1999ൽ മധു സംവിധാനം ചെയ്ത ചിത്രമാണ് ക്രൈം ഫയൽ. അഭയ കൊലക്കേസിനെ ആസ്പദമാക്കിയ ചിത്രത്തിന് അന്ന് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. അന്ന് ഷൂട്ട് ചെയ്യാൻ വേണ്ടി പല പള്ളികളും വിട്ടു തന്നിട്ടില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്തായ എ.കെ. സാജൻ. ഷൂട്ട് ചെയ്യാൻ വേണ്ടിയിട്ട് പെർമിഷൻ ചോദിക്കാൻ പള്ളിയിലേക്ക് പോയപ്പോൾ അഭയ കൊലക്കേസ് ആണെങ്കിൽ പള്ളികൾ തരില്ല എന്നായിരുന്നു സഭയുടെ നിലപാടെന്ന് എ.കെ സാജൻ പറയുന്നുണ്ട്. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് എ.കെ. സാജൻ ഇത് പറയുന്നത്.
‘സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്ക് എഴുതാനുള്ള ഒരു പ്രചോദനം ഉണ്ടാകുമല്ലോ. അഭയയുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ നമുക്ക് ഭയങ്കരമായിട്ട് ഫീൽ ചെയ്തിരുന്നു. എഴുത്തുകാരന്റെ കണ്ണിലൂടെ കാണുമ്പോൾ അതിൽ ഒരു കണ്ടെന്റ് ഉണ്ടെന്ന് നമുക്ക് മനസ്സിലാകും. നടക്കാൻ പാടില്ലാത്തത് നടക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ഒരു രോഷം ഉണ്ടല്ലോ? ഒരു കന്യാസ്ത്രീ ഏറ്റവും സുരക്ഷിതമായ ഒരിടത്ത് കൊല്ലപ്പെടുക എന്ന് പറയുന്നത്.
അതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടങ്ങി. പൊലീസ് അന്വേഷിക്കുന്ന പോലെയല്ല, നമ്മളുടെ പത്ര സുഹൃത്തുക്കളോടും മറ്റവരോടൊക്കെ അന്വേഷിച്ചു. അങ്ങനെ എഴുത്തു തുടങ്ങി. ഷൂട്ട് തുടങ്ങാൻ പോകുമ്പോഴാണ് നമുക്ക് ചില പ്രശ്നങ്ങൾ തുടങ്ങിയത്. ക്രിസ്തീയ പശ്ചാത്തലമായതുകൊണ്ട് പള്ളികൾ നമുക്ക് അത്യാവശ്യമായിരുന്നു. പള്ളിയുടെ പെർമിഷൻ ചോദിക്കാൻ വേണ്ടിയിട്ട് ഞാനും നന്ദു പൊതുവാളും ആർട്ട് ഡയറക്ടറും പോയി.
കഥയുടെ ഒരു ചെറിയ രൂപം വികാരിമാരോടൊക്കെ പറയണം. നാലഞ്ച് പള്ളികളിലേക്ക് ചെന്നപ്പോൾ ഒരിക്കലും തരില്ലെന്ന് പറഞ്ഞു. പിന്നെ അതിന്റെ കാരണങ്ങൾ ചോദിച്ചപ്പോൾ അവർ പറഞ്ഞു ഇത് അഭയ കൊലക്കേസ് ആണെങ്കിൽ തരില്ല എന്നായിരുന്നു. അപ്പോഴാണ് ഇതിൻറെ ഗൗരവം പതുക്കെ പതുക്കെ മനസിലായി തുടങ്ങുന്നത്. അതിന്റെ പ്രൊഡ്യൂസർ ആലുവയിലുള്ള ഒരാളായിരുന്നു. അദ്ദേഹത്തിനും ഫോൺ കോളുകൾ വന്നു തുടങ്ങി.
അദ്ദേഹത്തിന് ഫൈനാൻസ് ചെയ്യുന്നവരൊക്കെ ഇതാണ് സിനിമയെങ്കിൽ പിന്മാറുമെന്ന് പറഞ്ഞു. നമ്മൾ പതുക്കെ ഷൂട്ട് തുടങ്ങി. എറണാകുളത്തെ പ്രശസ്തമായ ഒരു പള്ളിയിൽ ഷൂട്ട് പകുതി ആയപ്പോൾ നിർത്തി പോകേണ്ടിവന്നു. അവർ സമ്മതിച്ചില്ല. ഫൈനാൻസിന്റെ പ്രശ്നം വന്നപ്പോൾ അവിടെയും പ്രശ്നം വരുന്നു. പലയിടത്തുനിന്നും പ്രൊഡ്യൂസറിന് കോൾ വരുന്നു. പക്ഷേ അദ്ദേഹം ശക്തമായിട്ട് കൂടെ നിൽക്കുന്നുണ്ട്. അദ്ദേഹത്തിന് പറ്റാത്ത രൂപത്തിലേക്ക് കാര്യങ്ങൾ പോകുന്നു. അപ്പോൾ എന്നോട് പറഞ്ഞു ഇത് നിർത്തി വയ്ക്കേണ്ടി വരുമോ എന്ന്. അപ്പോഴാണ് ഇതിൻറെ ഗൗരവം അവർക്കൊക്കെ ബോധ്യപ്പെടുന്നത്. വെളിച്ചം കാണുമോ എന്ന ഭീഷണികൾ ഒക്കെ വരുന്നുണ്ട്.
വെളിച്ചം കാണില്ല ഒരിക്കലും റിലീസ് ചെയ്യാൻ സമ്മതിക്കില്ല എന്ന് ഭീഷണികൾ ഒക്കെ വരുന്നുണ്ട്. ഒരു ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ഇതു മുന്നോട്ടു പോയാൽ പ്രശ്നങ്ങളുണ്ടാകുമെന്ന് മനസ്സിലായി. എല്ലാ ഭാഗത്തുനിന്നും നമ്മൾ ചോദിച്ചപ്പോൾ സിനിമയാണ് ഒരുപാട് കോടികൾ ചെലവാക്കുന്ന ഒരു സിനിമ നമ്മളെ ഒരു വ്യക്തിപരമായ കാര്യത്തിന് വേണ്ടി ഉപയോഗിക്കുമ്പോൾ പ്രശ്നമാണ്. അങ്ങനെ ഇന്റർവെൽ മുതൽ കഥയിൽ മാറ്റാനുള്ള പണി തുടങ്ങി,’ എ.കെ സാജൻ പറഞ്ഞു.
Content Highloight: A.K Sajan about crime file movie location hunt