും വേണ്ട ചേട്ടാ നമുക്ക് നല്ല ഗംഭീര പടം ചെയ്യണമെന്ന്. ഞാൻ ചെയ്യില്ല എന്ന് തന്നെ പറഞ്ഞു.

ഞാൻ ഒരിക്കൽ രാജസേനന്റെ ഒരു സെറ്റിൽ സുരേഷ് ഗോപിയെ കാണാൻ ചെന്നിരുന്നു. സുരേഷിനോട് അമലിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. പക്ഷെ ഓരോ കാരണങ്ങൾ കൊണ്ട് അതും നടന്നില്ല. അങ്ങനെ ഒടുവിലാണ് തേനീച്ച എന്നൊരു സിനിമയിലേക്ക് ഞങ്ങൾ എത്തുന്നത്.

ബിജുമേനോനെയും ശ്വേതാ മേനോനെയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങളായി വിചാരിച്ചിരുന്നത്. അതിന്റെ കോസ്റ്റ്യൂം അടക്കം നോക്കിവെച്ചതായിരുന്നു. ഒരുപാട് ലൊക്കേഷൻസും കണ്ടെത്തി. എല്ലാ പരിപാടികളും കഴിഞ്ഞിരുന്നു. ശ്വേത മേനോനെ മുംബൈയിൽ ചെന്ന് കണ്ടു. നിലമ്പൂർ ഉള്ള ഒരാളായിരുന്നു ആ ചിത്രത്തിന്റെ നിർമാതാവ്. അയാൾ ഈയിടെ മരണപെട്ടു.

അമലായിരുന്നു കണ്ണൂർ തളിപ്പറമ്പ് ഭാഗത്തെല്ലാം സിനിമയ്ക്കാവശ്യമായ ലൊക്കേഷൻസ് കണ്ടെത്തിയത്. പാവം അന്നൊരുപാട് കഷ്ടപ്പെട്ടിരുന്നു. പക്ഷെ അവസാനം നിർമാതാക്കളുടെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അത് മുടങ്ങിപ്പോകുകയായിരുന്നു.

പക്ഷെ അപ്പോഴേക്കും അമൽ ജെയിംസ് എന്നൊരാളോടൊപ്പം മുംബൈക്ക് പോയി. ഞാൻ അമലിനോട് പറഞ്ഞിരുന്നു, ഇത്‌ മലയാള സിനിമയാണ് ചിലപ്പോൾ ഒന്നും നടക്കില്ല, മറ്റേത് ഹിന്ദിയാണ് ചിലപ്പോൾ എവിടെയെങ്കിലും എത്തിപ്പോവുമെന്ന്.
പക്ഷെ അവിടുന്ന് തിരിച്ചു വന്നതിന് ശേഷം അമൽ വലിയ സംവിധായകനായി ഉയർന്നുവന്നു. ഒരുപക്ഷെ എനിക്കൊരു നഷ്ടമായിരുന്നു അവൻ. നമുക്കൊരു പാഷൻ ഉണ്ടെങ്കിൽ തീർച്ചയായും സിനിമയിൽ വന്നിരിക്കും,’സാജൻ പറയുന്നു.

Content Highlight: A.K. Sajan Talk About A Dropped Movie With Amal Neerad

Latest Stories

We use cookies to give you the best possible experience. Learn more